ഉക്രൈൻ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കത്തോലിക്ക സഭ

റഷ്യൻ അധിനിവേശം ഉക്രൈനിലെ ജനങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ തയ്യാറെടുത്തു കത്തോലിക്കാ സഭ. ഉക്രൈൻ ബിഷപ്പായ റഡോസ്ലാവ് സ്മിട്രോവിച്ച്സാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“ഉക്രൈൻ യുദ്ധത്തിന്റെ യഥാർത്ഥ പ്രത്യാഘാതങ്ങൾ പിന്നീടാണ് അനുഭവപ്പെടുക. മാനസികവും ശാരീരികവും ആത്മീയവുമായ പ്രത്യാഘാതങ്ങൾ അതിൽ ഉൾപ്പെടും. രോഗശാന്തി സമയമെടുക്കുന്ന പ്രക്രിയയാണ്. മനസ്സിനേറ്റ ആഴത്തിലുള്ള മുറിവുകൾ ഉണക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ. ഈ ശുശ്രൂഷയിൽ വൈദികരും പങ്കാളികളാണ്. ഈ സഹനങ്ങളുടെ കാരണമെന്താണെന്ന് ദൈവത്തിന് മാത്രമേ അറിയൂ. സൈനികരുടെ കാര്യമാണ് ഏറ്റവും പരിതാപകരം”- ബിഷപ്പ് പറഞ്ഞു.

ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച ആയുധം പ്രാർത്ഥനയാണ്. കാരണം ഇത് ഒരു സൈനിക യുദ്ധം മാത്രമല്ല. മറിച്ച് നമ്മുടെ പരിവർത്തനത്തെ ആശ്രയിച്ചിരിക്കുന്ന ഒരു ആത്മീയ യുദ്ധം കൂടിയാണ്. യുദ്ധങ്ങളുടെ ഉത്ഭവകാരണം എന്ന് പറയുന്നത് നമ്മുടെ ഹൃദയങ്ങളിലെ തിന്മയാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

ഫെബ്രുവരി 24- നാണ് ഉക്രൈനിൽ റഷ്യൻ അധിനിവേശം തുടങ്ങിയത്. യുഎൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇതുവരെ 4,000- ത്തിലധികം ആളുകൾ കൊല്ലപ്പെടുകയൂം 4,700 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. മാത്രമല്ല, ഏകദേശം 6.7 ദശലക്ഷം ആളുകളാണ് ഇതിനിടകം യുദ്ധഭൂമിയിൽ നിന്ന് പലായനം ചെയ്‌തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.