
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ പുതിയ ദൈവാലയത്തിന്റെ കൂദാശയ്ക്കിടെ ഒരു സംഘം ആളുകൾ ദൈവാലയം തകർക്കുകയും പുരോഹിതരെയും വിശ്വാസികളെയും ആക്രമിക്കുകയും ചെയ്തു. ബിഷപ്പ് സുബ്രതോ ചക്രവർത്തിയും നിരവധി പുരോഹിതന്മാരും വിശ്വാസികളും പള്ളിയുടെ കൂദാശ ചടങ്ങിനായി ഇവിടെ ഒത്തുകൂടിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബസന്തി പൊലീസ് സ്റ്റേഷൻ പരിധിയിലെ നാരായൺതലയിലാണ് സംഭവം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അക്രമികൾ പള്ളിയിലെ കുരിശ് തകർക്കുകയും പുരോഹിതരെയും വിശ്വാസികളെയും മർദിക്കുകയും സംഭവം ചിത്രീകരിക്കാൻ ശ്രമിച്ചവരുടെ മൊബൈൽ ഫോണുകൾ തകർക്കുകയും ചെയ്തതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. “30 മുതൽ 35 വരെ ആളുകൾ അടങ്ങുന്ന സംഘം പള്ളി വളപ്പിൽ അതിക്രമിച്ചു കയറി അവിടെയുണ്ടായിരുന്നവരെ ആക്രമിച്ചതായി ഞങ്ങൾക്ക് പരാതി ലഭിച്ചിട്ടുണ്ട്. സ്ത്രീകളെയും ആക്രമിക്കുകയും അവരുടെ പരമ്പരാഗത ‘ശാഖ’ (വെളുത്ത വളകൾ) ഊരി മാറ്റാൻ നിർബന്ധിക്കുകയും തുടർന്ന് പള്ളിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു,” ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പള്ളി വളപ്പിൽ മതപരമായ പ്രവർത്തനങ്ങൾ നടത്തുന്നത് തടയുമെന്ന് ആക്രമികൾ ഭീഷണിപ്പെടുത്തിയതായി സഭാ അംഗങ്ങളും വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തെ ശക്തമായി അപലപിച്ച ബംഗിയ ക്രിസ്തിയ പരിഷേബ (BCP) എന്ന ക്രിസ്ത്യൻ സംഘടന, ഈ ആക്രമണം ന്യൂനപക്ഷ സമുദായത്തെ ഭയപ്പെടുത്താനുള്ള ശ്രമമാണെന്ന് വിശേഷിപ്പിച്ചു.




