ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ : സെപ്റ്റംബർ 19

2007 സെപ്റ്റംബർ 19നാണ് ഇന്റർനാഷണൽ 20-20 ക്രിക്കറ്റിൽ ഒരോവറിലെ 6 പന്തുകളിലും സിക്സുകൾ അടിക്കുന്ന ആദ്യ ബാറ്റ്സ്മാനായി ഇന്ത്യയുടെ യുവരാജ്സിംഗ് മാറിയത്. ഐ.സി.സി.യുടെ പ്രഥമ 20-20 വേൾഡ് കപ്പ് ടൂർണമെന്റിൽ ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിനിടെയായിരുന്നു യുവരാജിന്റെ ഈ അത്യപൂർവ പ്രകടനം. സ്റ്റുഅർട്ട് ബ്രോഡ് എറിഞ്ഞ 19-ാമത്തെ ഓവറിലെ ആറുപന്തുകളാണ് നിലംതൊടാതെ ബൗണ്ടറിലൈൻ കടന്നത്. ഇന്റർനാഷണൽ 20-20 യിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറി എന്ന നേട്ടവും ഈ മത്സരത്തിൽ തന്നെയാണ് പിറന്നത്. വെറും 12 ബോളുകളിൽ നിന്നാണ് യുവരാജ് 50 റൺസ് അടിച്ചുകൂട്ടിയത്. ടോസ് നേടി ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. യുവരാജിന്റെ മിന്നുന്ന പ്രകടനത്തിൽ ഇന്ത്യ 218 റൺസുകളാണ് നേടിയത്. 18 റൺസിന് ഇന്ത്യ വിജയിക്കുകയും ചെയ്തു.

1796 സെപ്റ്റംബർ 19നാണ് അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റായിരുന്ന ജോർജ് വാഷിംഗ്ടണിന്റെ വിടവാങ്ങൽ പ്രസംഗം ആദ്യമായി അച്ചടിച്ചു വന്നത്. പ്രസിഡണ്ട് സ്ഥാനത്തു നിന്നു പടിയിറങ്ങിയ സമയത്തായിരുന്നു അദ്ദേഹം ഈ വാക്കുകൾ കുറിച്ചത്. 20 വർഷത്തെ പൊതുസേവനത്തിന് ശേഷം സുഹൃത്തുക്കൾക്കും സഹപൗരന്മാർക്കും ആദരസൂചകമായി ജോർജ് വാഷിംഗ്ടൺ എഴുതിയ ഇൗ കത്ത് അമേരിക്കൻ ഡെയിലി അഡ്വെർടൈസർ എന്ന പത്രമാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.

1893 സെപ്റ്റംബർ 19നാണ് ന്യൂസിലാൻഡ് ഗവർണർ ലോർഡ് ഗ്ലാസ്ഗോ ഒരു പുതിയ തിരഞ്ഞെടുപ്പ് നിയമത്തിൽ ഒപ്പു വെച്ചത്. ഈ സുപ്രധാന നിയമ നിർമ്മാണത്തിന്റെ ഫലമായി പാർലമെന്റ് തിരഞ്ഞെടുപ്പിൽ എല്ലാ സ്ത്രീകൾക്കും വോട്ടവകാശമുള്ള ലോകത്തിലെ ആദ്യത്തെ സ്വയം ഭരണ രാജ്യമായി ന്യൂസിലാൻഡ് മാറി. 1893 നവംബർ 28ന് നടന്ന തെരഞ്ഞെടുപ്പിലാണ് സ്ത്രീകൾ ആദ്യമായി വോട്ട് ചെയ്തത്. കേറ്റ് ഷെപ്പേർഡ് എന്ന വനിതയുടെ നേതൃത്വത്തിലുള്ള വോട്ടവകാശ പ്രചാരകരുടെ വർഷങ്ങളുടെ പരിശ്രമത്തിന്റെ ഫലമായിരുന്നു ഈ നേട്ടം.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.