പ്രതീക്ഷയുടെ യാത്ര 192: ഏകാന്തതയും നിശ്ശബ്ദതയും 

പ്രിയപ്പെട്ടവരുടെ വിയോഗത്തിനു ശേഷം വീടുകളിലും മനസ്സിലും ബാക്കിയാകുന്നത് കനത്ത നിശ്ശബ്ദതയാണ്. സദാസമയവും ബഹളമയമായിരുന്ന ഇടങ്ങൾ പെട്ടെന്ന് ശൂന്യമായി മാറുമ്പോൾ ആ ഏകാന്തത നമ്മെ വല്ലാതെ ഭയപ്പെടുത്താറുണ്ട്. ആ നിശ്ശബ്ദതയിൽ സ്വന്തം ഉള്ളിലേക്കു തിരിഞ്ഞുനോക്കാനും നഷ്ടങ്ങളുടെ ആഴമളക്കാനും മനുഷ്യൻ നിർബന്ധിതനാകുന്നു. എങ്കിലും, ആ ഏകാന്തതയെ ഭയപ്പെടാതെ, അതിന്റെ നിശ്ശബ്ദതയിൽ ആത്മാവിന്റെ ശബ്ദം കേൾക്കാൻ പഠിക്കുമ്പോഴാണ് നമ്മൾ ജീവിതത്തിന്റെ ആഴം അനുഭവിക്കുന്നത്.

അമേരിക്കൻ സാഹിത്യത്തിലെ എക്കാലത്തെയും പ്രശസ്തനായ എഴുത്തുകാരൻ എഡ്ഗർ അലൻ പോയുടെ ‘ദി റേവൻ’ (The Raven) എന്ന കവിതയിൽ ഏകാന്തതയുടെയും നിരാശാജനകമായ നഷ്ടബോധത്തിന്റെയും ഇരുണ്ട നിശ്ശബ്ദതയാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രിയപ്പെട്ട ലെനോറെ എന്ന യുവതിയുടെ വേർപാടിൽ തകർന്നുപോയ നായകൻ, തണുത്തുറഞ്ഞ ഒരു അർധരാത്രിയിൽ തനിയെ തന്റെ പഠനമുറിയിൽ വിരഹവേദനയോടെ ഉറക്കമില്ലാതെ ഇരിക്കുകയാണ്. ബാഹ്യലോകത്തിന്റെ നിശ്ശബ്ദത അയാളുടെ മാനസികഭാരത്തെ ഇരട്ടിപ്പിക്കുമ്പോൾ, ആ മുറിയുടെ വാതിലിൽ ഒരു കാക്ക വന്നു മുട്ടുന്നു. “ഇനിയൊരിക്കലുമില്ല” (Never more) എന്നു മാത്രം തിരിച്ചാവർത്തിക്കുന്ന ആ കാക്ക, നായകന്റെ മനസ്സിലെ മാഞ്ഞുപോകാത്ത ഓർമ്മകളുടെയും ഒരിക്കലും തിരിച്ചുകിട്ടാത്ത പ്രിയപ്പെട്ടവളെക്കുറിച്ചുള്ള തീവ്രമായ വിരഹവേദനയുടെയും പ്രതീകമായി മാറുന്നു. ഏകാന്തതയുടെ നിശ്ശബ്ദതയിൽ വ്യക്തിഗത നഷ്ടങ്ങൾ മനുഷ്യനെ എത്രത്തോളം ശൂന്യതയിലേക്കും നിരാശയിലേക്കും തള്ളിയിടുമെന്ന് പോ ഈ കവിതയിലൂടെ വ്യക്തമാക്കുന്നു.

എന്നാൽ, ഇംഗ്ലീഷ് കവി വില്യം വേഡ്സ്‌വർത്തിന്റെ പ്രശസ്തമായ ‘ഡാഫോഡിൽസ്’ (Daffodils) എന്ന കവിതയിൽ ഏകാന്തതയുടെ തികച്ചും വ്യത്യസ്തവും സാന്ത്വനദായകവുമായ മറ്റൊരു മുഖമാണ് നാം കാണുന്നത്. വീടിന്റെ ശാന്തതയിൽ തനിയെ ഇരിക്കുമ്പോൾ, മുൻപ് കണ്ട ആ മഞ്ഞ ഡാഫോഡിൽ പൂക്കളുടെ ഓർമ്മകൾ മനസ്സിലേക്ക് കടന്നുവരികയും അത് തന്റെ ഏകാന്ത നിമിഷങ്ങളെ സന്തോഷം കൊണ്ട് നിറയ്ക്കുകയും ചെയ്യുന്നുവെന്ന് കവി കുറിക്കുന്നു. ഏകാന്തത എപ്പോഴും ഇരുണ്ടതും ഭയാനകവുമല്ല, മറിച്ച് പ്രകൃതിയുടെ സൗന്ദര്യത്തെയും പ്രിയപ്പെട്ടവരുടെ നല്ല ഓർമ്മകളെയും മനസ്സിൽ ധ്യാനിക്കാനും സ്വന്തം ആത്മാവിനോട് സംസാരിക്കാനുമുള്ള അനുഗ്രഹീതമായ അവസരം കൂടിയാണ്.

ഏകാന്തതയുടെയും നിശ്ശബ്ദതയുടെയും ഈ നിമിഷങ്ങളിൽ ലഭിക്കുന്ന ആത്മീയസമാധാനത്തെക്കുറിച്ച് സങ്കീർത്തകൻ വ്യക്തമാക്കുന്നു:

“കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല; പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്ക് വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു” (സങ്കീ. 23:1-2).

ലോകം മുഴുവൻ നമ്മെ കൈവിട്ടെന്നു തോന്നുന്ന ഏകാന്തതയുടെ കനത്ത നിശ്ശബ്ദതയിൽ നമ്മോടു സംസാരിക്കാൻ ദൈവത്തിന്റെ ജീവസ്സുള്ള സാന്നിധ്യമുണ്ട് എന്നോർമ്മിക്കുക. അവിടുത്തെ സ്നേഹവും കരുതലും തിരിച്ചറിയുന്ന നിമിഷത്തിലാണ് മുറിവേറ്റ ഹൃദയങ്ങൾക്ക് യഥാർഥ ശാന്തതയും സമാധാനവും ലഭിക്കുന്നത്.

പ്രായോഗികം

ഏകാന്തതയുടെ നിമിഷങ്ങളെ ഭയത്തോടെയോ, നിരാശയോടെയോ കാണാതെ ആ നിശ്ശബ്ദതയിൽ ആത്മപരിശോധന നടത്താനും ദൈവത്തോടും പ്രകൃതിയോടും പ്രാർഥനയിലൂടെ ചേർന്നിരിക്കാനും ശ്രമിക്കാം.

ചിന്ത

പുറത്തെ ബഹളങ്ങൾ നിലയ്ക്കുമ്പോഴാണ് ഉള്ളിലെ ശൂന്യതയെ നാം തിരിച്ചറിയുന്നത്. എന്നാൽ, ദൈവസാന്നിധ്യത്തിൽ ആ നിശ്ശബ്ദത യഥാർഥ  ശാന്തതയായി മാറും.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.