
വിശുദ്ധ കാർലോ അക്കുത്തിസ് ദൈവവുമായുള്ള ബന്ധത്തിന് ജീവിതത്തിൽ ഏറ്റവും വലിയ മുൻഗണന നൽകിയ കൗമാരക്കാരനായ വിശുദ്ധനാണ്. പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും മുഴുകിയിരുന്നെങ്കിലും, വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിലും ദിവ്യകാരുണ്യ ആരാധനയിൽ സംബന്ധിക്കുന്നതിലുമൊക്കെ കാർലോ അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ദൈവത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് സഹജീവികളോട് സ്നേഹവും കാരുണ്യവും കാണിക്കുന്നതിലൂടെയാണെന്ന് വിശുദ്ധൻ മനസ്സിലാക്കിയിരുന്നു.
വർഷങ്ങളോളം അക്കുത്തിസ് കുടുംബത്തിൽ ജോലി ചെയ്യുകയും കാർലോയുടെ പള്ളി സന്ദർശനങ്ങളിലും യാത്രകളിലും അദ്ദേഹത്തോടൊപ്പം പോകുകയും ചെയ്തിരുന്ന രാജേഷ് മോഹൂർ, ആ യുവാവിൽ നിന്ന് താൻ അനുഭവിച്ച മനോഹരവും ഹൃദയസ്പർശിയായതുമായ ഒരു കഥ ഒരു അഭിമുഖത്തിൽ പങ്കുവെച്ചു. അത് ഇപ്രകാരമായിരുന്നു.
ഒരു ദിവസം, പള്ളിയിൽ എത്തിയപ്പോൾ, നടപ്പാതയിൽ ഉറങ്ങിക്കിടക്കുന്ന ഒരു വീടില്ലാത്ത മനുഷ്യനെ കാർലോ കണ്ടു. ഈ കാഴ്ച കണ്ടപ്പോൾ കൊച്ചു വിശുദ്ധന്, കണ്ണുനീർ അടക്കാൻ കഴിഞ്ഞില്ല. അയാളുടെ പേര് ഇമ്മാനുവേൽ. ഞങ്ങൾ ആരാധനയ്ക്കായി അകത്തേക്ക് പോകുകയായിരുന്നു, ആ മനുഷ്യൻ ഒരു കാർഡ്ബോർഡ് കഷണത്തിൽ കിടക്കുന്നത് കാർലോ കണ്ടു. അവൻ കരയാൻ തുടങ്ങി. അയാൾ തണുപ്പുകൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. അയാൾക്കുവേണ്ടി കാർലോ മാതാപിതാക്കളോട് സംസാരിച്ചു. വീടില്ലാത്ത അയാൾക്ക് ഊഷ്മളമായി ഉറങ്ങാൻ വേണ്ടി കാർഡ്ബോർഡിൽ കിടക്കുന്നതിനു പകരം ഒരു സ്ലീപ്പിംഗ് ബാഗ് വാങ്ങാൻ അവൻ അമ്മയോട് ആവശ്യപ്പെട്ടു. പിന്നെ എല്ലാ രാത്രിയിലും ആ മനുഷ്യന് ഭക്ഷണം എത്തിക്കാൻ തന്നോടൊപ്പം വരാൻ അവൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.”
മോഹറിന്റെ അഭിപ്രായത്തിൽ, കാർലോ “എപ്പോഴും ദരിദ്രരെക്കുറിച്ച് ശ്രദ്ധാലുവായിരുന്നു”, കഴിയുന്നത്ര ആളുകളെ സഹായിക്കുക എന്നത് അദ്ദേഹത്തിന്റെ ഒരു ലക്ഷ്യമായിരുന്നു. ഭക്ഷണം ഇല്ലാത്തവർക്ക് എത്തിക്കുന്നതിനായി സ്വന്തം അത്താഴത്തിൽ നിന്ന് കുറച്ച് മാറ്റിവയ്ക്കുക എന്നതായിരുന്നു അവന്റെ ദിനചര്യയുടെ ഒരു ഭാഗം. വീടില്ലാത്തവർക്ക് പുതപ്പുകളും മറ്റ് അടിസ്ഥാന ആവശ്യങ്ങളും വാങ്ങാൻ കാർലോ പണം സ്വരുക്കൂട്ടി.
ഒരിക്കൽ, മിലാനിലെ തണുത്ത ശൈത്യകാലത്ത്, നഗ്നപാദനായി ഒരാളെ കാർലോ കണ്ടപ്പോൾ സ്വന്തം ഷൂസ് അയാൾക്ക് നൽകി സോക്സ് മാത്രം ധരിച്ച് വീട്ടിലേക്ക് നടന്നു.
കാർലോ “വളരെ പ്രത്യേകതയുള്ള, വളരെ ആഴത്തിലുള്ള വിശ്വാസമുള്ള ഒരു ആൺകുട്ടിയായിരുന്നു” അദ്ദേഹം തന്നെ പല കാര്യങ്ങളും പഠിപ്പിച്ചുവെന്നും മോഹൂർ എടുത്തുപറഞ്ഞു.
1991 മെയ് 3 ന് ലണ്ടനിൽ ജനിച്ച കാർലോ പിന്നീട് ഇറ്റലിയിലെ മിലാനിൽ താമസിച്ചു. ചെറുപ്പം മുതലേ, കമ്പ്യൂട്ടറുകളിൽ അസാധാരണമായ കഴിവ് പ്രകടിപ്പിച്ച അദ്ദേഹം, സുവിശേഷവത്ക്കരണത്തിനായി കമ്പ്യൂട്ടറുകൾ ഉപയോഗിച്ചു, ദിവ്യകാരുണ്യ അദ്ഭുതങ്ങളെക്കുറിച്ചുള്ള ഒരു വെബ്‌സൈറ്റ് സൃഷ്ടിച്ചു. ദിവസേന സ്വീകരിച്ചിരുന്ന ദിവ്യകാരുണ്യത്തോട് ആഴമായ വിശ്വാസവും സ്നേഹവും, പരിശുദ്ധ മാതാവിനോടുള്ള ഭക്തിയിലും കാർലോ പ്രശസ്തനായിരുന്നു.




