
ചില പ്രതിസന്ധികൾ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ അതുകൊണ്ട് എല്ലാം അവസാനിച്ചു എന്ന് നാം കരുതുന്നു. എന്നാൽ ദൈവം അവിടെയും നമുക്കായി ഒരു പദ്ധതി ഒളിപ്പിച്ചു വച്ചിട്ടുണ്ടാവും. അതിന് ഉദാഹരണമാണ് ടോം ഷ്വെയ്ൻ എന്ന സൈക്ലിസ്റ്റിന്റെ ജീവിതം. മരണത്തിന്റെ മുന്നിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അദ്ദേഹം ഇന്ന് അമേരിക്കയിലെ ഭവനരഹിതർക്കായി ഫണ്ട് സമാഹരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. അറിയാം ടോം ഷ്വെയ്ന്റെ ജീവിതം.
2015-ൽ ‘റൈഡ് ദി റോക്കീസ്’ (Ride the Rockies) മത്സരത്തിന്റെ ഫിനിഷിംഗ് ലൈനിന് ഏതാനും അടികൾ അകലെ വച്ചാണ് ടോം ഷ്വെയ്ന്റെ (Tom Schwein) ജീവിതം പൂർണ്ണമായും മാറിമറിഞ്ഞത്. ഫിനിഷിങ് ലൈനിനോട് അടുത്ത് എത്തുന്ന സമയം. ഫിനിഷിംഗ് ലൈനിൽ കാത്തുനിൽക്കുന്ന, പരിക്കേറ്റ തന്റെ സഹമത്സരാർഥിക്ക് കൈകൊടുക്കാൻ അദ്ദേഹം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ പെട്ടെന്നാണ് റോഡിലെ ഒരു കുഴിയിൽ സൈക്കിൾ തട്ടിയത്. ആ തട്ടലിൽ സൈക്കിളിന്റെ ബാലൻസ് തെറ്റി മുഖമടിച്ച് റോഡിലേയ്ക്ക് വീണു.
ആ വീഴ്ചയിൽ അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടു. എത്രനേരം ബോധമില്ലാതെ താൻ കിടന്നു എന്ന് ടോമിന് ഓർമ്മയില്ല. കണ്ണ് തുറക്കുമ്പോൾ അദ്ദേഹം ആശുപത്രിയിൽ ആണ്. ബോധം തെളിഞ്ഞപ്പോൾ പരിശുദ്ധാത്മാവ് തന്നോട് “നിനക്ക് സമാധാനം ഉണ്ടാകട്ടെ. നീ സുഖം പ്രാപിക്കും” എന്ന് വ്യക്തമായി പറയുന്നത് കേട്ടതായി ഓർക്കുന്നു. പിന്നീട് ആശുപത്രിയും പരിശോധനയുമായി ഏതാനും ദിവസങ്ങൾ കടന്നു പോയി. ആ പരിശോധനകൾക്കു ഒടുവിൽ ഡോക്ടർമാർ അദ്ദേഹത്തോട് പറഞ്ഞു “നിങ്ങൾ ഒരു അദ്ഭുതമാണ്. നിങ്ങൾ വളരെ ഭാഗ്യവാനായ ഒരു മനുഷ്യനാണ്. ഒരു മില്ലീമീറ്ററിന്റെ നാലിലൊന്ന് വ്യത്യാസത്തിലാണ് തലച്ചോറിലെ രക്തസ്രാവത്തിൽ നിന്ന് നിങ്ങൾ രക്ഷപ്പെട്ടത്.”
