ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: ഇരുപത്തിയെട്ടാം ദിവസം 

ജിൻസി സന്തോഷ്

പരിശുദ്ധ മറിയത്തിന്റെ സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും അതുല്യത അപാരമാണ്. “ഇതാ ഞാൻ; കർത്താവിന്റെ ദാസി. നിന്റെ ഹിതംപോലെ എന്നിൽ ഭവിക്കട്ടെ” എന്ന് പറഞ്ഞുകൊണ്ട് തന്റെ സ്ത്രീത്വത്തെ രക്ഷകന്റെ മാതൃത്വത്തിലേക്ക് അവൾ സമർപ്പിക്കുമ്പോൾ മറയത്തിൽ ഒരു രണ്ടാം ഹവ്വ പിറക്കുകയായിരുന്നു. ആദ്യത്തെ ‘സ്ത്രീ’ ഹവ്വ – പാപത്തെയും അതിലൂടെ മരണത്തെയും ലോകത്തിലേക്ക് കൊണ്ടുവന്നെങ്കിൽ രണ്ടാം ഹവ്വയാകുന്ന മറിയം – രക്ഷയെയും ജിവനെയും ലോകത്തിലെത്തിച്ച സ്വർഗത്തിന്റെ ഗോവണിയാണ്.

തന്റെ ഉദരത്തിൽ വളരുന്ന യേശുവിനെ പാപംമൂലം ഞെരുക്കിക്കളയാതെ വിശുദ്ധിയിൽ ജീവിച്ച് ദൈവവചനത്തെ ജീവിതാവസാനംവരെയും അവൾ അനുസരിച്ചു. ആഴത്തിലേക്കു വീഴാൻതക്കവിധം തന്റെ അരുമ മക്കൾ ആത്മനാശത്തിന്റെ തീരംപറ്റി നടക്കുമ്പോഴെല്ലാം ഓടിയെത്തുന്ന പരിശുദ്ധ അമ്മയുടെ കരങ്ങളിലെപ്പോഴും തൂങ്ങിക്കിടപ്പുണ്ട് ഒരു ജപമാല. നരകസർപ്പത്തിന്റെ വിഷമെല്ലാം നീക്കിക്കളയാൻ കഴിവുള്ള ദിവ്യമന്ത്രങ്ങളുടെ രത്‌നഹാരമാണത്.

സ്വർഗം പറഞ്ഞതെല്ലാം അനുസരിച്ച്, ഏല്പിച്ച കാര്യങ്ങളെല്ലാം അതിന്റെ പൂർണ്ണതയിൽ ഫലമണിയിച്ച്, മറ്റാരേയുംകാൾ ദൈവസാന്നിധ്യത്തിന്റെ ആനന്ദം ആസ്വദിച്ച പരിശുദ്ധ മറിയം. സഭയുടെ ചരിത്രത്തിലെ എല്ലാ വിശുദ്ധരും പരിശുദ്ധ കുർബാനയും പരിശുദ്ധ അമ്മയുമാകുന്ന രണ്ടുതൂണുകളിൽ നിലയുറപ്പിച്ചവരായിരുന്നു.

“സ്വർഗത്തെ സ്വന്തമാക്കാനുള്ള വഴി മറിയത്തെ സ്വന്തമാക്കുകയാണ്. മറിയത്തെ സ്വന്തമാക്കിയവർക്ക് സ്വർഗം തീറെഴുതിക്കിട്ടിയെന്ന് ഉറപ്പിക്കാം.”

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.