മക്കളെ നഷ്ടപ്പെടുമോ എന്ന ഭയം, സ്വത്ത് തട്ടിയെടുക്കൽ; നിർബന്ധിത വിവാഹക്കെണിയിൽ അഫ്ഗാൻ വിധവകൾ!

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതോടെ, നൂറ്റാണ്ടുകൾ പഴക്കമുള്ളതും സ്ത്രീകളുടെ ജീവിതത്തെ തകർക്കുന്നതുമായ ഒരു ഗോത്രാചാരം വീണ്ടും വ്യാപകമാകുന്നതായി വനിതാ അവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ഭർത്താവ് മരണപ്പെട്ട സ്ത്രീകളെ ഭർത്താവിന്റെ സഹോദരനെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്ന രീതി അഫ്ഗാനിസ്ഥാനിലെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് വിദൂര ഗ്രാമങ്ങളിൽ വർധിച്ചുവരികയാണ്. സ്വന്തം മക്കളും കിടപ്പാടവും നഷ്ടപ്പെടുമോ എന്ന ഭയത്താൽ നിരവധി വിധവകൾ നിസ്സഹായരായി ഈ നിർബന്ധിത വിവാഹങ്ങൾക്ക് വഴങ്ങുന്നു.

“അഭിമാനത്തിന്റെ” പേരിലുള്ള അന്ത്യശാസനം

നാലുവർഷം മുൻപ് വാഹനാപകടത്തിൽ ഭർത്താവ് മരിക്കുമ്പോൾ മറീനയ്ക്ക് (യഥാർഥ പേരല്ല) 24 വയസ്സായിരുന്നു പ്രായം. ഭർത്താവിന്റെ വിയോഗത്തിന്റെ വേദന മാറും മുൻപേ സഹോദരനെ വിവാഹം കഴിക്കണമെന്ന് കുടുംബം അവളോട് ആവശ്യപ്പെട്ടു. “നീ ഞങ്ങളുടെ കുടുംബത്തിന്റെ അഭിമാനമാണ്. നീ പോയാൽ ഞങ്ങൾക്ക് അഭിമാനമില്ലെന്ന് ആളുകൾ പറയും” എന്നായിരുന്നു മറീനയോട് അവർ പറഞ്ഞത്. വിവാഹത്തിന് തയ്യാറായില്ലെങ്കിൽ മൂന്ന് മക്കളെയും തട്ടിയെടുക്കുമെന്നും വീട്ടിൽ നിന്ന് പുറത്താക്കുമെന്നും കുടുംബം ഭീഷണിപ്പെടുത്തി. സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിച്ചെങ്കിലും അതിനുള്ള സാഹചര്യങ്ങളുണ്ടായിരുന്നില്ല. തന്നേക്കാൾ 25 വയസ്സ് കൂടുതലുള്ള ഭർത്താവിന്റെ സഹോദരനെ വിവാഹം കഴിക്കേണ്ടി വന്ന മറീനയ്ക്ക് ഇപ്പോൾ ഒരു കുഞ്ഞുകൂടിയുണ്ട്. എന്നാൽ വിവാഹജീവിതം അക്രമം നിറഞ്ഞതാണെന്നും സമൂഹത്തിന്റെ പരിഹാസവും ഭർത്താവിന്റെ പീഡനവും നേരിടേണ്ടി വരുന്നതായും അവൾ വേദനയോടെ പങ്കുവയ്ക്കുന്നു.

സ്വത്ത് തട്ടിയെടുക്കലും സാമ്പത്തിക ഞെരുക്കവും

സ്ത്രീകളെ കുടുംബത്തിന്റെ സ്വത്തായി കാണുന്ന കാഴ്ചപ്പാടിൽ നിന്നാണ് ഇത്തരം ആചാരങ്ങൾ ഉടലെടുക്കുന്നത്. എന്നാൽ പലപ്പോഴും വിധവകൾക്ക് അവകാശപ്പെട്ട സ്വത്ത് ഭർത്താവിന്റെ കുടുംബത്തിൽ തന്നെ നിലനിർത്താനും അവർക്ക് അവകാശം നൽകാതിരിക്കാനുമാണ് ഇത് ഉപയോഗിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 2021-ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം സ്ത്രീകൾക്ക് മിക്ക ജോലികളും നിരോധിച്ചു. ഇതോടെ വിധവകൾക്ക് സ്വന്തമായി ഉപജീവനം കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ടായി. മാത്രമല്ല നിർബന്ധിത വിവാഹങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമങ്ങളും കോടതി സംവിധാനങ്ങളും താലിബാൻ ഇല്ലാതാക്കി. ഇത്തരം വിഷയങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളെയും നിരോധിച്ചു. വിവാഹം നിരസിച്ചതിന് 2024-ൽ ഒരു വിധവയെ ഭർത്താവിന്റെ സഹോദരൻ വെടിവച്ച് കൊന്ന സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഉത്തരവുകളും യാഥാർഥ്യവും

