
1999 ൽ പുറത്തിറങ്ങിയ ഡേവിഡ് ലിഞ്ചിന്റെ ‘ദ സ്ട്രൈറ്റ് സ്റ്റോറി’ (The Straight Story) എന്ന ചലച്ചിത്രം നൽകുന്ന മാനുഷിക മൂല്യങ്ങളും ജീവിതപാഠങ്ങളും അതിശയകരമാണ്. ആൽവിൻ സ്ട്രൈറ്റ് എന്ന 73 കാരനായ വൃദ്ധന്റെ യഥാർഥ ജീവിതയാത്രയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം, വാർധക്യത്തിന്റെ പരിമിതികളെയും വ്യക്തിപരമായ മുൻവിധികളെയും സ്നേഹം കൊണ്ടും ഇച്ഛാശക്തി കൊണ്ടും എങ്ങനെ മറികടക്കാമെന്ന് നമ്മെ പഠിപ്പിക്കുന്നു. നിരാശയുടെയും ശാരീരിക ബുദ്ധിമുട്ടുകളുടെയും നടുവിൽ ആരംഭിക്കുന്ന ഈ കഥ, ഒടുവിൽ ഹൃദയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ വിശുദ്ധിയിലാണ് അവസാനിക്കുന്നത്.
ശാരീരികമായി നിരവധി അവശതകൾ അനുഭവിക്കുന്ന ആളാണ് ആൽവിൻ സ്ട്രൈറ്റ്. നടുവേദനയും കാഴ്ചക്കുറവും കാരണം ഊന്നുവടിയുടെ സഹായത്തോടെയാണ് അദ്ദേഹം നടക്കുന്നത്. മകളോടൊപ്പം ജീവിക്കുന്ന അദ്ദേഹത്തെ തേടി ഒരു ദിവസം ഒരു ഫോൺ കോൾ എത്തുന്നു. കടുത്ത പിണക്കത്തിലായിരുന്ന, 240 മൈൽ ദൂരെ താമസിക്കുന്ന സഹോദരന് സ്ട്രോക്ക് വന്നിരിക്കുന്നു എന്ന വാർത്തയാണ് അദ്ദേഹത്തെ തേടിയെത്തിയത്. കഴിഞ്ഞ പത്തു വർഷമായി അവർ തമ്മിൽ സംസാരിച്ചിട്ടുപോലുമില്ല. എന്നാൽ, സഹോദരന് അസുഖമാണെന്നറിഞ്ഞ ആൽവിൻ, എത്രയും പെട്ടെന്ന് അദ്ദേഹത്തെ കാണാൻ പോകാൻ തീരുമാനിക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസോ, മറ്റ് വാഹനമോ ഇല്ലായിരുന്നിട്ടും, തന്റെ കൈവശമുള്ള ഒരു ചെറിയ പുല്ലുവെട്ട് വണ്ടിയിൽ (Lawn Mower) ഈ ദൂരം മുഴുവൻ സഞ്ചരിക്കാൻ അദ്ദേഹം നിശ്ചയിച്ചു. ബന്ധുക്കളും നാട്ടുകാരും എത്രയൊക്കെ നിരുത്സാഹപ്പെടുത്തിയിട്ടും അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.
യാത്രയ്ക്കിടയിൽ രസകരവും ചിന്തോദ്ദീപകവുമായ നിരവധി സംഭവങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നുണ്ട്. വഴിമധ്യേ ആൽവിൻ കാണുന്ന ഓരോ മനുഷ്യനും ഓരോ കഥയാണ് പറയുന്നത്. വീടുവിട്ടിറങ്ങി വന്ന ഒരു പെൺകുട്ടിയുമായി സംസാരിക്കുമ്പോള്‍, സ്വന്തം കുടുംബജീവിതത്തിന്റെ അനുഭവത്തിലൂടെ അദ്ദേഹം അവൾക്ക് നൽകുന്ന ഉപദേശം ഹൃദ്യമാണ്. വിറകുകമ്പുകൾ ഒറ്റയ്‌ക്കൊറ്റയ്ക്ക് ഒടിക്കാൻ എളുപ്പമാണെങ്കിലും, അവയെല്ലാം ഒരുമിച്ചു കെട്ടിവച്ചാല്‍ ഒടിക്കാൻ കഴിയാത്തതുപോലെയാണ് കുടുംബവും ബന്ധങ്ങളുമെന്ന് അദ്ദേഹം അവൾക്ക് പറഞ്ഞുകൊടുക്കുന്നു. ആ ഉപദേശം ആ പെൺകുട്ടിയുടെ ചിന്താഗതിയെ മാറ്റുകയും അവൾ സ്വന്തം ഭവനത്തിലേക്കു തന്നെ മടങ്ങുകയും ചെയ്യുന്നു.
