താലിബാൻ ഭരണത്തിന്റെ അഞ്ചാം വർഷം: വംശഹത്യ ഭീഷണി നേരിട്ട് അഫ്ഗാൻ ക്രൈസ്തവർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം അധികാരത്തിൽ വന്നിട്ട് അഞ്ചു വർഷങ്ങൾ പിന്നിടുന്നു. ഈ സാഹചര്യത്തിൽ ഇവിടുത്തെ ക്രൈസ്തവരുടെ ജീവിതം വലിയ ഭീഷണിയിലൂടെയാണ് കടന്നുപോകുന്നത്. ഇസ്ലാമിക നിയമങ്ങളുടെ കർശനമായ വ്യാഖ്യാനവും മതപരിവർത്തനത്തിനെതിരെയുള്ള നിയമങ്ങളും നടപ്പിലാക്കുന്നതിലൂടെ അഫ്ഗാൻ ക്രൈസ്തവർ കൂട്ടക്കൊലയുടെ നിഴലിലാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും റിപ്പോർട്ടുകളും മുന്നറിയിപ്പ് നൽകുന്നു.

മതസ്വാതന്ത്ര്യത്തിലും ഇസ്ലാമിക തീവ്രവാദത്തിലും വിദഗ്ദ്ധനും, അഫ്ഗാനിസ്ഥാനിലെ മുൻ സന്നദ്ധപ്രവർത്തകനുമായ മാർട്ടിൻ പാർസൺസിന്റെ റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘ദി ക്രിട്ടിക്’ (The Critic) മാസികയിൽ എഴുതിയ ലേഖനത്തിൽ താലിബാൻ ക്രൈസ്തവരോട് കാണിക്കുന്ന ക്രൂരതയും അതിന്റെ അടിസ്ഥാനവും അദ്ദേഹം വിവരിക്കുന്നുണ്ട്. മാർട്ടിൻ പാർസൺസിന്റെ അഭിപ്രായത്തിൽ, താലിബാന്റെ ഈ രണ്ടാം ഭരണം മുൻപത്തേതിനേക്കാൾ ക്രൂരത കുറഞ്ഞതും അന്താരാഷ്ട്ര അംഗീകാരം നേടുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നതുമാണ്. എന്നിരുന്നാലും, ക്രിസ്ത്യാനികൾ ഇപ്പോഴും കടുത്ത അപകടസാധ്യതയിലാണ് കഴിയുന്നത്. ഇതിൽ ഏറ്റവും ആശങ്കാജനകമായ കാര്യം താലിബാന്റെ മതപരിവർത്തന നിയമമാണ്.

ചരിത്രപരമായ പശ്ചാത്തലവും നിയമപരമായ വെല്ലുവിളികളും

അഫ്ഗാനിസ്ഥാനിൽ പരമ്പരാഗതമായ ക്രിസ്തീയ പാരമ്പര്യമുള്ള വലിയ സമൂഹങ്ങളില്ല. അവിടുത്തെ ഭൂരിഭാഗം ക്രൈസ്തവരും ഇസ്ലാം മതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ഒന്നാം തലമുറയിൽപ്പെട്ടവരാണ്. ശരീഅത്ത് നിയമത്തിലെ വ്യാഖ്യാനമനുസരിച്ച്, ഇസ്ലാം മതം ഉപേക്ഷിക്കുന്നത് മതത്യാഗമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇതിനുള്ള ശിക്ഷ മരണശിക്ഷയാണ്. 2001-ൽ താലിബാൻ ഭരണകൂടം മാറ്റപ്പെട്ട സമയത്തുപോലും രാജ്യത്തെ പീനൽ കോഡിൽ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന പൂർണ്ണമായ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ സാധിച്ചിരുന്നില്ല. അന്നത്തെ ഗവൺമെന്റുകൾ ക്രിസ്ത്യാനികളുടെ സാന്നിധ്യം ഔദ്യോഗികമായി അംഗീകരിച്ചിരുന്നതുമില്ല. താലിബാൻ തിരിച്ചെത്തിയതോടെ ഈ നിയമങ്ങൾ വീണ്ടും കർശനമായി നടപ്പിലാക്കാൻ തുടങ്ങി. അഫ്ഗാനിസ്ഥാനിൽ “ക്രിസ്ത്യാനികളേയില്ല” എന്ന നിലപാടാണ് താലിബാൻ വെച്ചുപുലർത്തുന്നത്. അതിനാൽ തന്നെ അവിടുത്തെ ഓരോ ക്രിസ്ത്യാനിയും ഇസ്ലാം ഉപേക്ഷിച്ച കുറ്റവാളിയായി ചിത്രീകരിക്കപ്പെടുന്നു.