2021-ൽ നിർബന്ധിത വിവാഹം നിരോധിച്ചുകൊണ്ട് താലിബാൻ ഉത്തരവ് ഇറക്കിയെങ്കിലും, സ്ത്രീകൾക്കെതിരായ താലിബാന്റെ കടുത്ത നിലപാടുകൾ സാമൂഹിക മനോഭാവങ്ങളെ പിന്നോട്ടടിപ്പിക്കുകയാണ് ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ശരിയത്ത് നിയമപ്രകാരം വിവാഹത്തിന് സമ്മതം അനിവാര്യമാണെങ്കിലും, പഷ്തൂൺ ഗോത്രപാരമ്പര്യങ്ങളിലും മറ്റ് സമൂഹങ്ങളിലും ഇത്തരം നിർബന്ധിത വിവാഹങ്ങൾ തുടരുന്നു.

അവകാശങ്ങൾ നിഷേധിക്കപ്പെട്ട ബീബി റുഖിയയുടെ ജീവിതം

മസാർ-ഇ-ഷെരീഫിന്റെ പ്രാന്തപ്രദേശത്ത് റൊട്ടിയുണ്ടാക്കി വിറ്റാണ് ബീബി റുഖിയ (യഥാർഥ പേരല്ല) ജീവിക്കുന്നത്. 2019-ൽ കാൻസർ ബാധിച്ച് ഭർത്താവ് മരിച്ച് ആറ് മാസത്തിന് ശേഷം ഭർത്താവിന്റെ സഹോദരനെ വിവാഹം കഴിക്കാൻ കുടുംബം റുഖീയയോട് ആവശ്യപ്പെടുകയായിരുന്നു. റുഖിയ വിസമ്മതിച്ചതോടെ സ്വത്തവകാശം തടഞ്ഞുവയ്ക്കുകയും മക്കളെ തട്ടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ആദ്യം ബ്യൂട്ടീഷ്യനായി ജോലി ചെയ്ത് മക്കളെ പോറ്റിയിരുന്ന റുഖിയയ്ക്ക്, ബ്യൂട്ടി സലൂണുകൾ അടച്ചുപൂട്ടിയതോടെ ജോലി നഷ്ടമായി. പിന്നീട് തെരുവിൽ പഴയ വസ്ത്രങ്ങൾ വിറ്റ് ഉപജീവനമാർ​ഗം തേടി എങ്കിലും താലിബാന്റെ പീഡനം കാരണം അതും നിർത്തേണ്ടി വന്നു.

ഇസ്ലാമിക നിയമപ്രകാരം മക്കളുള്ള വിധവയ്ക്ക് ഭർത്താവിന്റെ സ്വത്തിന്റെ എട്ടിലൊന്ന് ഓഹരിക്ക് അർഹതയുണ്ട്. വീടും കടകളും തോട്ടവുമടങ്ങിയ സ്വത്തിന്റെ വിഹിതം ചോദിക്കാൻ അടുത്തിടെ സമീപിച്ചപ്പോഴും, ഭർത്താവിന്റെ സഹോദരനെ വിവാഹം കഴിക്കണമെന്നും നിയമനടപടിക്ക് പോയാൽ മക്കളെ കൊണ്ടുപോകുമെന്നുമായിരുന്നു ഭീഷണി. മക്കളെ നഷ്ടപ്പെടുത്തുന്നതിനേക്കാൾ വലുതല്ല സ്വത്തെന്ന് കരുതി റുഖിയ ഇപ്പോൾ ആ ശ്രമം ഉപേക്ഷിച്ചിരിക്കുകയാണ്, ദിവസവും 200 അഫ്ഗാനിയിൽ താഴെ മാത്രം വരുമാനമുള്ള അവളും മൂന്ന് മക്കളും ഉണങ്ങിയ റൊട്ടിയും ചായയും കുടിച്ചാണ് പല ദിവസങ്ങളിലും കഴിയുന്നത്.

ഇത്തരത്തിൽ മക്കളെ നഷ്ടപ്പെടുമോ എന്ന കടുത്ത ഭയത്തിൽ, മറീനയെയും ബീബി റുഖിയയെയും പോലുള്ള അഫ്ഗാൻ വിധവകൾ നിസ്സഹായരായി ജീവിക്കുകയാണ്. നിയമപരമായ സംരക്ഷണ സംവിധാനങ്ങളും സ്വയം തൊഴിൽ അവസരങ്ങളും ഇല്ലാതാകുമ്പോൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോത്രാചാരങ്ങൾ സ്ത്രീകൾക്ക് മേൽ കൂടുതൽ ഭാരമായി മാറുന്നു. ഉത്തരവുകൾക്കും ആചാരങ്ങൾക്കും അപ്പുറം, ഓരോ സ്ത്രീയുടെയും ജീവിക്കാനുള്ള അവകാശവും സ്വന്തം മക്കളോടൊപ്പം അന്തസ്സോടെ നിലനിൽക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കുമ്പോഴാണ് യഥാർഥ നീതിയും സാമൂഹിക മാറ്റവും സാധ്യമാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.