ആഗസ്റ്റ് 02: പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്

1811 ഫെബ്രുവരി 4-ന് ഫ്രാന്‍സിലെ ലാമുറ എന്ന സ്ഥലത്താണ് പീറ്റര്‍ ജൂലിയന്‍ എയമാര്‍ഡ് ജനിച്ചത്. ഭക്തരായിരുന്ന മാതാപിതാക്കള്‍ ബാല്യത്തില്‍ അദ്ദേഹത്തിന്  പകര്‍ന്നുകൊടുത്ത വിശ്വാസത്തിന്റെ പ്രകാശനമായിരുന്നു വിശുദ്ധന്റെ പില്‍ക്കാല ജീവിതം. ശിശുവായ പീറ്ററിനെയുംകൊണ്ട് പള്ളിയില്‍ പോയി പരിശുദ്ധ കുര്‍ബാനയുടെ മുമ്പില്‍ മുട്ടുകുത്തിനിന്ന്, എയ്മാര്‍ഡ് ദമ്പതികള്‍ (പീറ്ററിന്റെ മാതാപിതാൾ) തീക്ഷ്ണതയോടെ വളരെനേരം പ്രാർഥിച്ചിരുന്നു. മാതാപിതാക്കള്‍ പകര്‍ന്നുനല്കിയ ഈ മാതൃക കൊണ്ടാവാം പരിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ചിരിക്കുന്ന അരുളിക്ക, ബാല്യം മുതല്‍ പീറ്ററിനെ വളരെയധികം ആകര്‍ഷിച്ചത്.

വൈദികനാകാന്‍ ആഗ്രഹിച്ച പീറ്ററിനുമുന്നില്‍ പ്രതിബന്ധങ്ങള്‍ ഒന്നിനുപിറകേ ഒന്നൊന്നായി എത്തി. പിതാവിന്റെ എതിര്‍പ്പ്, മാതാവിന്റെ വേര്‍പാട്, ലത്തീന്‍ ഭാഷ… എങ്കിലും ദൈവകൃപയില്‍ അടിയുറച്ചു വിശ്വസിച്ച പീറ്റര്‍ പതറിയില്ല. 1834 ജൂലൈ 15-ന് അദ്ദേഹം കര്‍ത്താവിന്റെ പുരോഹിതനായി. കുറേനാള്‍ ഇടവകയില്‍ സേവനം ചെയ്തതിനുശേഷം പീറ്ററച്ചന്‍ രൂപതാ ബിഷപ്പിന്റെ അനുവാദത്തോടുകൂടി ‘മാരിസ്റ്റ’ എന്ന മരിയ സന്യാസ സമൂഹത്തില്‍ ചേര്‍ന്നു.

1856-ല്‍ അധികാരികളുടെ അനുവാദത്തോടെ ദിവ്യകാരുണ്യഭക്തി പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ‘ദിവ്യകാരുണ്യ സഭ’ സ്ഥാപിച്ചു. പ്രസ്തുത സന്യാസ സമൂഹം കാലഘട്ടത്തിന്റെ ഒരു ആവശ്യമായിരുന്നതിനാല്‍ അതിവേഗം അത് വളര്‍ന്നുവികസിച്ചു. നിരന്തരപരിശ്രമത്തിലൂടെയും പ്രഭാഷണപരമ്പരകളിലൂടെയും അനേകം സദ്ഗ്രന്ഥങ്ങളിലൂടെയും പീറ്ററച്ചന്‍ പരിശുദ്ധ കുര്‍ബാന ഭക്തിയും ദിവ്യകാരുണ്യ സഭയും പ്രചരിപ്പിച്ചു. അച്ചന്റെ ജീവിതം മുഴുവന്‍ പരിശുദ്ധ കുര്‍ബാനയില്‍ സന്നിധി ചെയ്യുന്ന ദൈവത്തിന്റെ നേര്‍ക്കുള്ള ഭക്തിയാല്‍ പ്രചോദിതമായിരുന്നു.

പരിശുദ്ധ കുര്‍ബാന ഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി പീറ്ററച്ചന്‍ വനിതകള്‍ക്കായി ‘കന്യാസ്ത്രീകളുടെ ദിവ്യകാരുണ്യസഭ’യും സ്ഥാപിച്ചു. പിന്നീട് അത്മായരുടെ ഇടയിലും പരിശുദ്ധ കുര്‍ബാനയുടെ ഭക്തി പ്രചരിപ്പിക്കാന്‍ ‘പരിശുദ്ധ കുര്‍ബാന സഖ്യവും’ വിശുദ്ധന്‍ സ്ഥാപിച്ചു. പീറ്ററച്ചന്റെ സമകാലികനും നാട്ടുകാരനുമായ വി. ജോണ്‍ മരിയ വിയാനിയുടെ എല്ലാവിധ പ്രോത്സാഹനങ്ങളും പീറ്ററച്ചന് ലഭിച്ചിരുന്നു. അദ്ദേഹം പീറ്ററച്ചനെപ്പറ്റി ഇങ്ങനെ പറഞ്ഞു: “പീറ്റര്‍ എയ്മാര്‍ഡച്ചന്‍ വലിയൊരു പുണ്യവാനാണ്. അദ്ദേഹത്തെ കാണുമ്പോള്‍ പറയണം, അങ്ങോട്ടുവരാന്‍ നേരമില്ലാത്തതുകൊണ്ടാണ് ഞാന്‍ വരാഞ്ഞത്. നമുക്ക് സ്വര്‍ഗത്തില്‍ വച്ചുകാണാം.”

ദൈവിക കാര്യങ്ങള്‍ക്കുവേണ്ടിയുള്ള അത്യധ്വാനത്തില്‍ ക്ഷീണിതനായ അദ്ദേഹം 1868-ല്‍ തന്റെ 57-ാം വയസ്സില്‍ ദൈവസന്നിധിയിലേക്കു യാത്രയായി. അദ്ദേഹത്തെ 1962 ഡിസംബര്‍ 9-ന് വിശുദ്ധനായി നാമകരണം ചെയ്തു.

വിചിന്തനം: ”ഈശോയാല്‍ സ്വന്തമാക്കപ്പെടുകയും ഈശോയെ സ്വന്തമാക്കുകയും ചെയ്യുമ്പോഴാണ് സ്‌നേഹത്തിന്റെ പരമമായ ലക്ഷ്യം കൈവരിക്കുന്നത്”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.