ഒരു രാത്രിയിൽ സൈക്കിൾ യാത്രികരായ ഒട്ടനവധി ചെറുപ്പക്കാര്‍ക്കൊപ്പമായിരുന്നു അദ്ദേഹം. അവരുടെ കൂടെ ക്യാമ്പ് ഫയറിന്റെ അരികിലിരുന്ന് സംസാരിക്കവെ, വാർധക്യത്തിന്റെ സുഖദുഃഖങ്ങളെക്കുറിച്ച് അദ്ദേഹം പങ്കുവയ്ക്കുന്ന അനുഭവങ്ങൾ വളരെ അർഥവത്താണ്. യൗവനകാലം ഓർമ്മകളിൽ തങ്ങിനിൽക്കുമ്പോൾ തന്നെ, നെല്ലും പതിരും തിരിച്ചറിയാനുള്ള പക്വത വാർധക്യമാണ് സമ്മാനിക്കുന്നതെന്ന് അദ്ദേഹം ആ യുവാക്കളെ ഓർമ്മിപ്പിക്കുന്നു.
മറ്റൊരു ദിവസം വഴിയില്‍ വച്ച് ഒരു സ്ത്രീയെ കാണുന്നു. താന്‍ അശ്രദ്ധമായി വണ്ടിയിടിച്ചതിന്റെ ഫലമായി ജീവന്‍ നഷ്ടപ്പെട്ട ഒരു മാനിന്റെ സമീപത്തായിരുന്നു അവള്‍. അവളുടെ വണ്ടിയുടെ മുൻഭാഗം ആഘാതത്തിൽ തകർന്നിരുന്നു. ആ സംഭവത്തിന്റെ മാനസികവിഷമത്തിലും സങ്കടത്തിലും നിൽക്കുന്ന ആ സ്ത്രീയെ ആൽവിൻ ആശ്വസിപ്പിക്കുകയും അവളോട് സൗഹൃദത്തോടെ സംസാരിച്ച് ആ അവസ്ഥയെ നേരിടാൻ ധൈര്യം പകരുകയും ചെയ്യുന്നുണ്ട്.
യാത്ര വീണ്ടും തുടരുമ്പോള്‍ വലിയൊരു ഇറക്കത്തിൽ വച്ച് അദ്ദേഹത്തിന്റെ ചെറിയ ട്രാക്ടർ വണ്ടിയുടെ ബ്രേക്ക് തകരാറിലായി. അതോടെ വണ്ടി നിയന്ത്രിക്കാനാവാതെ വലിയൊരു അപകടത്തിലേക്ക് കൂപ്പുകുത്താൻ പോകുന്ന ഭയപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകുന്നു. എന്നാൽ, അവിടെയുള്ള ദയാലുക്കളായ നാട്ടുകാരുടെ സ്നേഹവും സഹായവും അദ്ദേഹത്തിന് ലഭിക്കുന്നു. അവരുടെ സഹായത്തോടെ വണ്ടി വീണ്ടും നന്നാക്കിയെടുക്കുകയും നാട്ടുകാരുടെ ആതിഥേയത്വം സ്വീകരിച്ച് ആൽവിൻ കുറച്ചു ദിവസങ്ങൾ സന്തോഷത്തോടെ അവിടെ താമസിക്കുകയും ചെയ്യുന്നുണ്ട്.
