ഡെബോറയെ കൊലപ്പെടുത്തിയ പ്രതികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നൈജീരിയയിൽ മൂന്ന് ദൈവാലയങ്ങൾക്കു നേരെ ആക്രമണം

ഡെബോറയെ കൊലപ്പെടുത്തിയ പ്രതികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നൈജീരിയയിൽ മൂന്ന് ദൈവാലയങ്ങൾക്കു നേരെയും ക്രിസ്ത്യൻ ഉടമസ്ഥതയിലുള്ള മറ്റ് സ്റ്റോറുകൾക്കു നേരെയും ആക്രമണം നടത്തുകയും അവ കൊള്ളയടിക്കുകയും ചെയ്തു. മുസ്ലീം ഭൂരിപക്ഷമുള്ള വടക്കൻ നൈജീരിയയിലെ സോകോട്ടോയിലാണ് ഈ ദൈവാലയങ്ങൾ. മതനിന്ദ ആരോപിച്ച് ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥിനിയായ ഡെബോറ ഇമ്മാനുവലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട രണ്ട് മുസ്ലീം പുരുഷന്മാരെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് അക്രമം.

ഹോളി ഫാമിലി കാത്തലിക് കത്തീഡ്രൽ, സെന്റ് കെവിൻസ് കാത്തലിക് ചർച്ച്, ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ (ഇസിഡബ്ല്യുഎ) എന്നീ മൂന്ന് ദൈവാലയങ്ങളാണ് പ്രതിഷേധക്കാർ തകർത്തത്. സോകോട്ടയിൽ ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ ഒരു പുതിയ ആശുപത്രിക്ക് കേടുപാടുകൾ വരുത്തിയും ബസുകളും സ്റ്റോറുകളും നശിപ്പിച്ചും ക്രിസ്ത്യൻ സ്ഥാപങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്. കലാപം ആരംഭിച്ചതിനെ തുടർന്ന് ഗവർണർ അമിനു വസീരി തമ്പുവൽ സോകോട്ടോയിൽ 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി. പ്രദേശത്തെ ക്രിസ്ത്യൻ സ്റ്റോറുകൾ റെയ്ഡ് ചെയ്യാനുള്ള പ്രതിഷേധക്കാരുടെ ശ്രമങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു.

“ഇത്തരം കുറ്റകൃത്യങ്ങൾ മുൻകാലത്തേക്കാൾ വർദ്ധിക്കുന്നത് സുരക്ഷാ ഏജൻസികളുടെയും സർക്കാരിന്റെയും പരാജയമായിട്ടാണ് കാണുന്നത്. തീവ്രവാദികളെയും കൊള്ളക്കാരെയും നിലയ്ക്ക് നിർത്താൻ ഭരണകൂടം പരാജയപ്പെടുന്നിടത്തോളം കാലം ഈ സമൂഹം അവരുടെ കൊലക്കളമായി തുടരും” – നൈജീരിയയിലെ ക്രിസ്ത്യൻ അസ്സോസിയേഷനിലെ പ്രമുഖ നേതാവായ ജോസഫ് ദാരമോള അക്രമത്തോട് പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.