
തടി കൊണ്ടുള്ള വീൽചെയറുകൾ നിർമ്മിക്കുന്നതിൽ വിദഗ്ധനായ 34-കാരനായ ഫ്രഞ്ച് എൻജിനീയർ പോൾ ഡി ലിവിറോൺ, 13 വർഷം മുൻപ് നടന്ന ഒരു ട്രെക്കിംഗ് അപകടത്തെത്തുടർന്നാണ് പക്ഷാഘാതം വന്ന് തളർന്നുപോയത്. തന്റെ വൈകല്യത്തിന്റെ കഠിനമായ അവസ്ഥയെ അതിജീവിക്കാൻ തന്നെ സഹായിച്ച അതേ കാര്യം – സ്വന്തം കൈകൾ കൊണ്ട് ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന ആനന്ദവും അഭിമാനവും – ഇന്ന് പരിക്കേറ്റ ഉക്രേനിയക്കാർക്കും പകർന്നു നൽകുകയാണ് അദ്ദേഹം.
“സ്വയം നശീകരണത്തിനായി നിങ്ങൾ ചെലവഴിക്കുന്ന ഊർജ്ജം നിർമ്മാണത്തിനായി മാറ്റിവയ്ക്കുമ്പോൾ, അത് മനസ്സിന് വലിയ സന്തോഷം നൽകും,” അദ്ദേഹം പറയുന്നു. ഉക്രൈനിലെ ല്വിവിലുള്ള (Lviv) ഒരു പുനരധിവാസ കേന്ദ്രത്തിൽ അദ്ദേഹം ഒരു വീൽചെയർ നിർമ്മാണ ശില്പശാല ആരംഭിച്ചു കഴിഞ്ഞു. എന്നാൽ, ഇത് ഇവിടെ അവസാനിപ്പിക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല.
വലിയ കാര്യങ്ങൾ സ്വപ്നം കാണാനും വിചിത്രമായ സ്വന്തം ആശയങ്ങൾ പോലും ധൈര്യത്തോടെ നടപ്പിലാക്കാനുമുള്ള അപൂർവമായ കഴിവ് ലിവിറോണിനുണ്ട്; കൂടാതെ, അദ്ദേഹത്തിന്റെ പക്കൽ നിരവധി പദ്ധതികളുമുണ്ട്. 2023 സെപ്റ്റംബറിൽ ഫ്രാൻസിലെ മാർസെയിൽ സന്ദർശിച്ച വേളയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് തടിയിൽ തീർത്ത ഒരു പ്രത്യേക വീൽചെയർ അദ്ദേഹം സമ്മാനിച്ചിരുന്നു. തുടർന്ന് 2024-ൽ പാരീസിൽ നടന്ന ‘മാരത്തൺ പോർ തൗസ്’ (Marathon Pour Tous) മത്സരത്തിൽ 6.2 മൈൽ ദൂരം അദ്ദേഹം പൂർത്തിയാക്കി. ഇപ്പോൾ തന്റെ ഏറ്റവും വലിയ പദ്ധതിയിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ പാർശ്വവൽക്കരിക്കപ്പെട്ട ആളുകൾക്ക് കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ നിർമ്മിക്കാവുന്ന തടികൊണ്ടുള്ള വീൽചെയറുകൾ എത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
ഒരു മാനുഷിക ദൗത്യം
അപകടത്തിന് ശേഷം ലിവിറോൺ വീൽചെയറാണ് ഉപയോഗിക്കുന്നത്. തന്മൂലം എൻജിനീയറായ അദ്ദേഹത്തിന് ഫോറസ്ട്രി എൻജിനീയറാകുക എന്ന തന്റെ സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നു. പകരം വീൽചെയർ നിർമ്മാണത്തെ അദ്ദേഹം തന്റെ മേഖലയാക്കി മാറ്റി. 2022 മാർച്ചിനാണ് ‘അപ്പോളോ വുഡൻ വീൽചെയർ’ എന്ന കമ്പനി അദ്ദേഹം ആരംഭിക്കുന്നത്.
