
ശത്രുതയും പകയും വാഴുന്ന ഇന്നത്തെ ഈ ലോകത്ത് യൂഡി ഹെർസ്ബെർഗ് എന്ന ഒരു പിതാവ് വ്യത്യസ്തനാവുകയാണ്. സ്വന്തം മകളുടെ ജീവൻ ഒരു അപകടത്തിലൂടെ ഉറ്റ സുഹൃത്ത് കവർന്നപ്പോഴും പ്രതികാരത്തിന് പകരം സുഹൃത്തിനെ ചേർത്തുപിടിച്ച ഒരച്ഛനാണ് യൂഡി ഹെർസ്ബെർഗ്. ഇന്ന് ആയിരക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ വിത്തുപാകുന്ന സംഭവമായി മാറിയിരിക്കുകയാണ് ഈ അച്ഛന്റെ ക്ഷമ.
വിധിയുടെ ക്രൂരമായ പരീക്ഷണം
ജൂൺ 2ന്റെ ആ കറുത്ത ദിനത്തിൽ, ന്യൂയോർക്കിലെ മോൺസിയിലുള്ള വീടിന് സമീപം സൈക്കിൾ ഓടിക്കുകയായിരുന്ന എട്ട് വയസ്സുകാരി ഷാർലറ്റിനെ ഒരു കാർ തട്ടിത്തെറിപ്പിക്കുകയായിരുന്നു. അലമുറയിട്ടുകൊണ്ടുള്ള ഭാര്യയുടെ ഫോൺ വിളി കേട്ട് ഓടിയെത്തിയ യൂഡി കണ്ടത്, രക്ഷാപ്രവർത്തനത്തിനായി എത്തിയ ആംബുലൻസിനടുത്ത് കുറ്റബോധത്താൽ തലതാഴ്ത്തി നിൽക്കുന്ന തന്റെ ആത്മമിത്രത്തെയാണ്. ഏഴ് വർഷത്തോളമായി അടുത്തറിയുന്ന സുഹൃത്താണ് തന്റെ മകളുടെ ജീവനെടുത്ത വാഹനത്തിന്റെ ഡ്രൈവർ എന്ന് തിരിച്ചറിഞ്ഞ ആ നിമിഷം ആ മനുഷ്യന്റെ നെഞ്ച് തകർന്നു.
എന്നാൽ, ആ കനത്ത ആഘാതത്തിനിടയിലും ദൈവത്തിന്റെ ഒരു വലിയ പരീക്ഷണമാണ് ഇതെന്ന് യൂഡി തിരിച്ചറിഞ്ഞു. കോപവും വെറുപ്പും തലപൊക്കേണ്ട സ്ഥാനത്ത്, തളർന്നുപോയ തന്റെ സുഹൃത്തിനെ യൂഡി സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. “ഈ ദുരന്തം നമ്മൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തെ തകർക്കില്ല,” എന്ന അദ്ദേഹത്തിന്റെ വാക്ക് ആ സുഹൃത്തിന് നൽകിയത് ആശ്വാസ വാക്കുകൾക്ക് അപ്പുറമായിരുന്നു.
