ബെനഡിക്ട് പാപ്പാ ചൈനയുടെ ‘സ്വർഗ്ഗത്തിലെ ശക്തനായ മദ്ധ്യസ്ഥൻ’: കർദ്ദിനാൾ സെൻ

അന്തരിച്ച പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ ചൈനയിലെ കത്തോലിക്കാ സഭയുടെ ‘സ്വർഗ്ഗത്തിലെ ശക്തനായ മദ്ധ്യസ്ഥൻ’ ആയിരിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് കർദ്ദിനാൾ ജോസഫ് സെൻ പറഞ്ഞു. ജനുവരി മൂന്നിന് തന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ സഭയെ പിന്തുണയ്ക്കാൻ ‘അസാധാരണമായ’ നടപടികൾ കൈക്കൊണ്ട ‘സത്യത്തിന്റെ മഹത്തായ സംരക്ഷകൻ’ എന്ന് ബെനഡിക്റ്റ് പാപ്പായെ കർദ്ദിനാൾ സെൻ അനുസ്മരിച്ചു.

“ചൈനീസ് സഭയിലെ അംഗമെന്ന നിലയിൽ, മറ്റ് സഭകൾക്ക് ചെയ്യാത്ത കാര്യങ്ങൾ ബെനഡിക്റ്റ് മാർപാപ്പ ചെയ്തതിന് ഞാൻ അദ്ദേഹത്തോട് വളരെയധികം നന്ദിയുള്ളവനാണ്. ചൈനയിലെ സഭയ്‌ക്കായി അദ്ദേഹം ചെയ്‌ത മറ്റൊരു അസാധാരണമായ കാര്യം, ചൈനയിലെ സഭയുടെ കാര്യങ്ങൾ പരിപാലിക്കുന്നതിനുള്ള ഒരു കമ്മീഷനെ നിയമിച്ചു എന്നതാണ്. ദൗർഭാഗ്യവശാൽ, ആ കമ്മീഷന് ചൈനയിൽ വേണ്ട വിധത്തിൽ പ്രവർത്തനസജ്ജമാകുവാൻ കഴിഞ്ഞില്ല.” കർദ്ദിനാൾ സെൻ എഴുതി. ബെനഡിക്ട് പാപ്പാ 2007-ൽ എഴുതിയ ചൈനയിലേക്കുള്ള കത്ത് ഹോങ്കോംഗ് കർദ്ദിനാൾ പ്രത്യേകം അനുസ്മരിച്ചു.

നഗരത്തിന്റെ ദേശീയ സുരക്ഷാ നിയമപ്രകാരം കഴിഞ്ഞ വർഷം അറസ്റ്റിലായ കർദ്ദിനാൾ സെന്നിന് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഈ ആഴ്ച റോമിലേക്ക് പോകാൻ പ്രാദേശിക കോടതി അനുമതി നൽകിയതായി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. 2006-ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പായാണ് കർദ്ദിനാൾ സെന്നിനെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.