യാത്രാവിവരണം 5: തർക്കത്തിന്റെ വേദിയായ എഫേസൂസ്

റവ. ഡോ. ജോജിൻ ഇലഞ്ഞിക്കൽ

ഏതെങ്കിലും ഒരു യുദ്ധം കൊണ്ടോ പെട്ടെന്നുള്ള ഒരു രാത്രി കൊണ്ടോ അല്ല; മറിച്ച് നൂറ്റാണ്ടുകൾ നീണ്ട പാരിസ്ഥിതിക മാറ്റങ്ങളും പകർച്ചവ്യാധികളുമാണ് ഈ മഹാനഗരത്തെ നാമാവശേഷമാക്കിയത്. കടൽ പിൻവാങ്ങുകയും വ്യാപാരം നിലയ്ക്കുകയും ചെയ്തതോടെ, ജീവനു വേണ്ടി ജനങ്ങൾ ഇവിടം ഉപേക്ഷിച്ചുപോയി. അങ്ങനെ നഗരം പൂർണ്ണമായും മണ്ണു മൂടിയും കാടുമൂടിയും വിസ്മൃതിയിലായി. ഫാ. ഡോ. ജോജിൻ ഇലഞ്ഞിക്കലിന്റെ എഫേസൂസ് യാത്രയുടെ മൂന്നാം ഭാഗം.   

എഫേസൂസ് സുന്നഹദോസ് നടന്ന ആ കൽമണ്ഡപത്തിനു മുന്നിൽ നിൽക്കുമ്പോൾ, ക്രിസ്തുവർഷം അഞ്ചാം നൂറ്റാണ്ടിൽ ക്രൈസ്തവസഭയെ ഉലച്ച വലിയൊരു ദൈവശാസ്ത്ര സംവാദത്തിന്റെ ഓർമ്മകൾ മനസ്സിലേക്ക് ഇരച്ചെത്തി. കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായിരുന്ന നെസ്റ്റോറിയസ് ഉയർത്തിയ ആശയങ്ങളായിരുന്നു ആ ഭിന്നതയുടെ മൂലകാരണം. ക്രിസ്തുവിന്റെ മനുഷ്യത്വത്തെയും ദൈവത്വത്തെയും വേർതിരിച്ചു കാണാൻ ശ്രമിച്ച അദ്ദേഹം, മറിയം ജന്മം നൽകിയത് ക്രിസ്തുവിലെ മനുഷ്യസ്വഭാവത്തിനാണെന്നും അതിനാൽ അവളെ ‘ക്രിസ്റ്റോടോക്കോസ്’ (Christotokos – ക്രിസ്തുവിന്റെ മാതാവ്) എന്ന് വിളിക്കുന്നതാണ്, ദൈവമാതാവ് എന്ന വിശേഷണത്തേക്കാൾ കൂടുതൽ യുക്തിസഹമെന്നും വാദിച്ചു.

എന്നാൽ, ചരിത്രകാരന്മാർ പിന്നീട് വിലയിരുത്തിയതു പോലെ, നെസ്റ്റോറിയസിന്റെ ആശയങ്ങളെ അലക്സാണ്ട്രിയയിലെ വിശുദ്ധ സിറിൾ പൂർണ്ണമായി മനസ്സിലാക്കാതെ തെറ്റായി വ്യാഖ്യാനിക്കുകയോ, കടുപ്പിച്ചു കാണിക്കുകയോ ചെയ്യുകയായിരുന്നു. നെസ്റ്റോറിയസ് ക്രിസ്തുവിനെ രണ്ട് വ്യക്തികളായി കണ്ടു എന്ന രീതിയിലാണ് സിറിൾ വിമർശനമുന്നയിച്ചത്. ഈശോയിൽ ദൈവത്വവും മനുഷ്യത്വവും വേർപെടുത്താനാവാത്ത വിധം ഒന്നായിരിക്കുന്നു എന്നും, അതിനാൽ ദൈവപുത്രന് ജന്മം നൽകിയ മറിയം സാക്ഷാൽ ‘തെഓട്ടോക്കോസ്’ (Theotokos – ദൈവമാതാവ്) തന്നെയാണെന്നും സിറിളിന്റെ നേതൃത്വത്തിൽ സഭാപിതാക്കന്മാർ പ്രഖ്യാപിച്ചു. അക്കാലത്തെ ഭാഷാപരവും രാഷ്ട്രീയവുമായ ഭിന്നതകൾ വാദപ്രതിവാദങ്ങൾക്ക് ആക്കം കൂട്ടിയെങ്കിലും, മനുഷ്യനായ ഈശോയ്ക്ക് ജന്മം നൽകിയ പരിശുദ്ധ അമ്മയുടെ ശ്രേഷ്ടമായ പദവിയെ ഉയർത്തിപ്പിടിച്ചുകൊണ്ട്, അവിടെ നിന്ന് നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർഥന ഞങ്ങൾ ചൊല്ലി.