“എനിക്ക് നിന്നോട് ഒരു പരാതിയുമില്ല…”
ആശുപത്രിയിലെത്തിച്ചിട്ടും കുഞ്ഞ് ഷാർലറ്റിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മകളുടെ മരണവാർത്തയറിഞ്ഞ് തകർന്നുപോയ ഹൃദയവുമായി വീട്ടിലേക്ക് മടങ്ങുമ്പോഴും, യൂഡിയുടെ മനസ്സ് മുഴുവൻ കുറ്റബോധത്താൽ ജീവനോടെ ഉരുകുന്ന തന്റെ സുഹൃത്തിനെക്കുറിച്ചായിരുന്നു. കരഞ്ഞു തളർന്ന്, ദിവസങ്ങളോളം ഉറങ്ങാൻ പോലും കഴിയാതിരുന്ന സുഹൃത്തിനെ വീണ്ടും കെട്ടിപ്പിടിച്ച് അദ്ദേഹം പറഞ്ഞു: “ഇതിൽ നിന്നെ ഞാൻ കുറ്റപ്പെടുത്തില്ല…” പൊലീസും അധികൃതരും പിന്നീട് അതൊരു അബദ്ധത്തിൽ സംഭവിച്ച അപകടമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഷാർലറ്റിന്റെ ഓർമ്മയിൽ പടരുന്ന ‘സമാധാന സന്ദേശം’
മകളുടെ സംസ്കാര ചടങ്ങിൽ യൂഡി നടത്തിയ പ്രസംഗം കേട്ട് നിന്നവരുടെ കണ്ണുനിറച്ചു. “ദൈവം നൽകിയ പരീക്ഷണത്തിൽ പതറിപ്പോകാതെ, വെറുപ്പിന് പകരം ഐക്യവും സമാധാനവും പുനഃസ്ഥാപിക്കാൻ സാധിച്ചാൽ മാത്രമേ തങ്ങൾക്ക് ഈ പരീക്ഷണത്തെ അതിജീവിക്കാൻ സാധിക്കൂ എന്നദ്ദേഹം ഓർമ്മിപ്പിച്ചു”. ആ വാക്കുകൾ പിന്നീട് ഒരു വൻ തരംഗമായി മാറി. മകളുടെ ഓർമ്മയ്ക്കായി അദ്ദേഹം ആരംഭിച്ച shalomforcharlotte.com എന്ന വെബ്‌സൈറ്റ് ഇന്ന് ആയിരങ്ങൾക്ക് പ്രചോദനമാണ്. ഈ സംഭവമറിഞ്ഞ് ഇതുവരെ 2,600-ലധികം ആളുകളാണ് തങ്ങളുടെ വർഷങ്ങളായുള്ള ശത്രുതയും വ്യക്തിവൈരാഗ്യങ്ങളും അവസാനിപ്പിച്ചത്.
“40 വർഷമായി മിണ്ടാതിരുന്ന പഴയ സുഹൃത്തുക്കൾ വീണ്ടും ഒന്നിച്ചു, 30 വർഷമായി മാതാപിതാക്കളോട് അകന്നു കഴിഞ്ഞിരുന്ന മകൾ കുഞ്ഞുമായി അമ്മയുടെ അരികിലേക്ക് മടങ്ങിയെത്തി, വർഷങ്ങളായി സംസാരിക്കാത്ത സഹോദരങ്ങൾ ഫോണിൽ വിളിച്ച് മണിക്കൂറുകളോളം സംസാരിച്ചു…” – വെബ്‌സൈറ്റിൽ ആളുകൾ കുറിച്ച അനുഭവങ്ങൾ ഇങ്ങനെ നീളുന്നു.
അമരസ്മരണയായി ആ ചിരി
37-കാരനായ യൂഡിക്ക് ഇന്ന് അഞ്ച് മക്കളുണ്ട്. ദുരന്തത്തിന്റെ നിഴലുകൾ മാഞ്ഞുപോയിട്ടില്ലെങ്കിലും, അദ്ദേഹം ഇപ്പോഴും തന്റെ ആ സുഹൃത്തിനൊപ്പം ദിവസവും പ്രാർഥനകളും പഠനങ്ങളും തുടരുന്നു.
ക്ഷമിക്കുക എന്നത് ബലഹീനതയല്ല, മറിച്ച് ഏറ്റവും വലിയ ശക്തിയാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ഈ അച്ഛൻ. വ്യക്തിപരമായും സാമൂഹികമായും നാം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം പരസ്പരം സമാധാനത്തിലും സ്നേഹത്തിലും ജീവിക്കാൻ കഴിയാത്തതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സ്വന്തം മകളുടെ വിയോഗത്തിലും ലോകത്തിന് ക്ഷമയുടെയും സ്നേഹത്തിന്റെയും വെളിച്ചം പകർന്നുനൽകുന്ന ആ അച്ഛൻ ഇന്ന് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്.