“തുടക്കം മുതലേ എന്റെ വീൽചെയറുകളുടെ രൂപകൽപനയ്ക്ക് ഒരു മാനുഷിക ലക്ഷ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പയുടെ പിന്തുണ ഞാൻ ചോദിച്ചത്. ലളിതവും എന്നാൽ കാര്യക്ഷമവുമായ തടികൊണ്ടുള്ള വീൽചെയറുകൾ ഉണ്ടാക്കുക എന്നതാണ് എന്റെ പദ്ധതിയുടെ പ്രധാന ലക്ഷ്യം,” അദ്ദേഹം പറഞ്ഞു. “സാധാരണ മെറ്റൽ വീൽചെയറുകൾ നിർമ്മിക്കാൻ ആവശ്യമായ ഉപകരണങ്ങളെ അപേക്ഷിച്ച് തടികൊണ്ടുള്ള വീൽചെയർ ഉണ്ടാക്കാൻ വളരെ ലളിതവും കുറഞ്ഞ ചെലവിലുള്ളതുമായ ഉപകരണങ്ങൾ മതിയാകും,” അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ, സാമ്പത്തികശേഷി കുറഞ്ഞ ആളുകൾക്ക് തന്റെ വീൽചെയറുകൾ മികച്ചൊരു പരിഹാരമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഉക്രൈനിലെ ദൗത്യം
വീൽചെയറുകൾ നിർമ്മിക്കാൻ ഉക്രൈനിൽ നിന്നുള്ള ബിർച്ച് പ്ലൈവുഡ് പാനലുകളാണ് ലിവിറോൺ ഉപയോഗിക്കുന്നത്. ചുറ്റുമുള്ള സംഭവവികാസങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം എപ്പോഴും ഇഷ്ടപ്പെടുന്നു. ഉക്രൈനിലെ യുദ്ധം അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നു. പരിക്കേറ്റ സൈനികർക്ക് നല്ല വീൽചെയറുകൾ ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടനടി രംഗത്തിറങ്ങി.
“എന്റെ വീൽചെയറുകൾ വിതരണം ചെയ്യാൻ ഏറ്റവും അനുയോജ്യമായ സ്ഥലത്തേക്ക് തന്നെ ഞാൻ പോയി -ഉക്രൈനിലേക്ക്,” അദ്ദേഹം പറയുന്നു.
2025 ഓഗസ്റ്റിൽ, പടിഞ്ഞാറൻ ഉക്രൈനിലെ പ്രധാന നഗരമായ ല്വിവിലേക്ക് ലിവിറോൺ യാത്ര തിരിച്ചു. അവിടെ രാജ്യത്തെ ഏറ്റവും വലിയ പുനരധിവാസ കേന്ദ്രമായ ‘അൺബ്രോക്കൺ നാഷണൽ റീഹാബിലിറ്റേഷൻ സെന്ററുമായി’ അദ്ദേഹം കൈകോർത്തു. “അവിടെ ഒരുപാട് ആവശ്യക്കാരുണ്ടായിരുന്നു, എന്നെ അവർ ഇരുകൈയും നീട്ടി സ്വീകരിച്ചു,” അദ്ദേഹം ഓർക്കുന്നു.
അതേ വർഷം ഒക്ടോബറോടെ ആശുപത്രിക്കുള്ളിൽ അദ്ദേഹം ഒരു വർക്ക്‌ഷോപ്പ് ആരംഭിച്ചു. അവിടെ ആറ് ഉക്രേനിയൻ സ്വദേശികൾക്ക് തടികൊണ്ടുള്ള വീൽചെയറുകൾ നിർമ്മിക്കാൻ അദ്ദേഹം പരിശീലനം നൽകി. ഒരു മാസത്തിന് ശേഷം ലിവിറോൺ ഫ്രാൻസിലേക്ക് മടങ്ങിയെങ്കിലും, ചിലർ നിർമ്മാണം പൂർത്തിയാക്കാൻ ബാക്കിയുള്ളതിനാൽ വർക്ക്‌ഷോപ്പ് തുടർന്നും പ്രവർത്തിച്ചു.
2026 ഏപ്രിലിൽ, പാരീസ് മാരത്തണിൽ വീൽചെയറുകളിലായി ഏഴ് ഉക്രേനിയൻ പങ്കാളികൾക്കൊപ്പം അദ്ദേഹവും പങ്കെടുത്തു. “ആ ആറ് ഉക്രേനിയക്കാരിൽ രണ്ടുപേർ മുൻപേ തന്നെ വൈകല്യമുള്ളവരായിരുന്നു. നാലുപേർ യുദ്ധത്തിൽ കഠിനമായ ശാരീരിക-മാനസിക മുറിവുകൾ ഏറ്റവരാണ്,” ലിവിറോൺ വിശദീകരിക്കുന്നു. കൈകൾ കൊണ്ട് ജോലി ചെയ്യുന്നതും ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും സമയം സുഖകരമായി ചെലവഴിക്കാൻ സഹായിക്കും. അതിലുപരി അത് മനസ്സിനെ സജീവമായി നിലനിർത്തും.
