കർണാടകയിൽ ക്രിസ്ത്യൻ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഹിന്ദുത്വവാദികൾ ബൈബിൾ കത്തിച്ചു

അറുപത്തിരണ്ടു വയസുള്ള ക്രിസ്ത്യൻ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഹിന്ദുത്വവാദി സംഘം ബൈബിൾ അഗ്നിക്കിരയാക്കി. കർണാടകയിലെ ചിത്രദുർഗ്ഗയിൽ ഹിരിയൂർ താലൂക്കിലെ മല്ലേനു ഗ്രാമത്തിലെ ഏകാന്തമ്മയുടെ വീട്ടിലാണ് സംഭവം നടന്നത്. ബൈബിൾ അഗ്നിക്കിരയാക്കിയതിനു പുറമേ ഹിന്ദുത്വവാദികൾ ഏകാന്തമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

എകാന്തമ്മ സുഖമില്ലാത്തതിനെ തുടർന്ന് ഹിരിയൂരിലെ ഒരു ക്രൈസ്തവ ദേവാലയത്തിൽ പോയി പ്രാർത്ഥിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അവർ തന്റെ പിതാവായ രാമ നായിക്കിനോടും പറഞ്ഞിരുന്നു. പള്ളിയിലുള്ളവർ വൈകിട്ട് ഏകാന്തമ്മയുടെ വീട്ടിലെത്തി പ്രാർത്ഥന നടത്തി. പ്രാർത്ഥന കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോൾ കാവി ഷാൾ ധരിച്ച ഹിന്ദുത്വവാദി സംഘമെത്തി  പ്രശ്നമുണ്ടാക്കുകയായിരുന്നു എന്ന് ‘ഇന്ത്യാ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു. “ഏതെങ്കിലും പുരോഹിതൻ ഗ്രാമത്തിലേക്കു വന്നാൽ ഞങ്ങൾ മർദ്ദിക്കും. സംശയമുണ്ടെങ്കിൽ വിളിച്ചു നോക്ക്, ഞങ്ങൾ കാണിച്ചു തരാം” എന്നു പറഞ്ഞാണ് ഹിന്ദുത്വവാദികൾ ഏകാന്തമ്മയെ ഭീഷണിപ്പെടുത്തിയതെന്ന് ദൃക്സാക്ഷികളായ അയൽക്കാർ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.