
കിഴക്കൻ കോംഗോയിൽ വിമതരുമായുള്ള പോരാട്ടത്തിനിടെ മുൻനിരയിൽ നിന്ന് പിന്മാറുകയും ഉത്തരവുകൾ ലംഘിക്കുകയും ചെയ്ത കേസിൽ 66 സൈനികർക്ക് വധശിക്ഷ വിധിച്ച് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. നോർത്ത് കിവു പ്രവിശ്യയിലെ വാലികാലെയിൽ നടന്ന സൈനിക വിചാരണയ്ക്ക് ശേഷമാണ് ഈ കടുത്ത നടപടി.
കിഴക്കൻ കോംഗോയിൽ എം23 വിമതരുൾപ്പെടെയുള്ള സായുധ സംഘങ്ങൾക്കെതിരെ സർക്കാർ നടത്തുന്ന പോരാട്ടത്തിൽ സൈന്യത്തിന്റെ അച്ചടക്കം ഉറപ്പാക്കുന്നതിനാണ് ഈ വിചാരണയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. വിചാരണ നേരിട്ട 71 സൈനികരിൽ 66 പേർക്കും വധശിക്ഷ വിധിച്ചു. നാല് പേരെ വെറുതെവിട്ടപ്പോൾ ഒരാൾക്ക് പത്ത് വർഷം തടവ് ശിക്ഷ നൽകി. ഭീരുത്വം, ലഹള, ഉത്തരവുകൾ പാലിക്കാതിരിക്കൽ, പോരാട്ടത്തിനിടെ സ്ഥാനങ്ങൾ ഉപേക്ഷിച്ചു ഒളിച്ചോടൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
സൈന്യത്തിലെ ‘വഞ്ചകരെ’ ഒഴിവാക്കണമെന്ന ലക്ഷ്യത്തോടെ 2024 മാർച്ചിൽ കോംഗോ സർക്കാർ 20 വർഷത്തെ വധശിക്ഷാ വിലക്ക് പിൻവലിച്ചിരുന്നു. 2025-ന്റെ തുടക്കം മുതൽ 507 സൈനികരാണ് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടത്. ഇതിൽ 381 പേർക്കും വധശിക്ഷയാണ് ലഭിച്ചിട്ടുള്ളത്.




