
“ഇതൊരു വേദനാജനകമായ യാഥാർഥ്യമാണ്, കാരണം കുട്ടികൾക്ക് ഉച്ചഭക്ഷണമോ വൈകുന്നേരത്തെ പലഹാരമോ ലഭിക്കാൻ സ്കൂളിൽ പോകേണ്ടി വരുന്നു. തുടർച്ചയായി വെടിയൊച്ചകൾ ഉയരുന്നതിനാൽ ഞങ്ങളുടെ കുട്ടികളെ കളിക്കാനോ സാധനങ്ങൾ വാങ്ങാനോ പുറത്തേക്ക് വിടാൻ പോലും കഴിയില്ല”- ലഹരിക്കടത്ത് രൂക്ഷമായ ഉറുഗ്വേയിലെ ബോറോയിൽ അധ്യാപക പരിശീലനം നടത്തുന്ന ലൂസിയ പിന്റോസിന്റെ വാക്കുകളാണ് ഇത്. ആക്രമണങ്ങൾ മൂലം ജനജീവിതം വളരെ ദുസ്സഹമായ ഇവിടെ ജനങ്ങൾക്ക് പ്രതീക്ഷ പകരുന്ന ഒരു ദൈവാലയം ഉണ്ട്. ഔർ ലേഡി ഓഫ് ഗ്വാഡലൂപ് ദൈവാലയം. ഇന്ന് ഈ ദൈവാലയം പാപ്പയുടെ സന്ദർശനത്തിനായി കാത്തിരിക്കുകയാണ്.
സംഘർഷങ്ങളും വെടിയൊച്ചകളും പതിവായ ഇടങ്ങൾ
ലഹരി കടത്തുകാരുടെ പരസ്യമായ ഏറ്റുമുട്ടലുകളും വെടിവയ്പ്പുകളും നിത്യസംഭവമായ ബോറോയിൽ ജനജീവിതം അതീവ ദുഷ്കരമാണ്. വെടിവയ്പ്പ് തുടങ്ങുമ്പോൾ പ്രാണരക്ഷാർധം ഒളിക്കേണ്ടി വരുന്ന ഭീകരമായ സാഹചര്യമാണ് കുട്ടികളും മുതിർന്നവരും നേരിടുന്നത്. ഈ പശ്ചാത്തലത്തിലാണ് മാർപാപ്പ ഇവിടെയെത്തുന്നത്.
“ഒരു നിശ്ചിത സമയം കഴിഞ്ഞാൽ വീടുകൾക്കുള്ളിലേക്ക് കയറണമെന്ന് കുടുംബങ്ങൾക്ക് അറിയാം. വെടിവയ്പ്പ് തുടങ്ങുമ്പോൾ എല്ലാവരും നിലത്തേക്ക് വീഴും, കാരണം എവിടെനിന്നോ പാഞ്ഞുവരുന്ന വെടിയുണ്ട ആർക്ക് വേണമെങ്കിലും കൊള്ളാം. അത് മെഷീൻ ഗണ്ണുകളിൽ നിന്നുള്ള തുടർച്ചയായ വെടിയുതിർക്കലുകളാണ്, വെടിയുണ്ടകൾ പതിക്കുന്നത് എവിടെയെന്ന് പറയാനാകില്ല”- നിലവിലെ ഭീകരമായ സാഹചര്യത്തെക്കുറിച്ച് ഔർ ലേഡി ഓഫ് ഗ്വാഡലൂപ് ഇടവക വികാരിയായ ഫാദർ പബ്ലോ കോയിംബ്ര പറയുന്നു.
ഔദ്യോഗിക കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെ മോണ്ടിവീഡിയോയിൽ രേഖപ്പെടുത്തിയ 98 കൊലപാതകങ്ങളിൽ (കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 13.5 ശതമാനം കൂടുതൽ) 46 ശതമാനത്തിലധികവും നടന്നത് ബോറോയിലും സമീപ പ്രദേശങ്ങളിലുമാണ്.