ഈ വിശ്രമവേളയിൽ മറ്റൊരു ലോകമഹായുദ്ധ സൈനികനുമായി അദ്ദേഹം സൗഹൃദം സ്ഥാപിക്കുന്നു. അദ്ദേഹത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കവെ, തന്റെ പഴയകാല യുദ്ധാനുഭവങ്ങളും അബദ്ധത്തിൽ സഹപ്രവർത്തകനായ പടയാളിയെ വെടിവച്ചു കൊന്നതിന്റെ ആഴമേറിയ കുറ്റബോധവും അദ്ദേഹം ആദ്യമായി തുറന്നുപറയുന്നു. വർഷങ്ങളായി മനസ്സിൽ അടക്കിവച്ച ആ സങ്കടം പങ്കുവയ്ക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാരം കുറയുകയും മനസ്സിന് വലിയൊരു ആശ്വാസം ലഭിക്കുകയും ചെയ്യുകയാണ്. സ്വന്തം തെറ്റുകളെയും വേദനകളെയും ഉള്ളിലൊതുക്കാതെ തുറന്നുപറയാൻ തയ്യാറാകുമ്പോഴാണ് മനസ്സ് നിർമ്മലമാകുന്നതെന്ന വലിയ സത്യം ഇവിടെ വെളിപ്പെടുന്നതായി നമുക്ക് കാണാം.
വഴിമധ്യേ ഒരു പള്ളിയിലെ കത്തോലിക്കാ വൈദികനെ കാണുന്നതും, താനും സഹോദരനും തമ്മിൽ പിണങ്ങാനുണ്ടായ കാരണങ്ങളെക്കുറിച്ച് സംസാരിക്കുന്നതും ചിത്രത്തെ കൂടുതൽ വൈകാരികമാക്കുന്നു. അഹങ്കാരവും അരിശവും അൽപം മദ്യവുമാണ് തങ്ങളെ അകറ്റിയതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
ഒടുവിൽ, ആറാഴ്ചയോളം നീണ്ട ദുർഘടമായ ആ യാത്രയ്ക്കു ശേഷം ആൽവിൻ തന്റെ സഹോദരന്റെ വീടിന്റെ മുറ്റത്ത് എത്തിച്ചേരുന്നു. പരസ്പരം കാണുമ്പോള്‍ അവരുടെ കണ്ണുകൾ നിറയുന്നു. ആകാശത്ത് നിറയെ നക്ഷത്രങ്ങൾ മിന്നുന്ന പശ്ചാത്തലത്തിൽ, കാലങ്ങളായുള്ള അവരുടെ പിണക്കം അവസാനിക്കുകയും സ്നേഹം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. ചുരുക്കത്തിൽ, ‘ദ സ്ട്രൈറ്റ് സ്റ്റോറി’ കേവലം ഒരു ചെറിയ യാത്രയുടെ വിവരണം മാത്രമല്ല, മറിച്ച് മനുഷ്യബന്ധങ്ങളുടെ പവിത്രതയും ക്ഷമയും പരസ്പരസ്നേഹവും ജീവിതത്തിൽ എത്രത്തോളം വിലപ്പെട്ടതാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു സുന്ദരമായ കാവ്യമാണ്.
മനുഷ്യന്റെ ആയുസ്സ് ഹ്രസ്വമാണെന്നും ഈ ചെറിയ ജീവിതത്തിൽ അഹങ്കാരവും മുൻവിധികളും മാറ്റിവച്ച് പരസ്പരം ക്ഷമിക്കാനും സ്നേഹിക്കാനുമാണ് നമ്മൾ തയ്യാറാകേണ്ടതെന്നും ഈ ചിത്രം അടിവരയിടുന്നു. പകയേക്കാളും വലുതാണ് രക്തബന്ധങ്ങളുടെയും ഹൃദയങ്ങളുടെയും അടുപ്പമെന്നും ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ ഇച്ഛാശക്തിയും നന്മ നിറഞ്ഞ മനസ്സും മാത്രം മതിയെന്നും ‘ദ സ്ട്രൈറ്റ് സ്റ്റോറി’ നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തിന്റെ സായാഹ്നത്തിൽ വെറുപ്പുകൾക്കപ്പുറം സ്നേഹത്തിന്റെ വിളക്ക് തെളിയിക്കാൻ യാത്ര തിരിച്ച ആൽവിന്റെ ജീവിതം ഓരോ മനുഷ്യനും സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാനും തിരുത്തലുകൾ വരുത്താനുമുള്ള വലിയൊരു പ്രചോദനമാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS




