
അമേരിക്കൻ സംസ്ഥാനമായ മെയ്നിൽ പെൺകുട്ടികളുടെ കായിക മത്സരങ്ങളിൽ പെൺകുട്ടികൾക്ക് മാത്രമായി പങ്കാളിത്തം പരിമിതപ്പെടുത്തണമെന്ന ആവശ്യവുമായി ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയാണ് ലെയ്‌ലാൻഡ് സ്ട്രീഫ് എന്ന മൂന്ന് കുട്ടികളുടെ പിതാവ്. വരുന്ന നവംബറിലെ വോട്ടെടുപ്പിൽ ഈ വിഷയം ജനവിധിക്ക് വിടാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി നിലവിൽ ചില നിയമതടസ്സങ്ങൾ നേരിട്ടിട്ടുണ്ട്. ആവശ്യമായ 67,682 ഒപ്പുകൾക്ക് പകരം 82,000 – ത്തിലധികം ഒപ്പുകൾ ശേഖരിച്ചെങ്കിലും സാങ്കേതികപരമായ പിഴവുകൾ ചൂണ്ടിക്കാട്ടി 1,500 ഒപ്പുകൾ സംസ്ഥാന അധികൃതരും കോടതിയും അസാധുവാക്കി.
ഇതോടെ വെറും 532 ഒപ്പുകളുടെ കുറവിലാണ് ഈ വർഷത്തെ ജനവിധി പട്ടികയിൽ നിന്ന് ഈ വിഷയം തൽക്കാലം പുറത്തായത്. എന്നാൽ ഈ നീക്കത്തിൽ പിന്മാറാൻ ലെയ്‌ലാൻഡ് സ്ട്രീഫും അദ്ദേഹത്തിന്റെ കൂട്ടായ്മയും തയ്യാറല്ല. കേസ് ഫെഡറൽ കോടതിയിലേക്ക് കൊണ്ടുപോകുന്ന സ്ട്രീഫ് ഈ വർഷമല്ലെങ്കിൽ അടുത്ത വർഷമെങ്കിലും മെയ്നിലെ ജനങ്ങൾ ഇതിൽ അന്തിമ തീരുമാനമെടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
മെയ്നിൽ എത്തിയിട്ട് രണ്ടര വർഷം മാത്രം പിന്നിടുന്ന ലെയ്‌ലാൻഡ് സ്ട്രീഫ് മുൻപ് രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. ന്യൂയോർക്കിലെ പ്രമുഖ പരസ്യ ഏജൻസികളിലും ഡെലോയിറ്റ് കൺസൾട്ടിംഗിലും ഉന്നത പദവികൾ വഹിച്ച ശേഷം 43 -ാം വയസ്സിൽ അദ്ദേഹം കോർപ്പറേറ്റ് ജീവിതത്തിൽ നിന്ന് വിരമിക്കുകയായിരുന്നു.
മുൻപ് ന്യൂജേഴ്‌സിയിൽ താമസിക്കുമ്പോൾ തന്റെ രണ്ടാം ക്ലാസുകാരിയായ മകൾക്ക് സ്കൂളിൽ നിന്ന് ലഭിച്ച ലിംഗസമത്വത്തെക്കുറിച്ചും ലൈംഗിക ആശയങ്ങളെക്കുറിച്ചുമുള്ള ചില പാഠങ്ങളാണ് സ്ട്രീഫിന്റെ ചിന്തകളെ മാറ്റിയത്. തുടർന്ന് കൂടുതൽ ശാന്തവും വിശ്വാസാധിഷ്ഠിതവുമായ ജീവിതത്തിനായി കുടുംബത്തോടൊപ്പം മെയ്നിലേക്ക് താമസം മാറ്റുകയായിരുന്നു.
’മെയ്ൻ ഗേൾ ഡാഡ്‌സ്’ രൂപീകരണം
മെയ്നിൽ എത്തിയെങ്കിലും സമാനമായ സാഹചര്യങ്ങൾ തന്നെയാണ് പൊതു വിദ്യാലയങ്ങളിലും കായിക രംഗത്തും അവർക്ക് കാണാൻ സാധിച്ചത്. ആൺകുട്ടികളായി ജനിച്ച് പിന്നീട് ലിംഗമാറ്റം വരുത്തിയവർ പെൺകുട്ടികളുടെ കായിക ഇനങ്ങളിൽ മത്സരിച്ച് ട്രോഫികളും മെഡലുകളും സ്വന്തമാക്കുന്നത് പെൺകുട്ടികൾക്ക് തുല്യ അവസരം നിഷേധിക്കലാണെന്ന് സ്ട്രീഫ് ചൂണ്ടിക്കാണിക്കുന്നു.
ഇതിനെ തുടർന്ന് ‘മെയ്ൻ ഗേൾ ഡാഡ്‌സ്’ എന്ന പേരിൽ 8,000 – ത്തോളം പിതാക്കന്മാരുടെ ഒരു സഖ്യം രൂപീകരിക്കപ്പെടുകയും ‘പ്രൊട്ടക്ട് ഗേൾസ് സ്പോർട്സ് ഇൻ മെയ്ൻ’ എന്ന ക്യാമ്പയിന് നേതൃത്വം നൽകുകയും ചെയ്തു. പെൺകുട്ടികളുടെ കായികരംഗം, ഡ്രസ്സിംഗ് റൂമുകൾ, സ്വകാര്യ ഇടങ്ങൾ എന്നിവയുടെ സുരക്ഷയും തുല്യാവകാശവും ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ശക്തമായ എതിർപ്പുകളും ഭാവി പ്രതീക്ഷകളും
സ്ട്രീഫിന്റെ ഈ നീക്കത്തിന് മെയ്നിലെ ഭൂരിഭാഗം സാധാരണക്കാരുടെയും പിന്തുണയുണ്ടെങ്കിലും ചില പുരോഗമന സംഘടനകളിൽ നിന്നും വൻകിട നിയമസ്ഥാപനങ്ങളിൽ നിന്നും ശക്തമായ നിയമപരമായ എതിർപ്പുകൾ നേരിടേണ്ടി വരുന്നുണ്ട്. എങ്കിലും മാറ്റങ്ങൾ കൊണ്ടുവരാൻ സാധാരണക്കാരനായ ഏതൊരാൾക്കും സാധിക്കുമെന്ന സന്ദേശമാണ് ഈ പോരാട്ടത്തിലൂടെ താൻ നൽകുന്നതെന്ന് സ്ട്രീഫ് പറയുന്നു.
തന്റെ വിശ്വാസവും പ്രവൃത്തിയും ഒന്നിച്ചു കൊണ്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പെൺകുട്ടികളുടെ നീതിയായ അവകാശങ്ങൾക്കായി അവസാന നിമിഷം വരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.




