​101-ാം വയസ്സിലും വിരമിക്കാത്ത മാധ്യമപ്രവർത്തക: അദ്ഭുതപ്പെടുത്തും ഐലീന്റെ ജീവിതം

​ദീർഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല. വ്യായാമമുറകളും കർശനമായ ഡയറ്റുകളും നിറഞ്ഞ ഇന്നത്തെ ലോകത്ത് 101 വയസ്സിലും സജീവമായി ജോലി ചെയ്യുകയും പൂർണ്ണ സ്വാതന്ത്ര്യത്തോടെ ജീവിക്കുകയും ചെയ്യുന്ന ഐലീൻ ലവിൻ എന്ന മാധ്യമപ്രവർത്തകയുടെ ജീവിതം നമ്മെ അദ്ഭുതപ്പെടുത്തും. ഈ പ്രായത്തിലും മറ്റൊരാളുടെയും സഹായമില്ലാതെ സ്വതന്ത്രമായി ജീവിക്കുന്ന ഐലീൻ, ഇപ്പോഴും മാധ്യമരംഗത്ത് സജീവമായി ജോലി ചെയ്യുന്നുമുണ്ട്.

‘മൊമെന്റ്’ (Moment) എന്ന മാഗസിന്റെ സീനിയർ എഡിറ്ററായി ആഴ്ചതോറും വാർത്തകൾ എഡിറ്റ് ചെയ്യുന്ന തിരക്കിലാണവർ. ​തന്റെ മാനസികവും ശാരീരികവുമായ ഉന്മേഷത്തിന് പിന്നിലെ മൂന്ന് പ്രധാന ശീലങ്ങളെക്കുറിച്ച് ഐലീൻ ലവിൻ തുറന്നുപറയുന്നു.

​1. തലച്ചോറിനെ എപ്പോഴും സജീവമായി നിലനിർത്തുക

കായികമായ വ്യായാമങ്ങളേക്കാൾ തലച്ചോറിന്റെ വ്യായാമങ്ങൾക്കാണ് ഐലീൻ പ്രാധാന്യം നൽകുന്നത്. ദിവസവും രാവിലെ എഴുന്നേറ്റ് പ്രഭാതഭക്ഷണം തനിയെ തയ്യാറാക്കിയ ശേഷം ‘ദി ന്യൂയോർക്ക് ടൈംസ്’, ‘ദി വാഷിംഗ്ടൺ പോസ്റ്റ്’ തുടങ്ങിയ പ്രമുഖ പത്രങ്ങളും മാസികകളും അവർ വായിച്ചുതീർക്കുന്നു. ക്രോസ്‌വേഡ് പസിലുകൾ പരിഹരിക്കുക, ഓൺലൈൻ പ്രഭാഷണങ്ങൾ കേൾക്കുക, ക്വിസ് പ്രോഗ്രാമുകൾ കാണുക എന്നിവ വഴി അവർ തന്റെ ബുദ്ധിശക്തിയെ എപ്പോഴും മൂർച്ചയുള്ളതാക്കി നിർത്തുന്നു.

​2. സമൂഹത്തിന് എപ്പോഴും എന്തെങ്കിലും സംഭാവന ചെയ്യുക

എപ്പോഴും കാര്യങ്ങളെ നല്ല രീതിയിൽ കാണാനും, സമൂഹത്തിന് നമ്മളാൽ കഴിയുന്ന സംഭാവനകൾ നൽകാനും തന്റെ അമ്മ പഠിപ്പിച്ച കാര്യങ്ങൾ ആണ് ഐലീന്റെ കരുത്ത്. 1962 – ൽ ഒരു റൈറ്റിംഗ് ആന്റ് എഡിറ്റിംഗ് ഏജൻസിക്ക് തുടക്കമിട്ട അവർ പ്രായം വെറുമൊരു അക്കമാണെന്ന് തെളിയിച്ചുകൊണ്ട് ഇന്നും പ്രൊഫഷണൽ രംഗത്ത് സജീവമായി തുടരുന്നു.

​3. മനുഷ്യരുമായി നല്ല ബന്ധം പുലർത്തുക

വാർദ്ധക്യകാലത്തെ ഒറ്റപ്പെടലിനെക്കുറിച്ച് പലരും ആശങ്കപ്പെടുമ്പോൾ ഐലീന് അതിന് സമയമില്ല. അയൽക്കാരുമായി ചേർന്ന് കാർഡ് കളിക്കാനും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഇമെയിൽ വഴിയും നേരിട്ടും നിരന്തരം സമ്പർക്കം പുലർത്താനും അവർ ശ്രദ്ധിക്കുന്നു. വ്യത്യസ്ത പ്രായത്തിലുള്ള ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നത് മനസ്സിന് യൗവനം നിലനിർത്താൻ സഹായിക്കുമെന്നാണ് അവരുടെ മകളുടെ സാക്ഷ്യപ്പെടുത്തൽ.

​വാർദ്ധക്യം എന്നത് വിശ്രമിക്കാനുള്ള കാലം മാത്രമല്ല മറിച്ച് മനസ്സിന് താല്പര്യമുള്ള കാര്യങ്ങൾ ചെയ്തുകൊണ്ട് ജീവിതം കൂടുതൽ മനോഹരമാക്കാനുള്ള അവസരമാണെന്ന് ഐലീൻ ലവിൻ തെളിയിക്കുന്നു. അവരുടെ ജീവിതശൈലി പുതിയ തലമുറയ്ക്ക് വലിയൊരു മാതൃകയാണ്.

സീനിയ എൽസ ഇഗ്‌നേഷ്യസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.