പാപ്പായുടെ ടെലിഗ്രാം സന്ദേശത്തോട് പ്രതികരിച്ച് ചൈന

മംഗോളിയയിലേക്കുള്ള യാത്രാമധ്യേ, ചൈനീസ് വ്യോമാതിർത്തിയിലൂടെയുള്ള യാത്രയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പ അയച്ച ടെലിഗ്രാം സന്ദേശത്തിനു മറുപടി നൽകി ചൈനീസ് അധികൃതർ. സെപ്റ്റംബർ ഒന്നാം തീയതി പ്രസിഡന്റ്, ഷി ജിംഗ്പിംഗിനും ഏഷ്യയിലെ എല്ലാ ജനങ്ങൾക്കും രാഷ്ട്രത്തിന്റെ ക്ഷേമത്തിനായുള്ള പ്രാർഥനയും സമാധാനത്തിനും സഹവർത്തിത്വത്തിനുമായുള്ള അഭ്യർഥനയും അടങ്ങിയ സന്ദേശമാണ് പാപ്പാ കൈമാറിയിരുന്നത്. ഈ സന്ദേശത്തിനാണ് ചൈനീസ് അധികൃതർ മറുപടി നൽകിയിരിക്കുന്നത്.

ചൈനീസ് സർക്കാർ വത്തിക്കാനുമായി ക്രിയാത്മകമായ സംഭാഷണത്തിൽ ഏർപ്പെടാനും പരസ്പരധാരണയും വിശ്വാസവും ശക്തിപ്പെടുത്തുന്നതിന് തുടർന്നും പ്രവർത്തിക്കാൻ തയാറാണെന്നുമാണ് പാപ്പായുടെ സന്ദേശത്തിനു മറുപടിയായി വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് വാങ് വെൻബിൻ വെളിപ്പെടുത്തിയത്. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം മറുപടിയിൽ വ്യക്തമാക്കുന്നു.

2018 -ൽ ഒപ്പുവച്ച ഉഭയകക്ഷി കരാറുകൾ 2020 ഒക്ടോബറിൽ പുതുക്കിയെങ്കിലും ഈ അടുത്തകാലത്തായി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം “പ്രയാസങ്ങളും പ്രതിബന്ധങ്ങളും” അഭിമുഖീകരിച്ചിട്ടുണ്ട്. അതിനാൽത്തന്നെ പാപ്പായുടെ സമാധാനത്തിനുള്ള അഭ്യർഥനയും അതിന് ചൈനയുടെ ഭാഗത്തുനിന്നുള്ള മറുപടിയും ഏറെ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.