താലിബാൻ കൊണ്ടുവന്ന പുതിയ മതപരിവർത്തന നിയമമനുസരിച്ച് ഇസ്ലാം മതം ഉപേക്ഷിക്കുന്ന ബുദ്ധിയുള്ള പ്രായപൂർത്തിയായ ഏതൊരു പുരുഷനും “മാനസാന്തരപ്പെടാൻ” മൂന്ന് ദിവസത്തെ സമയം നൽകും, അല്ലാത്തപക്ഷം വധശിക്ഷ നടപ്പാക്കും. ഈ കുറ്റം ചെയ്യുന്ന സ്ത്രീകൾക്ക് ആജീവനാന്ത തടവും തുടർച്ചയായ ശാരീരിക പീഡനങ്ങളുമാണ് ശിക്ഷ. കുട്ടികളെ പ്രായപൂർത്തിയാകുന്നതുവരെ തടവിൽ പാർപ്പിക്കുകയും, അതിനുശേഷം അതിനനുസരിച്ചുള്ള ശിക്ഷ നടപ്പാക്കുകയും ചെയ്യും.

പല ഇസ്ലാമിക രാജ്യങ്ങളിലും ഇസ്ലാം മതത്തിൽ നിന്നുള്ള പരിവർത്തനത്തിനെതിരെ കഠിനമായ നിയമങ്ങളുണ്ട്. ഇത്തരം നിയമങ്ങൾ സാധാരണയായി ജന്മനാ ക്രിസ്ത്യാനികളായവരെയും മതം മാറിയവരെയും തമ്മിൽ വേർതിരിച്ചു കാണാറുണ്ട്. ഉദാഹരണത്തിന്, ഇറാനിൽ ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നത് അനധികൃതമല്ല, എന്നാൽ ഇസ്ലാമിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് ഔദ്യോഗികമായി വധശിക്ഷ അർഹിക്കുന്ന കുറ്റമാണ്.

ഭീതിയുടെ നിഴലിലെ വിശ്വാസ ജീവിതം

അഫ്ഗാനിസ്ഥാനിൽ ഏകദേശം 10,000 ക്രൈസ്തവർ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്, എന്നാൽ പാർസൺസ് പറയുന്നതനുസരിച്ച് അവർ അതിശക്തമായ ഭീഷണിയിലാണ്. അഫ്ഗാനിസ്ഥാനിൽ “ക്രിസ്ത്യാനികളേയില്ല” എന്ന തരത്തിലാണ് താലിബാൻ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത്. ഏതു നിമിഷവും തങ്ങൾ വധിക്കപ്പെടാം എന്ന ഭീതിയിലാണ് ഇവർ കഴിയുന്നത്. നിലവിൽ 90-കളിലെ പഴയ അവസ്ഥയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരും, അന്താരാഷ്ട്രതലത്തിൽ ഒരു പരിധി വരെയെങ്കിലും അംഗീകാരം വേണമെന്ന് കരുതുന്നവരും തമ്മിൽ താലിബാൻ നേതൃത്വത്തിനുള്ളിൽ ഒരു വടംവലി നടക്കുന്നുണ്ട്. ഈ ആശയപരമായ ഭിന്നതയാണ് അഫ്ഗാൻ ക്രിസ്ത്യാനികളുടെ തലയ്ക്ക് മുകളിൽ തൂങ്ങുന്ന വംശഹത്യാ ഭീഷണിയെ തടഞ്ഞുനിർത്തുന്നത്. ഈ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും രാജ്യത്തെ ക്രിസ്ത്യാനികളെക്കുറിച്ച് സാധ്യമായത്ര വിവരങ്ങൾ — അവർ ആരെല്ലാം, എവിടെ ജീവിക്കുന്നു, അവരുടെ പരിചയക്കാർ ആരെല്ലാം തുടങ്ങിയവയെല്ലാം താലിബാൻ ശേഖരിക്കുന്നുണ്ട്. ഭാവിയിൽ കൂടുതൽ കടുപ്പമേറിയ നടപടികളിലേക്ക് കടക്കാൻ ഈ വിവരങ്ങൾ ഉപയോഗിക്കപ്പെടുമോ എന്നാണ് ഇവരുടെ പ്രധാന ഭയം.

അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും വ്യാപകമായി ഉപയോഗിക്കുന്നതും, മറ്റു പല ഇസ്ലാമിക ഗ്രന്ഥങ്ങളെയും പോലെ മുസ്ലീം ഇതര വിഭാഗങ്ങളെ അടിമകളാക്കുന്നതിനെ ന്യായീകരിക്കുന്നതുമായ ‘ഹെദായ’ (Hedaya) എന്ന പാഠപുസ്തകത്തെക്കുറിച്ചും പാർസൺസ് പരാമർശിച്ചു. “ഹെദായയിലെയും താലിബാൻ ഉത്തരവുകളിലെയും കടുത്ത പ്രസ്താവനകൾ പ്രകാരം, മതത്യാഗികളായി കണക്കാക്കപ്പെടുന്നവരെ കൊന്നൊടുക്കണമെന്ന ലക്ഷ്യം വ്യക്തമാണ്. അതിനാൽ, അഫ്ഗാൻ ക്രിസ്ത്യാനികൾ വംശഹത്യയുടെ ഭീഷണിയിൽ തന്നെയാണ് കഴിയുന്നത്,” പാർസൺസ് ചൂണ്ടിക്കാണിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.