എന്തുകൊണ്ടാണ് ഈ വലിയ തർക്കത്തിന് വേദിയാകാൻ എഫേസൂസ് തന്നെ തിരഞ്ഞെടുക്കപ്പെട്ടത് എന്നതിന് ചരിത്രപരമായ മറ്റൊരു മാനം കൂടിയുണ്ട്. കുരിശിലെ മരണവേളയിൽ ഈശോ നൽകിയ “ഇതാ നിന്റെ അമ്മ” എന്ന നിർദേശമനുസരിച്ച്, പരിശുദ്ധ അമ്മയുടെ സംരക്ഷണച്ചുമതല പൂർണ്ണമായും ഏറ്റെടുത്തത് യോഹന്നാൻ ശ്ലീഹായായിരുന്നല്ലോ. ആ ദൈവീക ഉത്തരവാദിത്തം നിറവേറ്റിക്കൊണ്ടാണ് അദ്ദേഹം പരിശുദ്ധ അമ്മയെയും കൂട്ടി എഫേസൂസിലേക്ക് വരുന്നത്. യോഹന്നാനും മറിയവും ജീവിച്ച, ആ അമ്മയുടെ ഭൗമികജീവിതത്തിന്റെ അവസാന നാളുകൾക്ക് സാക്ഷ്യം വഹിച്ച അതേ മണ്ണിൽ വച്ചുതന്നെ പരിശുദ്ധ അമ്മയുടെ ‘ദൈവമാതൃത്വം’ ലോകത്തിനു മുന്നിൽ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു എന്നത് ചരിത്രത്തിലെ മറ്റൊരു ദൈവീകനിയോഗമായിരുന്നു!

വിടവാങ്ങലിന്റെ നിമിഷങ്ങളിൽ: സ്വയം നിഴലിക്കുന്ന ചരിത്രസത്യങ്ങൾ

എഫേസൂസിന്റെ അതിവിശാലമായ പൗരാണിക ശേഷിപ്പുകളിലൂടെ മണിക്കൂറുകളോളം നടന്ന്, പ്രധാനപ്പെട്ട ഓരോ കാഴ്ചകളും സന്ദർശിച്ച് ഞങ്ങൾ തിരികെനടക്കുമ്പോൾ ശരീരത്തിൽ കടുത്ത ക്ഷീണവും മനസ്സിൽ വാങ്മയചിത്രങ്ങളുടെ പെരുമഴയുമായിരുന്നു. ഏതാനും മണിക്കൂറുകൾ കൊണ്ട് നടന്നുതീർക്കാൻ കഴിയാത്തത്ര കൂറ്റൻ വിസ്തൃതിയിലാണ് ആ പഴയ സാമ്രാജ്യം ഇന്നും ചിതറിക്കിടക്കുന്നത്. ഇന്നത്തെ ഈ ഭൂപടത്തിൽ ആ പഴയ മഹാനഗരത്തിന്റെ പൂർണ്ണമായ അതിരുകൾ സങ്കൽപ്പിക്കുക പോലും എത്ര പ്രയാസകരമാണ്!

മടക്കയാത്രയിൽ മനസ്സ് വീണ്ടും ആ സാമ്രാജ്യത്തിന്റെ അന്ത്യത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. കാലം തന്റെ കുതിരക്കുളമ്പടികൾ കൊണ്ട് ആ മഹാസാമ്രാജ്യത്തെയും മാറ്റിമറിച്ചു. പ്രകൃതിയുടെ നിഗൂഢമായ കൈയൊപ്പുകൾ ആ നഗരത്തിന്റെ വിധിയെത്തന്നെ മാറ്റിയെഴുതുകയായിരുന്നു. കയ്ക്റ്റർ (Cayster) നദി മലനിരകളിൽ നിന്ന് ഒഴുക്കിക്കൊണ്ടുവന്ന കോടിക്കണക്കിന് ടൺ എക്കൽ അടിഞ്ഞുകൂടി, നഗരത്തിന്റെ ജീവനാഡിയായിരുന്ന ആ വലിയ തുറമുഖം കടലിൽ നിന്ന് കിലോമീറ്ററുകളോളം അകന്നുപോയി. കച്ചവടക്കപ്പലുകളുടെ നങ്കൂരങ്ങളും മരക്കലങ്ങളുടെ ആരവങ്ങളും മുഴങ്ങിയിരുന്ന ആ തിരക്കേറിയ തീരം ഒടുവിൽ രോഗങ്ങൾ വിതയ്ക്കുന്ന ചതുപ്പുനിലങ്ങളായി മാറിയതും, ഇതിനു പുറമെ തുടർച്ചയായുണ്ടായ വിനാശകരമായ ഭൂചലനങ്ങൾ നഗരത്തിന്റെ പ്രതാപത്തിന് അന്ത്യം കുറിച്ചതും ഞങ്ങളിൽ വലിയ ചിന്തകളുണർത്തി.

