ആശുപത്രിക്കിടക്കയിൽ വച്ച് മാമ്മോദീസ; ദയാവധത്തിനെതിരെ, തന്റെ മകന്റെ ജീവനു വേണ്ടി പോരാടുന്ന ഒരമ്മ

മസ്തിഷ്ക ക്ഷതത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന 12 വയസുകാരൻ ആർക്കി കഴിഞ്ഞ ഈസ്റ്റർ ദിനത്തിലാണ് മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കാ സഭയിൽ അംഗമാകുന്നത്. മാത്രമല്ല, ആ കുടുംബം മുഴുവൻ ഇന്ന് കത്തോലിക്കാ വിശ്വാസികളാണ്. ആർക്കിയെ ദയാവധത്തിനു വിധേയനാക്കാൻ കോടതി ഉത്തരവുണ്ടെങ്കിലും ഈ കുടുംബം അതിനെതിരെ പോരാടുകയാണ്; കാരണം അത് കത്തോലിക്കാ വിശ്വാസത്തിനെതിരാണ്. ദൈവഹിതം മാത്രമേ നിറവേറ്റൂ എന്ന ഉറച്ച ബോധ്യവും ക്രിസ്തുവിലുള്ള വിശ്വാസവുമാണ് ഈ കുടുംബത്തിന്റെ ശക്തി.

ആർക്കി ബാറ്റേഴ്‌സ്‌ബിയുടെ കുടുംബം ലണ്ടനിൽ ആണ് താമസം. ഏപ്രിൽ ഏഴിനാണ് ആർക്കിയെ കോണിപ്പടിയിൽ തൂങ്ങിയ നിലയിൽ അമ്മ ഹോല്ലി ഡാൻസ് കണ്ടെത്തുന്നത്. ഓൺലൈൻ ഗെയിം കളിച്ചതിലെ പിഴവോ അല്ലെങ്കിൽ എന്തെങ്കിലും അപകടം പറ്റിയതോ ആവാമെന്നാണ് അമ്മ ഹോല്ലി ഈ സംഭവത്തെക്കുറിച്ച് പറയുന്നത്. ഹോല്ലി മകനെയും എടുത്ത് വേഗം തന്നെ ആശുപത്രിയിലേക്ക് ഓടി. പരിശോധനക്കു ശേഷം ഡോക്ടർമാർ, ആർക്കിയ്ക്ക് മസ്തിഷ്കത്തിന് ഗുരുതരമായ ക്ഷതം സംഭവിച്ചതായി സ്ഥിരീകരിച്ചു.

ആർക്കിക്ക് ഇതുവരെയും ബോധം തിരിച്ചുകിട്ടിയിട്ടില്ല. എന്നാൽ അവന്റെ ആരോഗ്യസ്ഥിതിയിൽ പ്രകടമായ ചില പുരോഗതികൾ ഉണ്ടായിട്ടുണ്ട്. ഇടയ്ക്ക് അവൻ കണ്ണുകൾ തുറക്കും. അമ്മയുടെ വിരലുകളിൽ തലോടും. ഇത് നാഡിയുടെ പ്രതികരണങ്ങളാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ആർക്കി തിരികെ ജീവിതത്തിലേക്ക് വരുമെന്ന് അവന്റെ കുടുംബം ഉറച്ചു വിശ്വസിക്കുന്നുണ്ട്.

തുടർന്നുള്ള ആഴ്ചകളിൽ അമ്മ ഹോല്ലി തന്റെ മകന്റെ സമീപത്തു തന്നെ മുഴുവൻ സമയവും ഉണ്ടായിരുന്നു. കാരണം ഡോക്ടർമാർ തന്റെ മകന് മസ്തിഷ്കമരണം സ്ഥിരീകരിക്കുമോ എന്ന് അവൾ ഭയപ്പെട്ടിരുന്നു. രാജ്യത്തിന്റെ നിയമമനുസരിച്ച്, ഒരാൾക്ക് മസ്തിഷ്കമരണം സ്ഥിരീകരിച്ചാൽ ആ വ്യക്തിയെ ദയാവധത്തിനു വിധേയനാക്കാൻ കോടതിക്ക് ഉത്തരവിടാം.