“ഞങ്ങൾ ഉപയോഗിക്കുന്നത് കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതും പതുക്കെ മുറിക്കുന്നതുമായ ഒരു പ്ലൈവുഡ് കട്ടിംഗ് മെഷീൻ (scroll saw) ആണ്. കഷണങ്ങൾ മുറിച്ചെടുക്കാൻ മണിക്കൂറുകൾ ചെലവഴിക്കുമ്പോൾ, ഞങ്ങള്‍ക്ക് മറ്റു കാര്യങ്ങൾ ആലോചിക്കാൻ സമയം കിട്ടില്ല,” അദ്ദേഹം പറയുന്നു. “അപകടത്തിന്റെ ചിന്തകൾ എന്നെന്നേക്കുമായി അപ്രത്യക്ഷമാകില്ല എന്നത് ശരിയാണ്, എങ്കിലും അവയ്ക്ക് പകരം പ്രതീക്ഷയുടെ ഒരു ചെറിയ വെളിച്ചം മനസ്സിൽ നിറയും.” അപകടത്തിന് ശേഷം ലിവിറോൺ സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ കാര്യമാണിത്.
“21-ാം വയസ്സിൽ ഞാൻ ഒരു പുനരധിവാസ കേന്ദ്രത്തിലായിരുന്നു. അവിടെ വല്ലാത്ത വിരസതയായിരുന്നു. എനിക്ക് ചിത്രങ്ങൾ വരയ്ക്കാനും ശില്പങ്ങൾ ഉണ്ടാക്കാനുമുള്ള സാധനങ്ങൾ അമ്മ കൊണ്ടുവന്നു തന്നു. അത് എന്നെ വളരെയധികം സഹായിച്ചു. നിങ്ങൾക്ക് വലിയൊരു ആനന്ദവും അഭിമാനവും തോന്നും. പ്രതിസന്ധികൾക്കിടയിലും സന്തോഷമായിരിക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് തോന്നും, ജീവിതം ജീവിച്ചു തീർക്കേണ്ട ഒന്നാണെന്ന് ഉറപ്പിക്കും. എനിക്ക് തുണയായ അതേ കാര്യം തന്നെയാണ് ഉക്രൈനിലും ഞാൻ ചെയ്യാൻ ശ്രമിച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്
ആ ശ്രമം ഫലം കണ്ടു. അവിടത്തെ മനുഷ്യർ മാറുന്നതും, മനസ്സ് തുറക്കുന്നതും, കൂടുതൽ സന്തോഷവാന്മാരാകുന്നതും ലിവിറോൺ കണ്ടു; കൂട്ടത്തിൽ ഏറ്റവും ഗൗരവക്കാരും ഗാഢമായ വിഷാദത്തിലായിരുന്നവർ പോലും മാറി.
“തുടക്കത്തിൽ ഒരാളെ കണ്ട് എനിക്ക് പേടി തോന്നിയിരുന്നു! മൈൻ സ്ഫോടനത്തിൽ രണ്ട് കാലുകളും നഷ്ടപ്പെട്ട, ശരീരത്തിൽ നിറയെ ടാറ്റൂകളും മുറിവുകളുമുള്ള ഒരാൾ… വർക്ക്‌ഷോപ്പിലേക്ക് വരുമ്പോൾ അദ്ദേഹം ഹെഡ്‌ഫോണിൽ സംഗീതം കേട്ടുകൊണ്ടാണ് വന്നിരുന്നത്. എന്നാൽ ജോലിയിൽ ഏറ്റവും കൃത്യത പുലർത്തിയതും അദ്ദേഹമായിരുന്നു. കൈകൾ കൊണ്ട് ജോലി ചെയ്ത് പരിചയമുള്ള ആളാണ് അദ്ദേഹമെന്ന് എനിക്ക് മനസ്സിലായി. പതുക്കെ പതുക്കെ അദ്ദേഹം മനസ്സ് തുറക്കാൻ തുടങ്ങി. ഹെഡ്‌ഫോണുകൾ ഒന്നൊന്നായി മാറ്റി അദ്ദേഹം എന്നോട് കാര്യങ്ങൾ ചോദിക്കാനും തമാശകൾ പറയാനും തുടങ്ങി,” ലിവിറോൺ ഓർക്കുന്നു.
