
വർഷങ്ങളോളം അഗസ്റ്റീനിയൻ മിഷനറിയായും പിന്നീട് ചിക്ലായോ (Chiclayo) രൂപതയുടെ ബിഷപ്പായും സേവനമനുഷ്ഠിച്ച പെറുവിലേക്ക് ലെയോ പതിനാലാമൻ മാർപാപ്പ തിരിച്ചെത്തി. കാലാവോ (Callao) വ്യോമതാവളത്തിലെ സ്വീകരണം മുതൽ പ്രസിഡന്റ് കെയ്കോ ഫുജിമോറിയുമായുള്ള കൂടിക്കാഴ്ചയും ലിമയിലെ ഗ്രാൻഡ് നാഷണൽ തിയേറ്ററിൽ ഭരണാധികാരികളെയും പൗരസമൂഹ പ്രതിനിധികളെയും നയതന്ത്രജ്ഞരെയും അഭിസംബോധന ചെയ്തതുമാണ് സന്ദർശനത്തിന്റെ ആദ്യ ദിനത്തിലെ പ്രധാന ആകർഷണങ്ങൾ.
‘ശുഭരാത്രി ലിമ, ശുഭരാത്രി പെറു’
ആദ്യ ദിനത്തിലെ പരിപാടികൾക്കും അത്താഴത്തിനും ശേഷം അപ്പസ്തോലിക് നുൺഷ്യേച്ചറിന്റെ ബാൽക്കണിയിലേക്ക് വന്ന മാർപാപ്പ, തനിക്ക് ശുഭരാത്രി നേരാനായി തടിച്ചുകൂടിയ വിശ്വാസികളെ അഭിവാദ്യം ചെയ്തു. “ഞാൻ വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ഇവിടെ ഞാൻ എന്റെ സ്വന്തം വീട്ടിലാണ്,” പാപ്പ അവരോട് പറഞ്ഞു. തനിക്കു നൽകിയ ഹൃദ്യമായ സ്വീകരണത്തിന് നന്ദി പറഞ്ഞ പാപ്പ, സമാധാനത്തിനായി പ്രാർഥിക്കാൻ ഏവരോടും അഭ്യർഥിച്ചു. “അയൽക്കാർക്കും അല്പം സ്വസ്ഥത ആവശ്യമുള്ളതിനാൽ ആഘോഷങ്ങൾ അല്പസമയം കൂടി തുടരാമെങ്കിലും അധികം നീട്ടരുത്” എന്ന് പാപ്പ തമാശരൂപേണ പറഞ്ഞു.
തടിച്ചുകൂടിയവർക്കൊപ്പം ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർഥന ചൊല്ലി ആശീർവാദം നൽകുന്നതിന് മുൻപ്, “തങ്ങളുടെ സ്വന്തം കുടുംബങ്ങൾക്കായി ഒരു പ്രത്യേക പ്രാർഥന” നടത്താൻ പാപ്പ ആഹ്വാനം ചെയ്തു. “കുടുംബങ്ങളെക്കുറിച്ച് ചിന്തിക്കുന്നതും സ്വന്തം കുടുംബങ്ങളിൽ ഐക്യം വളർത്താനുള്ള വഴികൾ തേടുന്നതും വളരെ പ്രധാനമാണ്,” പാപ്പ പറഞ്ഞു. ഒടുവിൽ “ശുഭരാത്രി, നാളെ കാണാം” എന്ന് പറഞ്ഞുകൊണ്ടാണ് പാപ്പ സംസാരം അവസാനിപ്പിച്ചത്.
ഇന്നത്തെ പരിപാടികൾ
നവംബർ 12 വ്യാഴാഴ്ച പെറുവിലെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തുന്ന ലെയോ പാപ്പ, ലിമയിലെ കത്തീഡ്രലിൽ നടക്കുന്ന മധ്യാഹ്ന പ്രാർഥനയ്ക്ക് നേതൃത്വം നൽകും. തുടർന്ന് കത്തീഡ്രലിന് പുറത്തുള്ള ചത്വരത്തിൽ പെറൂവിയൻ ജനതയുടെ വെല്ലുവിളികളെയും പ്രതീക്ഷകളെയും കുറിച്ച് നടക്കുന്ന സമ്മേളനത്തിലും പാപ്പ പങ്കെടുക്കും.




