
ഒരു കുഞ്ഞ് ആദ്യമായി പ്രാർഥിക്കാൻ പഠിക്കുന്നതും ദൈവത്തെ അറിയുന്നതും സ്വന്തം വീടിന്റെ സ്നേഹം നിറഞ്ഞ അന്തരീക്ഷത്തിലാണ്. മാതാപിതാക്കളുടെ വിശ്വാസജീവിതവും പ്രാർഥനയും പരസ്പര സ്നേഹവുമാണ് കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് അടിത്തറയാകുന്നത്. അതുകൊണ്ടുതന്നെ കുടുംബം ഒരു താമസസ്ഥലം മാത്രമല്ല, വിശ്വാസം വളരുകയും സ്നേഹം പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്ന ഒരു ചെറിയ ദൈവാലയം കൂടിയാണ്.
ഇന്നത്തെ മാറുന്ന ലോകത്തിൽ ക്രിസ്തീയ വിശ്വാസവും മൂല്യങ്ങളും അടുത്ത തലമുറയിലേക്ക് പകരുന്നതിൽ കുടുംബങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. മാമോദീസായിലൂടെ നമുക്ക് ലഭിച്ച വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ദൈവിക പുണ്യങ്ങൾ കുടുംബജീവിതത്തിൽ പകർത്തുമ്പോഴാണ് നമ്മുടെ വീടുകൾ യഥാർഥ സുവിശേഷത്തിന്റെ അടയാളങ്ങളായി മാറുന്നത്.
1. വിശ്വാസം പകരേണ്ടത് ജീവിതമാതൃകയിലൂടെ
കുട്ടികൾക്ക് വിശ്വാസത്തിന്റെ ആദ്യപാഠങ്ങൾ ലഭിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. അവരുടെ പ്രാർഥനാജീവിതവും നല്ല മാതൃകയും കുട്ടികളുടെ മനസ്സിൽ ആഴത്തിൽ സ്വാധീനം ചെലുത്തുന്നു. ഒന്നിച്ചുള്ള കുടുംബപ്രാർഥന, വിശുദ്ധഗ്രന്ഥ വായന, ദിവ്യബലിയിലെ പങ്കാളിത്തം എന്നിവ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുന്നു. കുട്ടികളുടെ സംശയങ്ങൾ സ്നേഹത്തോടെ കേൾക്കാനും ദൈവത്തെക്കുറിച്ച് അവരോട് സംസാരിക്കാനും മാതാപിതാക്കൾ സമയം കണ്ടെത്തണം. വിശ്വാസം പറഞ്ഞുകൊടുക്കുന്നതിനേക്കാൾ മനോഹരം അത് ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുന്നതാണ്.
2. പ്രതിസന്ധികളിലും പ്രത്യാശയുടെ വെളിച്ചമാകാം
ജീവിതത്തിലെ പ്രയാസങ്ങളിലും പ്രതിസന്ധികളിലും പരസ്പരം കൈവിടാതെ ചേർത്തുനിൽക്കുന്ന കുടുംബങ്ങൾ പ്രത്യാശയുടെ വലിയ അടയാളങ്ങളാണ്. ദമ്പതികളുടെ പരസ്പര വിശ്വസ്തതയും സ്നേഹവും മക്കൾക്ക് മികച്ച മാതൃകയാകുന്നു. ഓരോ കുഞ്ഞിനെയും ദൈവത്തിന്റെ സമ്മാനമായി കണ്ട് നല്ല മൂല്യങ്ങളോടെ വളർത്തുന്നതും പ്രത്യാശയുടെ ഭാഗമാണ്. അതോടൊപ്പം, വിഷമങ്ങളിലൂടെ കടന്നുപോകുന്ന മറ്റു കുടുംബങ്ങൾക്ക് സഹായവും ആശ്വാസവും പകരാനും നമ്മുടെ കുടുംബങ്ങൾക്ക് കഴിയണം.
3. സ്നേഹബന്ധങ്ങളിലൂടെ സുവിശേഷം പകരാം
ക്രൈസ്തവ കുടുംബത്തിന്റെ ഏറ്റവും വലിയ ശക്തി സ്നേഹമാണ്. പരസ്പരം ക്ഷമിക്കാനും തെറ്റുകൾ മനസ്സിലാക്കി തിരുത്താനും കുടുംബാംഗങ്ങൾ തയ്യാറാകണം. ഒറ്റപ്പെടുന്നവർക്കും വേദനിക്കുന്നവർക്കും നമ്മുടെ വീടുകൾ ആശ്വാസത്തിന്റെ ഇടങ്ങളാകട്ടെ. കുടുംബമായി പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതും യേശുവിന്റെ സ്നേഹം ജീവിതത്തിൽ പകർത്തുന്നതും കുടുംബബന്ധങ്ങളെ കൂടുതൽ ദൃഢമാക്കും. വാക്കുകളേക്കാൾ പ്രവൃത്തികളിലൂടെ പ്രകടമാകുന്ന സ്നേഹമാണ് മറ്റുള്ളവർക്ക് ക്രിസ്തുവിനെ പരിചയപ്പെടുത്തുന്നത്.
നമ്മുടെ കുടുംബജീവിതം സുവിശേഷത്തിന്റെ സാക്ഷ്യമാകട്ടെ
സുവിശേഷവൽക്കരണം എന്നത് ക്രിസ്തുവിനെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കുക മാത്രമല്ല, സ്വന്തം ജീവിതത്തിലൂടെ അവിടുത്തെ സ്നേഹം വെളിപ്പെടുത്തുക കൂടിയാണ്. വിശ്വാസത്തിൽ ഉറച്ചുനിന്നും പ്രത്യാശ കൈവിടാതെയും സ്നേഹത്തോടെ ജീവിച്ചും ഓരോ കുടുംബത്തിനും സമൂഹത്തിൽ ക്രിസ്തുവിന്റെ പ്രകാശമാകാൻ കഴിയും. നമ്മുടെ വീടുകൾ പ്രാർഥനയുടെയും സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഇടങ്ങളായി മാറട്ടെ. അങ്ങനെ ഓരോ കുടുംബവും സുവിശേഷം ജീവിക്കുന്ന ഒരു ചെറിയ ദൈവാലയമായി തീരട്ടെ.
വിവർത്തനം: ഡിൻസി തോമസ്




