ലത്തീൻ ആഗസ്റ്റ് 25 മത്തായി 23: 23-26 ആവശ്യങ്ങളും അത്യാവശ്യങ്ങളും

“കൊതുകിനെ അരിച്ചുനീക്കുന്നവരും ഒട്ടകത്തെ വിഴുങ്ങുന്നവരും…” (വാക്യം 24).

യേശു പാപികളോട് അനിതരസാധാരണമായ കാരുണ്യത്തോടും ദയയോടും കൂടെയാണ് എപ്പോഴും സംസാരിച്ചിരുന്നത്. എന്നാൽ, യേശു ഫരിസേയരോടാകുമ്പോൾ അവരുടെ കപടനാട്യത്തെപ്രതി വളരെ കർക്കശവും പരുക്കനായ വാക്കുകളും ഉപയോഗിച്ചാണ് നേരിടുന്നത്. ഇപ്രകാരം ഏഴ് ശാസനകളുടെ പ്രയോഗങ്ങൾ അവർക്കെതിരെ നടത്തുന്നതായി സുവിശേഷത്തിൽ കാണാം.

അവയിലൊരെണ്ണം ദശാംശ-നികുതി (tithing) കൊടുക്കുന്നതിനെക്കുറിച്ചാണ്. “കൊതുകിനെ അരിച്ചുനീക്കുന്നവരും ഒട്ടകത്തെ വിഴുങ്ങുന്നവരുമാണ് നിങ്ങൾ” (വാക്യം 24) ഒരു കാര്യത്തിന്റെ ഗൗരവത്തെ ബോധ്യപ്പെടുത്താനായി സാഹിത്യത്തിൽ ഉപയോഗിക്കുന്ന അതിശയോക്ത്യാലങ്കാര (hyperbole) പ്രയോഗമാണ്. ‘ഒട്ടകത്തെ വിഴുങ്ങുക’ എന്ന പ്രവൃത്തി മതാത്മകജീവിതത്തിൽ വളരെ ഗൗരവമുള്ള സ്നേഹം, കാരുണ്യം, ക്ഷമ എന്നിവയുടെ വിസ്മരണത്തെയും ‘കൊതുകിനെ അരിച്ചുനീക്കുക’ എന്നത് ദശാംശ-നികുതി കൊടുക്കുക തുടങ്ങിയ അൽപപ്രാധാന്യ കാര്യങ്ങൾക്ക് അമിതപ്രാധാന്യം കൊടുക്കുന്നതിനെയും സൂചിപ്പിക്കുന്നു.

ജീവിതത്തിൽ ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുമ്പോൾ ആവശ്യങ്ങളേക്കാൾ അത്യാവശ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാറുള്ളതുപോലെ, മതാത്മകജീവിതത്തിൽ ആചാരങ്ങൾ ആവശ്യമെങ്കിലും ദൈവികസ്വഭാവങ്ങളായ സ്നേഹം, കാരുണ്യം, ക്ഷമ തുടങ്ങിയവ പ്രതിഫലിക്കുന്ന വാക്കുകളും പ്രവൃത്തികളും അത്യാവശ്യങ്ങളാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.