ഹോല്ലിക്ക് തന്റെ മകന്റെ മരണത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല. എന്നാൽ ഹോല്ലി പ്രതീക്ഷിച്ചിരുന്നതു പോലെ തന്നെ ഒടുവിൽ സംഭവിച്ചു. ഹൈക്കോടതിയുടെ ഫാമിലി ഡിവിഷനിൽ ജസ്റ്റിസ് അർബുത്നോട്ട്, ആർക്കിയുടെ ചികിത്സ അവസാനിപ്പിക്കണമെന്ന് ഉത്തരവിട്ടു. ഈ ഉത്തരവിനോടുള്ള ഹോല്ലിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു: “ഞാൻ അവന്റെ അമ്മയാണ്. അവന്റെ ജീവൻ സംരക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവനിൽ ഇപ്പോഴും ജീവൻ അവശേഷിക്കുന്നുണ്ട്. അതുകൊണ്ട് ചികിത്സ തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്റെ മകന് കുറച്ചു കൂടി സമയം നൽകണം. മസ്തിഷ്ക ക്ഷതങ്ങളിൽ നിന്ന് ആളുകൾ തിരിച്ചെത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.”

കഴിഞ്ഞ ഈസ്റ്റർ ദിനത്തിലാണ് ഹോല്ലി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. മാത്രമല്ല, അന്നു തന്നെ ആശുപത്രിക്കിടക്കയിലായിരുന്നുകൊണ്ട് ആർക്കിയും മാമ്മോദീസ സ്വീകരിച്ചു. പത്ത് വയസു മുതൽ ആർക്കിക്ക് കത്തോലിക്കാ വിശ്വാസത്തോട് ഒരു അടുപ്പമുണ്ടായിരുന്നു. പന്ത്രണ്ടാമത്തെ വയസിൽ കത്തോലിക്കാ സഭയിൽ അംഗമാകാനുള്ള ആഗ്രഹവും അവൻ പ്രകടിപ്പിച്ചിരുന്നു. അവർ താമസിച്ചിരുന്ന സ്ഥലത്ത് കൂടുതലുമുണ്ടായിരുന്നത് കത്തോലിക്കരാണ്. അവർ പരിശുദ്ധ കുർബാനക്കു പോകുന്നത് പലപ്പോഴും ആർക്കി നോക്കിനിൽക്കുമായിരുന്നെന്ന് ഹോല്ലി വെളിപ്പെടുത്തുന്നു.

കഴിഞ്ഞ ക്രിസ്തുമസ് മുതൽ ആർക്കി, തനിക്ക് മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കാ സഭയിൽ ചേരാൻ സാധിക്കുമോ എന്ന് അമ്മയോട് ചോദിക്കുമായിരുന്നു. എന്നാൽ അമ്മ ഹോല്ലി അന്ന് അത് അത്ര ഗൗനിച്ചിരുന്നില്ല. എന്നാൽ ആശുപത്രിക്കിടക്കയിൽ വച്ച് ആർക്കിയുടെ ആഗ്രഹം അമ്മ സഫലമാക്കി കൊടുത്തു. ഈസ്റ്ററിന്റെ പിറ്റേദിവസം ആർക്കിയുടെ സഹോദരങ്ങളായ ലോറനും ടോമും കൂടി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.

ആർക്കിയുടെ ജീവനെതിരെയുള്ള കോടതി വിധിയോട് പൊരുതാനാണ് അമ്മ ഹോല്ലിയുടെ തീരുമാനം. ആർക്കിയുടെ ജീവനു വേണ്ടി ഇപ്പോൾ ലോകമെമ്പാടുമുള്ള അനേകരുടെ പ്രാർത്ഥനകൾ ഉയരുന്നുണ്ട്. കോടതിവിധിക്കെതിരെ ഹോല്ലി അപ്പീൽ നൽകുന്നതിനോടൊപ്പം തന്നെ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരോടും ആർക്കിയെ രക്ഷിക്കാൻ ഈ അമ്മ സഹായം ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല, ഇന്റർനെറ്റ് ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് മാതാപിതാക്കൾ എപ്പോഴും ശ്രദ്ധാലുക്കളായിരിക്കാനും ഹോല്ലി മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.