സമാധാനത്തിനുള്ള ആഹ്വാനവുമായി കർദിനാൾ സൂപ്പി വൈറ്റ് ഹൗസിൽ

ഉക്രൈനിലേക്ക് സമാധാനദൗത്യത്തിനായി മാർപാപ്പ അയച്ച കർദിനാൾ മത്തേയോ സൂപ്പി വൈറ്റ് ഹൗസിൽ രണ്ടു മണിക്കൂറോളം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. റഷ്യയിലേക്ക് നിർബന്ധിതമായി കൊണ്ടുപോയ ഉക്രേനിയൻ കുട്ടികളെ തിരികെ കൊണ്ടുവരാനുള്ള വത്തിക്കാന്റെ പ്രതിജ്ഞാബദ്ധതയും അതിനുള്ള സഹായാഭ്യർഥനയും കൂടിക്കാഴ്ചയുടെ മുഖ്യവിഷയമായിരുന്നു.

കൂടിക്കാഴ്ചയ്ക്കു പിന്നാലെ അമേരിക്കൻ സർക്കാർ ഇറക്കിയ പത്രക്കുറിപ്പിൽ ഫ്രാൻസിസ് പാപ്പായുടെ ശുശ്രൂഷയ്ക്കും സമാധാനശ്രമങ്ങൾക്കും പ്രത്യേകമായ നന്ദി പ്രകടിപ്പിക്കുന്നതായും ഒരു ആർച്ചുബിഷപ്പിനെ കൂടി പുതിയതായി കർദിനാളായി നിയമിച്ചതിലുള്ള സന്തോഷം അറിയിക്കുന്നതായും പറഞ്ഞു.

ഉക്രൈനിൽ റഷ്യയുടെ തുടർച്ചയായ ആക്രമണം മൂലമുണ്ടാകുന്ന വ്യാപകമായ ദുരിതങ്ങൾ പരിഹരിക്കുന്നതിന് മാനുഷികസഹായം നൽകാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിബദ്ധതയെക്കുറിച്ചും സ്വന്തം നാട്ടിലേക്ക് ഉക്രൈൻ ജനതയ്ക്ക് മടങ്ങിവരാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനെപ്പറ്റിയും ഇരുവരും ദീർഘനേരം സംസാരിച്ചു. പ്രസിഡന്റ് ജോ ബൈഡനെ സന്ദർശിച്ചതിനുപുറമെ, കർദിനാൾ സൂപ്പി യുഎസ് പാർലമെന്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ക്യാപിറ്റോൾ ഹില്ലിലും സന്ദർശനം നടത്തുകയും ഉന്നതരുമായി ചർച്ചകൾ നടത്തുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.