പ്രത്യാശയുടെ പ്രതീകമായ ദൈവാലയം
അക്രമങ്ങളും ദാരിദ്ര്യവും നിറഞ്ഞ ഈ പ്രദേശത്ത് ജനങ്ങൾക്ക് ആശ്രയമായി കത്തോലിക്കാ സഭ ഒപ്പമുണ്ട്. ഇടവകയുടെ നേതൃത്വത്തിൽ ഭവന നിർമ്മാണ പദ്ധതികൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ലഹരി വിമുക്ത പ്രവർത്തനങ്ങൾ എന്നിവ സജീവമായി നടപ്പാക്കുന്നുണ്ട്. ആംബുലൻസുകൾ പള്ളിവരെ മാത്രമേ വരികയുള്ളൂ എന്നതിനാൽ നാട്ടുകാർ പരിക്കേറ്റവരെ ഇവിടെ കൊണ്ടുവരുന്നു. കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനായി, ശുചിമുറി സൗകര്യങ്ങളോടുകൂടിയ 100-ലധികം ഭവനങ്ങൾ നിവാസികൾ തന്നെ നിർമ്മിക്കുന്ന സോഷ്യൽ ഹൗസിംഗ് പ്രോജക്റ്റുകൾക്ക് ഇടവക നേതൃത്വം നൽകുന്നു; ഇത് നാട്ടുകാർക്ക് തൊഴിലവസരവും നൽകുന്നുണ്ട്.
കുറ്റകൃത്യങ്ങളുടെ ലോകം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന നിരവധി യുവാക്കൾ ഇവിടെയുണ്ടെന്ന് ഇടവക വികാരി സാക്ഷ്യപ്പെടുത്തുന്നു. തിങ്കളാഴ്ചകളിൽ, ഇടവക ഭവനരഹിതർക്കായി പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കുന്നു; നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് ആളുകളാണ് ഇതിൽ പങ്കെടുക്കാൻ എത്തുന്നത്. “കുളിക്കാനുള്ള സൗകര്യത്തിനും രണ്ടുനേരത്തെ ഭക്ഷണത്തിനും വേണ്ടിയാണ് അവർ വരുന്നതെങ്കിലും, പ്രധാനമായും തങ്ങളുടെ സങ്കടങ്ങൾ ആരോടെങ്കിലും തുറന്നുപറയാനാണ് അവർ ആഗ്രഹിക്കുന്നത്,” ഫാദർ കോയിംബ്ര പറഞ്ഞു.
ദിവ്യകാരുണ്യം നൽകുമ്പോൾ, ഭൂരിഭാഗം പേരും തങ്ങളുടെ കൈകൾ നെഞ്ചിനു കുറുകെ വച്ച് നിൽക്കുന്നു; അവർ മാമോദീസ സ്വീകരിച്ചിട്ടില്ല എന്നതിന്റെ സൂചനയാണിത്. കത്തോലിക്കാ സഭയുടെ കണക്കുകൾ പ്രകാരം, 2025-ൽ ഉറുഗ്വേയിൽ ജനിച്ച 30,000 കുട്ടികളിൽ 2,200 പേർ മാത്രമാണ് മാമോദീസ സ്വീകരിച്ചത്.
ഇത്തരം സാഹചര്യത്തിൽ ആണ് പ്രതീക്ഷയുടെയും പ്രത്യാശയുടെയും പ്രതീകമായി ലെയോ പാപ്പയുടെ സന്ദർശനം നടക്കുന്നത്. ഈ കലുഷിതമായ സാഹചര്യത്തിൽ സമാധാനം സ്ഥാപിക്കുവാൻ പാപ്പയുടെ സന്ദർശനത്തിന് കഴിയും എന്ന പ്രത്യാശയിൽ ഈ ഇടവക മുഴുവൻ കാത്തിരിക്കുകയാണ്.