ഏതെങ്കിലും ഒരു യുദ്ധം കൊണ്ടോ, പെട്ടെന്നുള്ള ഒരു രാത്രി കൊണ്ടോ അല്ല, മറിച്ച് നൂറ്റാണ്ടുകൾ നീണ്ട പാരിസ്ഥിതിക മാറ്റങ്ങളും പകർച്ചവ്യാധികളുമാണ് ഈ മഹാനഗരത്തെ നാമാവശേഷമാക്കിയത്. കടൽ പിൻവാങ്ങുകയും വ്യാപാരം നിലയ്ക്കുകയും ചെയ്തതോടെ, ജീവനു വേണ്ടി ജനങ്ങൾ ഇവിടം ഉപേക്ഷിച്ചുപോയി. അങ്ങനെ നഗരം പൂർണ്ണമായും മണ്ണു മൂടിയും കാടുമൂടിയും വിസ്മൃതിയിലായി.

എന്നാൽ, ആധുനിക കാലത്തിന്റെ ഉയിർത്തെഴുപ്പിൽ ചരിത്ര ഖനനങ്ങളിലൂടെ ആ ഉറങ്ങിക്കിടന്ന മണ്ണിൽ നിന്ന് പൊന്നടരുകൾ പോലെ ആ പഴയ പ്രൗഢി വീണ്ടും പുറത്തുവന്നിരിക്കുന്നു. തലയുയർത്തി നിൽക്കുന്ന സെൽസൂസ് ലൈബ്രറിയുടെയും ഗ്രാൻഡ് തിയേറ്ററിന്റെയും കൂറ്റൻ മാർബിൾ സ്തംഭങ്ങൾക്കിടയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ അദ്ഭുതത്തോടെ നടന്നുനീങ്ങുമ്പോൾ, ഒരുകാലത്ത് മണ്ണുമൂടിപ്പോയ ആ സാമ്രാജ്യത്വം വീണ്ടും ജീവിക്കുകയാണ്.

സ്നേഹത്തിന്റെ അപ്പസ്തോലനു മുന്നിൽ – യോഹന്നാൻ ശ്ലീഹായുടെ കല്ലറയിൽ

സെന്റ് മേരി ദൈവാലയത്തിന്റെ വിസ്മരിക്കപ്പെട്ട കാഴ്ചകളിൽ നിന്ന് അൽപം മാറി, എഫേസൂസ് നഗരത്തിനു സമീപത്തുള്ള അയാസോലുക് (Ayasuluk) കുന്നിൻമുകളിലെ വി. യോഹന്നാന്റെ ബസിലിക്കയിലേക്കായിരുന്നു (Basilica of St. John) ഞങ്ങളുടെ അടുത്ത യാത്ര. ഈശോയ്ക്ക് ഏറ്റവും പ്രിയപ്പെട്ട, അമ്മയെ സ്വന്തം ഭവനത്തിൽ ചേർത്തുവച്ച സ്നേഹത്തിന്റെ ശ്ലീഹായുടെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന പരിശുദ്ധ ഇടം!

ആ വലിയ ബസിലിക്കയുടെ കൂറ്റൻ മാർബിൾ അവശിഷ്ടങ്ങൾക്കു നടുവിൽ, വെള്ള മാർബിളിൽ തീർത്ത യോഹന്നാൻ ശ്ലീഹായുടെ തകർക്കപ്പെട്ട കല്ലറയ്ക്കു മുന്നിൽ ഞങ്ങൾ നിശ്ശബ്ദരായി നിന്നു. പണ്ടൊരിക്കൽ ആ കല്ലറയിൽ നിന്ന് അദ്ഭുതകരമായ ദിവ്യ മണൽത്തരികൾ (Manna of St. John) ഉയർന്നിരുന്നുവെന്ന പൗരാണിക തീർഥാടകരുടെ വിവരണങ്ങൾ മനസ്സ് ഓർത്തെടുത്തു.

ഈശോയുടെ നെഞ്ചോട് ചാരിനിന്ന, കുരിശിൻ ചുവട്ടിൽ ഭയപ്പെടാതെ ഉറച്ചുനിന്ന, പരിശുദ്ധ അമ്മയ്ക്ക് തണലായ ആ മഹാനായ വിശുദ്ധന്റെ കല്ലറയിൽ തൊട്ടു പ്രാർഥിച്ചു. ഒത്തിരി സന്തോഷം തോന്നി ആ നിമിഷത്തില്‍.

ഫാ. ഡോ. ജോജിൻ ഇലഞ്ഞിക്കൽ
(അടുത്ത അധ്യായത്തിൽ: ലാവോദിക്യാ സഭയിലെ കാഴ്ചകളും വിശേഷങ്ങളും)

(തുടരും)

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.