ഈ അപകടത്തിന് ശേഷം താൻ ഇനി സൈക്കിൾ ചവിട്ടുന്നില്ല എന്ന് ടോം ഷ്വെയ്ൻ തീരുമാനിച്ചു. എന്നാൽ അദ്ദേഹത്തെ കുറിച്ചുള്ള ദൈവത്തിന്റെ തീരുമാനം അതിലും വലുതായിരുന്നു. തന്റെ സൈക്കിളുകൾ വിറ്റ് ജീവിതവുമായി മുന്നോട്ട് പോകാൻ അദ്ദേഹം തയ്യാറെടുത്തു. എന്നാൽ പരിശുദ്ധാത്മാവിന്റെ ചിന്തകൾ മറ്റൊന്നായിരുന്നുവെന്ന് ഷ്വെയ്ൻ പറയുന്നു. “ഈ ഭൂമിയിൽ നിന്നെക്കൊണ്ടുള്ള എന്റെ കാര്യങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല. നിന്റെ ശുശ്രൂഷ തുടർന്നു ചെയ്യുക,” താൻ കേട്ട വാക്കുകളെക്കുറിച്ച് അദ്ദേഹം ഓർക്കുന്നു. തന്റെ മനസ്സിൽ കേട്ട ആ ശബ്ദം അതിന്റെ പൊരുൾ മനസ്സിലാക്കാനായി അദ്ദേഹം കൂടുതൽ സമയം പ്രാർഥനയിൽ മുഴുകി. തുടർന്ന് ഭാര്യയെ വിളിച്ചു സംസാരിച്ചു. പിന്നീട് ഇതുവരെ അദ്ദേഹം തന്റെ സൈക്കിൾ യാത്ര നിർത്തിയിട്ടില്ല.
അതിനുശേഷം, മുൻപ് അദ്ദേഹം അംഗമായിരുന്ന ‘സാമരിറ്റൻ ഹൗസ് സൈക്ലിംഗ്’ വളരെ അധികം വളർച്ച പ്രാപിച്ചു. പുതിയ കൂട്ടുകാരെയും ഒപ്പം ചേർത്ത്, വടക്കൻ കൊളറാഡോയിലെ സാമരിറ്റൻ ഹൗസ് ഷെൽട്ടറുകൾക്കായി ഇവർ 22 ലക്ഷം ഡോളറിലധികം (രണ്ടര ദശലക്ഷത്തിലധികം ഡോളർ) സമാഹരിച്ചു.
ഈ ശരത്കാലത്ത്, ഈ സംഘടന തങ്ങളുടെ ദൗത്യം ഇതുവരെ ഇല്ലാത്തവിധം കൂടുതൽ വലിയൊരു തലത്തിലേക്ക് എത്തിക്കുകയാണ്: അമേരിക്കയിലുടനീളം 45 ദിവസം നീണ്ടുനിൽക്കുന്ന, ഏകദേശം 3,000 മൈൽ ദൈർഘ്യമുള്ള ഒരു സൈക്കിൾ യാത്ര. “ഇത് ചെയ്യാൻ ദൈവം എന്നെ നിയോഗിച്ചതാണ്, അതുകൊണ്ടാണ് ഞങ്ങൾ അമേരിക്കയിലുടനീളം ഈ സൈക്കിൾ യാത്ര നടത്തുന്നത്,” വികാരഭരിതനായി ഷ്വെയ്ൻ പറഞ്ഞു.
“അമേരിക്കയിൽ ഓരോ രാത്രിയിലും ഏകദേശം 10 ലക്ഷത്തോളം ആളുകളാണ് ഭവനരഹിതരായി കഴിയുന്നത്, എന്നാൽ ആരും അവരെ ശ്രദ്ധിക്കാറില്ല. ആളുകൾ അവരെ കണ്ടില്ലെന്ന് നടിച്ചു കടന്നുപോകുന്നു. അതുകൊണ്ട് ഈ വലിയ ദേശീയ പ്രതിസന്ധിയിലേക്ക് അമേരിക്കയുടെ ശ്രദ്ധ കൊണ്ടുവരാനാണ് ഞങ്ങൾ ഈ അവബോധം വളർത്തുന്നത്. കേവലം പണം സ്വരൂപിക്കുന്നതിനേക്കാൾ വലിയ കാര്യങ്ങൾ ഇതിനായി നമ്മൾ ചെയ്യേണ്ടതുണ്ട്. റോഡരികിൽ ഒരു ഭവനരഹിതനെ കാണുമ്പോൾ എന്തുചെയ്യണമെന്ന് ആളുകൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം”- ഷ്വെയ്ൻ വെളിപ്പെടുത്തുന്നു.



