
കുട്ടിക്കാലത്തിന്റെ ഓർമ്മച്ചെപ്പിൽ തേൻകുടവും കയ്യിലേന്തി നിൽക്കുന്ന ആ മഞ്ഞക്കുട്ടിക്കുറുമ്പനെ ഓർക്കാത്തവർ ചുരുക്കമായിരിക്കും. എ.എ. മിൽനെ (A.A. Milne) സൃഷ്ടിച്ച, ചുവന്ന കുപ്പായമിട്ട ‘വിന്നി-ദി-പൂഹ്’ (Winnie-the-Pooh) എന്ന സ്നേഹമുള്ള കുഞ്ഞു കരടിയും അവന്റെ കൂട്ടുകാരും ലോകമെമ്പാടുമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും ഹൃദയം കവർന്നിട്ട് ഇപ്പോൾ നൂറ് വർഷങ്ങൾ തികയുകയാണ്.
കേവലം കുട്ടിക്കഥകൾക്കപ്പുറം, മനുഷ്യബന്ധങ്ങളുടെ ആഴവും പരസ്പരസ്നേഹവും സൗഹൃദവുമൊക്കെ ലളിതമായി പഠിപ്പിക്കുന്ന വലിയൊരു ജീവിതപാഠശാലയാണ് ഈ കഥകൾ അരങ്ങേറുന്ന ‘ഹണ്ട്രഡ് ഏക്കർ വുഡ്‌സ്’ (Hundred Acre Wood) എന്ന സാങ്കല്പിക വനം. 100-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ, ഈ കൊച്ചു കഥാപാത്രങ്ങൾ നമുക്ക് പകർന്നുനൽകുന്ന പ്രധാന മൂല്യങ്ങളിലേക്ക് ഒരു കണ്ണോടിക്കാം:
1. സ്നേഹവും സഹാനുഭൂതിയും പകർന്ന കഥകൾ
പൂഹും അവന്റെ പ്രിയപ്പെട്ട കൂട്ടുകാരനായ പിഗ്‌ലെറ്റും (Piglet) തമ്മിലുള്ള ബന്ധം ആത്മാർഥമായ സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണ്. വലുപ്പത്തിലോ കഴിവുകളിലോ അല്ല, മറ്റുള്ളവരെ മനസ്സിലാക്കുന്നതിലാണ് സൗഹൃദത്തിന്റെ കാതൽ എന്ന് അവർ കാണിച്ചുതരുന്നു. ഒരാളെക്കാൾ കഴിവുള്ള മറ്റൊരാൾ ഉണ്ടാകാം, എന്നാൽ സൗഹൃദത്തിന് അതൊന്നും ഒരു തടസ്സമല്ല എന്ന ചിന്ത ഇവരുടെ ഓരോ വാക്കുകളിലും നിഴലിക്കുന്നു. ഒരുകാലത്ത് കുഞ്ഞു മനസുകളിൽ നല്ല സൗഹൃദത്തിന്റെ മൂല്യമാണ് പകരാൻ പൂഹിനും ചങ്ങാതിമാർക്കും കഴിഞ്ഞിട്ടുണ്ട്.
2. ബലഹീനതകളെ ഉൾക്കൊള്ളുന്ന സ്നേഹം
ഹണ്ട്രഡ് ഏക്കർ വുഡ്‌സിലെ ഓരോ കഥാപാത്രത്തിനും അവരുടേതായ കുറവുകളുണ്ട്. എപ്പോഴും നിരാശനും സങ്കടക്കാരനുമായ ഈയോർ എന്ന കഴുത. ചെറിയൊരു ശബ്ദം കേട്ടാൽ പോലും ഭയപ്പെടുന്ന പിഗ്‌ലെറ്റ്. അടങ്ങിയിരിക്കാൻ അറിയാത്ത, എടുത്തുചാട്ടക്കാരനായ കടുവ. സ്വന്തം മണ്ടത്തരങ്ങളെക്കുറിച്ച് ഓർത്ത് വിഷമിക്കുന്ന, തേൻ കൊതിയനായ പൂഹ്. അങ്ങനെ ഓരോരുത്തർക്കും അവരുടേതായ കുറവുകളും പ്രത്യേകതകളും ഉണ്ട്. എന്നാൽ, ഈ കൂട്ടത്തിൽആരും ആരെയും തിരുത്താനോ മാറ്റാനോ ശ്രമിക്കുന്നില്ല. മറിച്ച്, ഓരോരുത്തരുടെയും കുറവുകളെയും സ്വഭാവവൈവിധ്യങ്ങളെയും സന്തോഷത്തോടെ അംഗീകരിക്കുകയാണ് അവർ ചെയ്യുന്നത്. വിഷാദവാനായ ഈയോറിനെപ്പോലും ആരും മാറ്റിനിർത്തുന്നില്ല; അവന്റെ വിഷമങ്ങളിലും കൂട്ടുകാർ കൂടെനിൽക്കുന്നു.
3. ജീവിതത്തിലെ ലളിത സന്തോഷങ്ങൾ
വലിയ നേട്ടങ്ങളോ ആഡംബരങ്ങളോ അല്ല ജീവിതത്തിലെ യഥാർഥ സന്തോഷമെന്ന് പൂഹ് നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരു പാത്രം തേൻ കഴിക്കുന്നതിലോ, കൂട്ടുകാരനോടൊപ്പം കാറ്റുകൊണ്ട് നടക്കുന്നതിലോ, ഒരു കൊച്ചു മരപ്പാലത്തിൽ നിന്ന് ആറ്റിലേക്ക് വടിയിട്ട് കളിക്കുന്നതിലോ (‘Poohsticks’) ഒക്കെയാണ് അവർ സന്തോഷം കണ്ടെത്തുന്നത്. തിരക്കുപിടിച്ച ആധുനിക ലോകത്ത് ഇത്തരം ചെറിയ സന്തോഷങ്ങളെ ആസ്വദിക്കാൻ ഈ കഥകൾ നമ്മെ പഠിപ്പിക്കുന്നു.
4 . കുട്ടിക്കാലത്തിന്റെ വിശുദ്ധി
ക്രിസ്റ്റഫർ റോബിൻ എന്ന കൊച്ചുബാലനും അവന്റെ കളിപ്പാട്ടങ്ങളും തമ്മിലുള്ള ആത്മബന്ധമാണ് ഈ കഥകളുടെ ജീവൻ. കുട്ടികളുടെ ഭാവനാലോകത്തെയും അവരുടെ നിഷ്കളങ്കമായ കാഴ്ചപ്പാടുകളെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം മിൽനെ തന്റെ വരികളിലൂടെ വരച്ചുകാട്ടുന്നു.
നൂറു വർഷങ്ങൾക്കിപ്പുറവും വിന്നി ദി പൂഹും കൂട്ടുകാരും വായനക്കാരുടെ മനസ്സിൽ മായാതെ നിൽക്കാൻ കാരണം അവരുടെ ഈ ലളിതമായ ജീവിത തത്ത്വചിന്തകളാണ്. സ്നേഹിക്കാനും, പരസ്പരം താങ്ങാവാനും, മറ്റുള്ളവരെ അവർ ആയിരിക്കുന്നതുപോലെ ഉൾക്കൊള്ളാനും ഹണ്ട്രഡ് ഏക്കർ വുഡ്‌സിലെ ആ കൊച്ചുകൂട്ടുകാർ നമ്മെ ഇപ്പോഴും പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു.




