നൈജീരിയയിൽ ഒരു ഡസനോളം കുട്ടികളെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് ഒരു ഡസനോളം കുട്ടികളെ തട്ടിക്കൊണ്ടുപോയി. മദ്രസ അധ്യാപകന്റെ തോട്ടത്തിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളെയാണ് ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയതെന്ന് പ്രാദേശിക-സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, നൈജർ സംസ്ഥാനത്തെ റാഫി ജില്ലയിലെ മൈഗുജെരി നഗരത്തിന് സമീപം ഒക്ടോബർ 31നാണ് സംഭവം നടന്നത്. മോട്ടോർസൈക്കിളുകളിലെത്തിയ അക്രമികൾ കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. അക്രമികൾ നടത്തിയ വെടിവയ്പ്പിൽ ഒരു കുട്ടിക്ക് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രാദേശികമായി ‘ബാൻഡിറ്റുകൾ’ എന്നറിയപ്പെടുന്ന സായുധ സംഘങ്ങളാണ് നൈജർ സംസ്ഥാനത്ത് ഇത്തരം ആക്രമണങ്ങളും കന്നുകാലി മോഷണങ്ങളും കൂട്ടത്തോടെയുള്ള തട്ടിക്കൊണ്ടുപോകലുകളും നടത്തിവരുന്നത്. ഈ സംഘങ്ങൾക്ക് വടക്കുപടിഞ്ഞാറൻ, മധ്യ നൈജീരിയയിൽ പ്രവർത്തിക്കുന്ന ജിഹാദി ഗ്രൂപ്പുകളുമായി ബന്ധമുള്ളതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസങ്ങളിലും സമാനമായ നിരവധി സംഭവങ്ങൾ ഇവിടെ നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.