മാർപാപ്പയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പങ്കുവച്ച് നിക്കരാഗ്വൻ കർദിനാൾ

ലെയോ പതിനാലാമൻ മാർപാപ്പയുമായി വത്തിക്കാനിൽ നടത്തിയ സവിശേഷമായ സ്വകാര്യ കൂടിക്കാഴ്ചയുടെ വിവരങ്ങൾ വെളിപ്പെടുത്തി നിക്കരാഗ്വയിലെ മനാഗ്വ അതിരൂപതാ ആർച്ച്ബിഷപ്പ് കർദിനാൾ ലിയോപോൾഡോ ബ്രെനെസ്. ജൂൺ 29 നായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

“ലെയോ മാർപാപ്പ എന്നോട് കാണിച്ച വലിയൊരു സ്നേഹപ്രകടനമായിരുന്നു അത്. സാധാരണ സന്ദർശന സമയത്തിനു പുറത്ത്, തികച്ചും വ്യക്തിപരമായ ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്കാണ് പാപ്പ എനിക്ക് അനുമതി നൽകിയത്” – ജൂലൈ അഞ്ച്, ഞായറാഴ്ച നിക്കരാഗ്വയിലെ പ്രധാന കത്തോലിക്കാ തിരുനാളായ ‘ക്രിസ്തുവിന്റെ തിരുരക്തത്തിരുനാൾ’ ബലിമധ്യേ വിശ്വാസികളോട് സംസാരിക്കവെ കർദിനാൾ ബ്രെനെസ് പങ്കുവച്ചു.

വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ദിനമായ ജൂൺ 29 തിങ്കളാഴ്ച, പ്രാദേശിക സമയം വൈകുന്നേരം അഞ്ചുമണിക്ക് മാർപാപ്പ തന്നെ കൂടിക്കാഴ്ചയ്ക്കായി ക്ഷണിക്കുകയായിരുന്നുവെന്ന് കർദിനാൾ പറഞ്ഞു. “ഞാൻ എന്റെ ഓഫീസിൽ നിങ്ങൾക്കായി കാത്തിരിക്കാം” എന്നാണ് പരിശുദ്ധ പിതാവ് തന്നോട് പറഞ്ഞതെന്നും അദ്ദേഹം ഓർമ്മിച്ചു.

“ഞാൻ സംസാരിക്കുമ്പോൾ അദ്ദേഹം വളരെ താൽപര്യത്തോടെ കേട്ടിരുന്നു. അതിനു ശേഷമാണ് മറുപടി നൽകിയത്” – ലെയോ പതിനാലാമൻ മാർപാപ്പ അങ്ങേയറ്റം വിനയമുള്ളവനും മറ്റുള്ളവരെ ശ്രദ്ധയോടെ കേൾക്കുന്ന വ്യക്തിയുമാണെന്ന് മനാഗ്വ ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു.

കൂടിക്കാഴ്ചയുടെ തുടക്കത്തിൽ തന്റെ ആരോഗ്യവിവരങ്ങളെക്കുറിച്ചാണ് മാർപാപ്പ അന്വേഷിച്ചതെന്ന് കർദിനാൾ ബ്രെനെസ് പറഞ്ഞു. ചെറിയൊരു ജലദോഷം മാത്രമാണുള്ളതെന്നും അൽപം നാരങ്ങാവെള്ളവും മരുന്നും വിശ്രമവുമുണ്ടെങ്കിൽ അത് മാറിക്കൊള്ളുമെന്നും താൻ മറുപടി നൽകിയതായും കർദിനാൾ വ്യക്തമാക്കി. “മാർപാപ്പയുമായി അത്രയും ഹൃദ്യമായൊരു സമയം ചിലവഴിക്കാൻ കഴിഞ്ഞത് വലിയൊരു സന്തോഷമാണ്” – കർദിനാൾ കൂട്ടിച്ചേർത്തു.

നിലവിൽ 77 വയസ്സുള്ള കർദിനാൾ ലിയോപോൾഡോ ബ്രെനെസ്, കാനോൻ നിയമപ്രകാരം ബിഷപ്പുമാരുടെ വിരമിക്കൽ പ്രായമായ 75 വയസ്സ് തികഞ്ഞതിനെ തുടർന്ന് 2024 മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് രാജിക്കത്ത് സമർപ്പിച്ചിരുന്നു.

കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ കർദിനാൾ വെളിപ്പെടുത്തിയില്ലെങ്കിലും, ലെയോ പതിനാലാമൻ മാർപാപ്പയുടെ വാക്കുകൾ ബ്രെനെസിന് മനാഗ്വ ആർച്ച്ബിഷപ്പ് പദവിയിൽ തുടരാനുള്ള അനുമതിയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. റോമിൽ നടന്ന കർദിനാൾമാരുടെ കൺസിസ്റ്ററിയിൽ (ആഗോള യോഗം) പങ്കെടുക്കാനാണ് നിക്കരാഗ്വൻ കർദിനാൾ വത്തിക്കാനിലെത്തിയത്. തനിക്ക് ലഭിച്ച ഈ വലിയ സൗഭാഗ്യത്തിന് ദൈവത്തിന് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.