
ദയാവധം നിയമവിധേയമാക്കാനുള്ള കരട് ബിൽ ബ്രിട്ടീഷ് പാർലമെന്റ് തള്ളി. രോഗികളുടെയും പ്രായമായവരുടെയും ജീവന്റെ സംരക്ഷണം ഉറപ്പാക്കാൻ ഈ തീരുമാനം അത്യന്താപേക്ഷിതമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി കത്തോലിക്കാ സഭയും പ്രോ-ലൈഫ് സംഘടനകളും പാർലമെന്റിന്റെ ഈ ചരിത്രപരമായ തീരുമാനത്തെ വലിയ ആവേശത്തോടെ സ്വാഗതം ചെയ്തു.
മാരക രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് തങ്ങളുടെ ജീവൻ അവസാനിപ്പിക്കാൻ നിയമപരമായ അനുമതി നൽകണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു ഹൗസ് ഓഫ് കോമൺസിൽ സമർപ്പിക്കപ്പെട്ട സ്വകാര്യ ബിൽ. എന്നാൽ നീണ്ട ചർച്ചകൾക്കും വോട്ടെടുപ്പിനും ഒടുവിൽ ഭൂരിപക്ഷം ജനപ്രതിനിധികളും ബില്ലിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. ദയാവധം നിയമവിധേയമാക്കുന്നത് സമൂഹത്തിലെ ദുർബലരെയും പ്രായമായവരെയും മാനസികമായി തളർത്തുമെന്നും, ജീവൻ ദൈവത്തിന്റെ ദാനമാണെന്ന ക്രിസ്തീയ പ്രബോധനത്തിന് എതിരാണെന്നും യുകെയിലെ കത്തോലിക്കാ ബിഷപ്പുമാർ നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നു.
നിയമം നിലവിൽ വന്നാൽ രോഗികളും മുതിർന്ന പൗരന്മാരും മറ്റുള്ളവർക്ക് ഭാരമാകുമോ എന്ന് ഭയന്ന് ജീവനൊടുക്കാൻ നിർബന്ധിതരാകുന്ന സാഹചര്യം ഉണ്ടാകുമെന്ന് ജനപ്രതിനിധികളും ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് ബിൽ തള്ളിയത്. പാർലമെന്റിന്റെ ഈ നിർണ്ണായക തീരുമാനം രാജ്യത്തെ കെയർ ഹോമുകളിലും ആശുപത്രികളിലും കഴിയുന്ന ആയിരക്കണക്കിന് പ്രായമായവർക്കും നിരാലംബർക്കും വലിയൊരനുഗ്രഹമാണെന്നാണ് പ്രൊ-ലൈഫ് വക്താക്കൾ അഭിപ്രായപ്പെട്ടത്.




