
ഫോർട്ട് ഹൂഡ് കൂട്ടക്കൊലക്കേസ് പ്രതി നിദാൽ ഹസന്റെ വധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള നടപടിയിൽ പ്രതിഷേധം അറിയിച്ച് യു.എസ്. കത്തോലിക്കാ ബിഷപ്പുമാർ. നിദാൽ ഹസന്റെ വധശിക്ഷ ലൈവ് ആയി മാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വെളിപ്പെടുത്തിയതിനെ തുടർന്നാണ് ബിഷപ്പുമാർ പ്രതിഷേധം അറിയിച്ചു രംഗത്തെത്തിയത്.
“നിദാൽ ഹസന്റെ വധശിക്ഷ ലൈവായി കാണിക്കാനുള്ള പ്രതിരോധ വകുപ്പിന്റെ തീരുമാനം കേട്ട് ഞാൻ ഞെട്ടിപ്പോയി. ഈ തീരുമാനത്തിൽ വളരെ വിഷമമുണ്ട്. നമ്മുടെ ദൈവം ജീവന്റെ ദൈവമാണ്. ഹസൻ ചെയ്ത കുറ്റങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. എങ്കിലും ഈ നടപടി മരണ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന ക്രൂരമായ ഒന്നാണ്. ഇത് പുനഃപരിശോധിക്കേണ്ടതുണ്ട്”- യു.എസ്. കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടനയുടെ പ്രസിഡന്റായ ആർച്ച് ബിഷപ്പ് പോൾ എസ്. കോക്ലി പറഞ്ഞു.
“വലിയ ദ്രോഹം ചെയ്ത ഒരാളെയാണെങ്കിൽ പോലും പരസ്യമായി വധിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ ധാർമ്മിക മൂല്യങ്ങളെ തകർക്കും. അത് ജനങ്ങളുടെ മനസ്സാക്ഷിക്ക് ഒരു കളങ്കമായി മാറും. ഈ അവസരത്തിൽ നന്മയുടെ മാർഗം തിരഞ്ഞെടുക്കാൻ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി ഞാൻ പ്രാർഥിക്കുന്നു”- ബിഷപ്പ് കൂട്ടിച്ചേർത്തു.
വെർജീനിയയിലെ ആർലിംഗ്ടണിൽ നിന്നുള്ള വ്യക്തിയായിരുന്നു ഹസൻ. ഇയാൾ സൈന്യത്തിൽ സൈക്യാട്രിസ്റ്റായി ജോലി ചെയ്യുന്ന അവസരത്തിൽ, 2009 നവംബർ അഞ്ചിനാണ് ടെക്സസിലെ ഫോർട്ട് ഹൂഡിൽ വെടിവയ്പ്പ് നടത്തിയത്. ഈ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. മുപ്പത്തിരണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിവയ്പ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം “അല്ലാഹു അക്ബർ” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞതായി സാക്ഷികൾ വെളിപ്പെടുത്തുന്നു.




