ഹെയ്തിക്ക് സഹായവുമായി ഒരു കത്തോലിക്കാ ദേവാലയം

ഹെയ്തിയിലേക്ക് 3,00,000-ത്തിലധികം ഭക്ഷണകിറ്റുകൾ കയറ്റുമതി ചെയ്ത് സഹായഹസ്തമൊരുക്കിയിരിക്കുകയാണ് നോർത്ത് കരോലിനയിലെ ഷാർലെറ്റിലുള്ള സെന്റ് മാത്യു കത്തോലിക്ക ദേവാലയത്തിലെ ഇടവകക്കാർ. ഹെയ്തിയിലെ പാവങ്ങൾക്കായി ഭക്ഷണപദാർഥങ്ങൾ തയാറാക്കി പായ്ക്ക് ചെയ്യുക എന്ന ഉദ്യമത്തിൽ പ്രാർഥനയോടെ ആയിരിക്കുകയാണ് ഈ ഇടവകയിലെ 1,400-ഓളം അംഗങ്ങൾ.

ആഗസ്റ്റ് 12-ന് എട്ട് വലിയ ഷിപ്പിംഗ് കണ്ടെയ്‌നറുകളിലാണ് ഇവർ ഭക്ഷണപദാർഥങ്ങൾ തയാറാക്കി അയച്ചത്. സാവധാനം മരണത്തിലേക്കു സഞ്ചരിക്കുന്ന ഒരു രാജ്യമാണ് ഹെയ്തി. 2021 ജൂലൈയിൽ പ്രസിഡന്റ് ജോവനൽ മോയിസ് കൊല്ലപ്പെട്ടപ്പോൾ അവിടെ അരാജകത്വം ഉടലെടുത്തു. രണ്ടു വർഷത്തിനുശേഷം, ഇപ്പോഴും പ്രസിഡന്റിന്റെ പിൻഗാമിയായി ആരുമില്ല. അതിനാൽ ഫലപ്രദമായി പ്രവർത്തിക്കുന്ന ഒരു ദേശീയ ഭരണപക്ഷം ഇവിടെ ഇല്ല. തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസ് തെരുവുകളിൽ സായുധസംഘങ്ങളാണ് ഇപ്പോൾ ഭരിക്കുന്നത്.

ഒരുനാളിൽ ഭൂകമ്പമായിരുന്നു ഇവിടെ പ്രതിസന്ധി വിതച്ചിരുന്നതെങ്കിൽ ഇന്ന് മാനുഷികസംഘങ്ങൾ മൂലം രക്ഷാപ്രവർത്തനത്തിന് ഓടിയെത്താൻ കഴിയാത്ത അവസ്ഥ സ്ഥിതിഗതികൾ കൂടുതൽ മോശമാക്കി. ഇതുകൂടാതെ, മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള തട്ടിക്കൊണ്ടുപോകലുകളും മറ്റും അന്യരാജ്യക്കാരായ ആളുകളെ അവിടെ തുടരുന്നതിൽ നിന്നും തടയുന്നു. സഞ്ചാരികൾ ആക്രമിക്കപ്പെടുന്നതും മോഷണത്തിന് ഇരയാകുന്നതും പതിവായി മാറിയിരിക്കുന്നു.

ആക്രമണങ്ങൾക്കും സ്വസ്ഥതയില്ലാത്ത സാഹചര്യങ്ങൾക്കുമിടയിൽ കഷ്ടപ്പെടുന്നത് സാധാരണ ജനങ്ങളാണ്. അവർക്ക് സ്വസ്ഥമായി ജോലിചെയ്തു ജീവിക്കാൻ കഴയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽത്തന്നെ പല കുടുംബങ്ങളിലും പട്ടിണി പിടിമുറുക്കുന്നു. ഈ സാഹചര്യത്തിലാണ് സെൻറ്‌ മാത്യു കത്തോലിക്ക ദേവാലയത്തിലെ വിശ്വാസികളുടെ സഹായം ഇവർക്ക് ആശ്വാസമായി മാറുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.