സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്; ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും നാലുപേർ മരിച്ചു

കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കോട്ടയം, ഇടുക്കി ജില്ലകളിലായി നാല് പേർ മരിച്ചു. കോട്ടയം പൂഞ്ഞാറിൽ വീട് തകർന്നുണ്ടായ അപകടത്തിൽ അമ്മ റെജീനയും 26കാരനായ മകൻ ജോസ്വിനും ദാരുണമായി മരിച്ചു. പുലർച്ചെയുണ്ടായ പ്രകൃതിദുരന്തത്തിൽ വീടിന് മുകളിലേക്ക് വലിയ തോതിൽ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു.

ഇടുക്കി കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് പ്രഭാകരൻ എന്നയാൾ മരിച്ചു. വലിയ തെരച്ചിലിനൊടുവിലാണ് പ്രഭാകരന്റെ മൃതദേഹം ദുരന്തഭൂമിയിൽ നിന്നും പുറത്തെടുത്തത്. അപകടസമയത്ത് കൂടെയുണ്ടായിരുന്ന ബന്ധു ലീലാമണി പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇടുക്കി അടൂർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ സുമതി എന്ന വീട്ടമ്മയാണ് ജീവൻ പൊലിഞ്ഞത്. വീട് നിലനിന്നിരുന്ന സ്ഥലത്തു നിന്നും 500 അടിയോളം താഴെ നിന്നാണ് ഇവരുടെ മൃതദേഹം തെരച്ചിൽ സംഘം കണ്ടെത്തിയത്. സുമതിയുടെ ഭർത്താവ് രവിയെയും മകൻ രാജേഷിനെയും നാട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.