“അവസാനമായപ്പോഴേക്കും അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. വർക്ക്‌ഷോപ്പ് ഒതുക്കാനും കാറിൽ സാധനങ്ങൾ കയറ്റാനും എന്നെ സഹായിച്ചു. ഇത്തരം വർക്ക്‌ഷോപ്പുകൾ നൽകുന്ന വലിയ നന്മയുടെ തെളിവാണിത്: സ്വയം നശീകരണത്തിനായി നിങ്ങൾ ഉപയോഗിക്കുന്ന ഊർജ്ജം നിർമ്മാണത്തിനായി മാറ്റിവയ്ക്കുമ്പോൾമ്പോൾ, അത് ജീവിതത്തിലേക്ക് സന്തോഷം തിരികെ കൊണ്ടുവരും,” ലിവിറോൺ കൂട്ടിച്ചേർത്തു.
ഉലുലെ (Ulule) എന്ന ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം വഴി 262 പേർ ചേർന്നാണ് ല്വിവിലെ വർക്ക്‌ഷോപ്പിനായി 11,376 യൂറോ (ഏകദേശം $12,500 ഡോളർ) സമാഹരിച്ചത്. ജർമ്മൻ കമ്പനിയായ ഫെസ്റ്റൂളിന്റെ (Festool) വലിയ പിന്തുണയും ഇതിന് ലഭിച്ചു. 2022-ൽ വിലക്കുറവ് ആവശ്യപ്പെട്ട് ലിവിറോൺ അയച്ച ഒരു ഇമെയിലിന് മറുപടിയായി, കമ്പനി അദ്ദേഹത്തിന് ആവശ്യമായ ഉപകരണങ്ങൾ സൗജന്യമായി നൽകുകയും അവരുടെ വെബ്‌സൈറ്റിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.
ഉക്രൈനിൽ ഒരു വർക്ക്‌ഷോപ്പ് തുടങ്ങാൻ പോകുകയാണെന്ന് കമ്പനിയുടെ മാർക്കറ്റിംഗ് ഡയറക്ടറോട് ലിവിറോൺ പറഞ്ഞപ്പോൾ, ഏതൊക്കെ ഉപകരണങ്ങളാണ് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചറിഞ്ഞു. ലിവിറോൺ പുറപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഫെസ്റ്റൂളിന്റെ വലിയ പാക്കറ്റുകൾ അദ്ദേഹത്തിന്റെ വീട്ടുപടിക്കൽ എത്തി.
“ഫെസ്റ്റൂൾ കമ്പനിയുടെ ഉദാരമനസ്കത കാരണം എനിക്ക് വാങ്ങാൻ കഴിയുന്നതിലും മികച്ച ഗുണനിലവാരമുള്ള ഉപകരണങ്ങൾ വർക്ക്‌ഷോപ്പിൽ എത്തിക്കാൻ കഴിഞ്ഞു. അതുവഴി മിച്ചം വന്ന തുക മറ്റ് ചെലവുകൾക്കായി ഉപയോഗിക്കാനും സാധിച്ചു,” അദ്ദേഹം നന്ദിയോടെ പറയുന്നു.
ഈ ജീവകാരുണ്യ യാത്ര ഇവിടെ തീരുന്നില്ല. യുദ്ധത്തിൽ പരിക്കേറ്റവർക്കായി ഒരു ചെറിയ പുനരധിവാസ കേന്ദ്രം നടത്തുന്ന കൈവിലെ (Kyiv) ഒരു വ്യവസായി ലിവിറോണിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിട്ടുണ്ട്. ഉക്രൈനിലെ ലെറോയ് മെർലിൻ സോളിഡാരിറ്റി ഫൗണ്ടേഷന്റെ പിന്തുണയോടെ അവിടെ അടുത്ത ‘അപ്പോളോ വുഡൻ വീൽചെയർ’ വർക്ക്‌ഷോപ്പ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ലിവിറോൺ ഇപ്പോൾ.




