ക്രിസ്തീയ ധീരതയ്ക്കുള്ള പുരസ്‌കാരത്തിന് അർഹയായി സിറിയയിൽ നിന്നുള്ള സന്ന്യാസിനി

വർഷങ്ങളായി സ്വന്തം ജീവൻപോലും പണയം വച്ച്, യുദ്ധക്കെടുതി അനുഭവിക്കുന്ന സിറിയയിലെ രോഗികൾക്കും വയോധികർക്കും ആശ്വാസമേകിയ സന്ന്യാസിനിക്ക് ‘ക്രിസ്തീയ ധൈര്യത്തിനുള്ള പുരസ്കാരം’ നൽകി എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന. കോൺഗ്രിഗേഷൻ ഓഫ് റിലീജിയസ് ഓഫ് ജീസസ് ആൻഡ് മേരി സന്ന്യാസിനീ സമൂഹത്തിലെ അംഗമായ സിസ്റ്റർ ആനി ഡെമെർജിയനാണ് ഈ പുരസ്‌കാരത്തിന് അർഹയായത്.

നവംബർ 18 ബുധനാഴ്ച വൈകുന്നേരം ആറുമണിക്ക് സൗത്ത്‌വാർക്കിലെ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ വച്ച് നടക്കുന്ന റെഡ് വെനസ്ഡേ ചടങ്ങുകൾക്ക് മധ്യേ പുരസ്കാരം സമ്മാനിക്കും. മർദനങ്ങളും പീഡനങ്ങളും നേരിടുമ്പോഴും അതിരറ്റ വിശ്വാസവും പ്രതിരോധശേഷിയും സാക്ഷ്യവും പ്രകടിപ്പിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനായി കത്തോലിക്കാ ജീവകാരുണ്യ സംഘടനയുടെ യുകെ ഓഫീസ് ഏർപ്പെടുത്തിയ ബഹുമതിയാണിത്.

“ഈ പ്രഖ്യാപനം കേട്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു. എങ്കിലും, ഞാൻ മാത്രമായി ഇത് അർഹിക്കുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. പീഡനങ്ങൾ സഹിക്കുന്നവർക്കൊപ്പം നിലകൊള്ളാനുള്ള ധീരമായ സാക്ഷ്യത്തിനും പ്രതിബദ്ധതയ്ക്കും ദൃഢനിശ്ചയത്തിനും ഇത്തരം അംഗീകാരങ്ങൾക്ക് യഥാർഥത്തിൽ അർഹരായ നൂറുകണക്കിന് ക്രിസ്ത്യാനികളുണ്ട്. എങ്കിലും എന്റെ സന്ന്യാസിനീ സമൂഹത്തിന് വേണ്ടി എയ്ഡ് ടു ദി ചർച്ച് ഇൻ നീഡിനോട് നന്ദി അറിയിക്കുന്നു. ഞങ്ങളെ ഓർക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, ആവശ്യത്തിലിരിക്കുന്ന എല്ലാവരെയും സേവിക്കുക എന്ന ഞങ്ങളുടെ ദൗത്യത്തിൽ മുന്നോട്ട് പോകാൻ ഞങ്ങളെ ശക്തരാക്കുന്നതിനും നന്ദി.”- സി. ആനി ഡെമെർജിയൻ പറഞ്ഞു.

രണ്ട് പതിറ്റാണ്ടിലേറെയായി, സിറിയയിലെ മാനുഷിക-അജപാലന ശുശ്രൂഷകളിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് സി. ആനി. യുദ്ധവും കുടിയൊഴിപ്പിക്കലും സാമ്പത്തിക പ്രതിസന്ധിയും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ച അലപ്പോ, ഡമാസ്കസ്, കൂടാതെ അയൽരാജ്യമായ ലെബനൻ എന്നിവിടങ്ങളിലാണ് ഈ സിസ്റ്റർ തന്റെ സേവനങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചത്. എഞ്ചിനീയറായിരുന്ന സിസ്റ്റർ ആനി, സിറിയൻ ആഭ്യന്തരയുദ്ധത്തിന്റെ അതിരൂക്ഷമായ ഘട്ടത്തിൽ അക്രമത്തിൽപ്പെട്ടവരെ ഉപേക്ഷിച്ചുപോകാൻ വിസമ്മതിക്കുകയും അലപ്പോയിൽ തന്നെ തുടരാൻ തീരുമാനിക്കുകയുമായിരുന്നു.

അപകടങ്ങൾ നിറഞ്ഞ സാഹചര്യത്തിലും കുടുംബങ്ങളെയും പ്രായമായവരെയും നിരാലംബരായ ക്രിസ്ത്യാനികളെയും സേവിക്കുന്നത് അവർ തുടരുന്നു. അങ്ങനെ സംഘർഷത്തിലൂടെ കടന്നുപോകുന്ന നിരവധിയാളുകൾക്ക് പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും സന്ദേശം പകരാൻ ഈ സന്ന്യാസിനിക്ക് കഴിഞ്ഞു. കുടുംബങ്ങളെ അവരുടെ ജീവിതം പുനർനിർമ്മിക്കാനും നിലവിലുള്ള പ്രതിസന്ധികളെ തരണം ചെയ്യാനും സഹായിക്കുന്നതിനായി ആർട്ട് ആൻഡ് മ്യൂസിക് തെറാപ്പി പ്രോഗ്രാമുകൾ, യൂത്ത് പ്രൊജക്റ്റുകൾ, ചെറുകിട സാമ്പത്തിക സംരംഭങ്ങൾ തുടങ്ങായ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സിസ്റ്ററിനു കഴിഞ്ഞു.

2023-ൽ സ്ഥാപിതമായ ‘ക്രിസ്തീയ ധൈര്യത്തിനുള്ള പുരസ്കാരത്തിന്’ ആദ്യമായി അർഹയായത് തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെ നടന്ന മാരകമായ ഭീകരാക്രമണത്തെ അതിജീവിച്ച മാർഗരറ്റ് അറ്റാ ആയിരുന്നു. കഴിഞ്ഞ വർഷം, വിശ്വാസത്തിന്റെ പേരിൽ മാരകമായ കത്തി ആക്രമണത്തെ അതിജീവിക്കുകയും, തന്നെ ആക്രമിച്ചയാളോട് പരസ്യമായി ക്ഷമിക്കുകയും ചെയ്ത ടോബിയാസ് യഹായ എന്ന നൈജീരിയക്കാരനായിരുന്നു പുരസ്‌കാരത്തിന് അർഹനായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.