
1917 ഒക്ടോബർ 13, പോർച്ചുഗലിലെ ഫാത്തിമയിൽ നടന്ന മരിയൻ പ്രത്യക്ഷീകരണത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ദർശനം ലഭിച്ച കുട്ടികളിൽ ഒരാളായിരുന്നു ലൂസിയ. ഇവർ പിന്നീട് കർമ്മലീത്ത സഭയിൽ അംഗമായി. ഒക്ടോബർ 13 -ന് അവർക്ക് ലഭിച്ച അവസാനത്തെ ദർശനത്തിൽ വ്യാകുലമാതാവും ഉണ്ണിയേശുവും യൗസേപ്പിതാവും ആയിരുന്നു പ്രത്യക്ഷപ്പെട്ടത്. ഈ സംഭവം ലൂസിയ കർമ്മലീത്ത സഭാ വൈദികനായ ഫാ. ഡൊണാൾഡ് ഒ കല്ലഗാനോട് വിവരിച്ചിരുന്നു.
ഉത്തരീയത്തെക്കുറിച്ച് പ്രത്യേകിച്ച് ഒരു വിശദീകരണവും പരിശുദ്ധ അമ്മ ദർശനത്തിന്റെ സമയത്ത് നൽകിയിരുന്നില്ലെന്നാണ് സി. ലൂസിയ അദ്ദേഹത്തോട് വ്യക്തമാക്കിയത്. എന്നാൽ കർമ്മലീത്ത മാതാവായി അമ്മ വരുമെന്നു പറഞ്ഞു. ആ സമയത്ത് ധരിച്ച ഉത്തരീയം ലോകമെമ്പാടും പ്രചരിക്കുവാൻ അമ്മ ആഗ്രഹിച്ചിരുന്നതായി പിന്നീട് ഫാ. ഡൊണാൾഡ് പറഞ്ഞു.
ഫാത്തിമ ദർശനവും ഉത്തരീയവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന് സി. ലൂസിയ നൽകിയ മറുപടി ഇപ്രകാരമാണ്: “ഉത്തരീയവും ജപമാലയും വേർതിരിച്ചു കാണാൻ സാധിക്കില്ല. ഉത്തരീയമെന്നത് പരിശുദ്ധ അമ്മയോടുള്ള സമർപ്പണത്തിന്റെ അടയാളമാണ്. നാം എല്ലാവരും ഉത്തരീയം ധരിക്കണമെന്ന് പരിശുദ്ധ അമ്മ ആഗ്രഹിക്കുന്നു.”
1950 ഫെബ്രുവരി 11 -ന് പന്ത്രണ്ടാം പിയൂസ് മാർപാപ്പ മരിയൻഭക്തികളിൽ ഒന്നാമതായി ഉത്തരീയത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചിരുന്നു.




