

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സഞ്ചാരികളുടെ നീണ്ട നിരയാണ് പ്രവേശനകവാടത്തിൽ ഞങ്ങളെ വരവേറ്റത്. വിവിധ ഭാഷകളിൽ സംസാരിക്കുന്ന, ക്യാമറകളും ഗൈഡ് ബുക്കുകളുമായി കാത്തുനിൽക്കുന്ന ആ ജനക്കൂട്ടത്തിന്റെ മുഖങ്ങളിൽ വിസ്മയവും ആകാംക്ഷയും ഒന്നിച്ച് തുളുമ്പിനിൽക്കുന്നത് വ്യക്തമായിരുന്നു. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ആ മാർബിൾ വീഥികളിലേക്ക് കാൽവയ്ക്കാൻ തുനിയുന്ന ഓരോ യാത്രികന്റെയും കണ്ണുകളിൽ ഒരു പുതിയ ലോകം കണ്ടെത്തുന്നതിന്റെ തിളക്കമുണ്ടായിരുന്നു. ഫാ. ഡോ. ജോജിൻ ഇലഞ്ഞിക്കലിന്റെ എഫേസൂസ് യാത്രയുടെ ഒന്നാം ഭാഗം.
“നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി എഫെസൂസ്, സ്മിർണ, പെർഗാമോസ്, തിയത്തൈറ, സാർദിസ്, ഫിലാഡെൽഫിയ, ലവോദിക്യ എന്നിങ്ങനെ ഏഴ് സഭകൾക്ക് അയച്ചുകൊടുക്കുക” (വെളി. 1:11) എന്ന തിരുവചനത്തിന്റെ ഓർമ്മകളുമായി, ആ സപ്തസഭകളുടെ മഹാശൃംഖലയിലെ ആദ്യത്തെ കണ്ണിയിലേക്ക് ഞങ്ങൾ കടക്കുകയാണ്. ഈശോമിശിഹായുടെ പ്രിയശിഷ്യനായ യോഹന്നാൻ ശ്ലീഹായ്ക്ക് പത്മോസ് ദ്വീപിൽ വച്ച് ലഭിച്ച ദിവ്യദർശനത്തിന്റെ അടിസ്ഥാനത്തിൽ, ഏഷ്യ മൈനറിലെ ഏഴ് പ്രമുഖ സഭകളിലേക്ക് എഴുതപ്പെട്ട വെളിപാട് പുസ്തകത്തിന്റെ സ്പന്ദനങ്ങൾ തേടിയുള്ള ഒരു വിശുദ്ധ തീർഥാടനത്തിനാണ് ഞങ്ങൾ അവിടെ തുടക്കമിടുന്നത്.
പരിശുദ്ധ കന്യകാമറിയത്തിന്റെ ഭവനത്തിലെ തിരുക്കർമ്മങ്ങളും പ്രാർഥനകളും പൂർത്തിയാക്കി ഞങ്ങൾ പതുക്കെ മലയിറങ്ങി. ഹെയർപിൻ വളവുകൾ താണ്ടി 15 മിനിറ്റിനുള്ളിൽ തന്നെ, ആ ആത്മീയനിർവൃതിയുടെ ഉത്തുംഗതയിൽ നിന്ന് ഞങ്ങൾ ചരിത്രത്തിന്റെ മറ്റോരു മഹാസമുദ്രത്തിലേക്ക് വന്നിറങ്ങി! ആ ചരിത്രനിര്‍മ്മിതിക്ക് ലോകം വിളിച്ചപേര് എഫേസൂസ്.
എഫേസൂസ് നഗരത്തിന്റെ പ്രവേശനകവാടത്തിന്റെ എതിർവശത്തായി വാഹനം പാർക്ക് ചെയ്ത ശേഷം, ടിക്കറ്റുകൾ വാങ്ങി ഞങ്ങൾ നാലുപേരും ആ പുരാതന നഗരത്തിലേക്ക് നടന്നു. ഒരുകാലത്ത് റോമൻ സാമ്രാജ്യത്തിന്റെ കിഴക്കൻ ദേശങ്ങളിലെ ഏറ്റവും പ്രതാപമേറിയ നഗരമായിരുന്നു എഫേസൂസ്.
ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സഞ്ചാരികളുടെ നീണ്ടനിരയാണ് പ്രവേശന കവാടത്തിൽ ഞങ്ങളെ വരവേറ്റത്. വിവിധ ഭാഷകളിൽ സംസാരിക്കുന്ന, ക്യാമറകളും ഗൈഡ് ബുക്കുകളുമായി കാത്തുനിൽക്കുന്ന ആ ജനക്കൂട്ടത്തിന്റെ മുഖങ്ങളിൽ വിസ്മയവും ആകാംക്ഷയും ഒന്നിച്ച് തുളുമ്പിനിൽക്കുന്നത് വ്യക്തമായിരുന്നു. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ആ മാർബിൾ വീഥികളിലേക്ക് കാൽവയ്ക്കാൻ തുനിയുന്ന ഓരോ യാത്രികന്റെയും കണ്ണുകളിൽ ഒരു പുതിയ ലോകം കണ്ടെത്തുന്നതിന്റെ തിളക്കമുണ്ടായിരുന്നു. ആ തിരക്കിനിടയിലൂടെ മുന്നോട്ടുനടക്കുമ്പോൾ, കേവലം ഒരു വിനോദസഞ്ചാരകേന്ദ്രം സന്ദർശിക്കുന്നതിലുപരി, കാലത്തിന്റെ യന്ത്രം പിന്നോട്ട് തിരിച്ച് ഒരു മഹായുഗത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ആവേശമാണ് ആ മനുഷ്യക്കൂട്ടത്തിൽ മുഴുവൻ നിറഞ്ഞുനിന്നിരുന്നത്.
മാർബിൾ കല്ലുകൾ പാകിയ ആ പാതകളിലൂടെ ഓരോ ചുവടും മുന്നോട്ടുവയ്ക്കുമ്പോൾ, രണ്ടായിരം വർഷം പുറകോട്ട് സഞ്ചരിക്കുന്ന ഏതോ ഒരു മാന്ത്രികലോകത്തെന്നപോലെ ഞങ്ങൾ തങ്ങിനിന്നു. വെറുമൊരു കാഴ്ചയ്ക്കപ്പുറം, ലോകചരിത്രത്തിന്റെ നെഞ്ചിടിപ്പ് ഇന്നും മുഴങ്ങുന്ന ആ പുണ്യഭൂമിയിൽ കാൽ കുത്തിയ നിമിഷം, വർണ്ണിക്കാനാവാത്ത ഏതോ ഒരു നവ്യവികാരത്താൽ ഞങ്ങൾ മൂടപ്പെട്ടു.
ആ വലിയ നഗരത്തിന്റെ പടിവാതിൽക്കൽ നിന്ന് അകത്തേക്ക് കണ്ണോടിച്ചപ്പോൾ, കണ്ണിനെ വിശ്വസിക്കാൻ കഴിയാത്തവിധം വിസ്മയകരമായ കാഴ്ചകളായിരുന്നു. ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന കൂറ്റൻ മാർബിൾ സ്തംഭങ്ങളും പൊളിഞ്ഞുവീണ കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങളും അടയാളങ്ങൾ നഷ്ടപ്പെട്ട വീടുകളും ഒരു വലിയ സാമ്രാജ്യത്തിന്റെ ഉദയത്തിന്റെയും അസ്തമയത്തിന്റെയും കഥകൾ മൗനമായി പറഞ്ഞുതന്നുകൊണ്ടിരുന്നു. ഓരോ ശിൽപങ്ങളിലും ഓരോ കല്ലിന്റെ അടയാളങ്ങളിലും റോമൻ-ഗ്രീക്ക് ശിൽപികളുടെ വിരൽതുമ്പുകൾ പതിഞ്ഞിരിക്കുന്നത് ഞങ്ങൾ നേരിൽ കണ്ടു തൊട്ടറിഞ്ഞു.
റോമൻ പ്രഭുക്കന്മാരും ചിന്തകരും തിങ്ങിനിറഞ്ഞ ആ തെരുവുകളിലൂടെ വല്ലാത്തൊരു ചരിത്രബോധത്തോടെയാണ് ഞങ്ങൾ നടന്നുനീങ്ങിയത്. അതുകൊണ്ടു തന്നെ പെരുന്തോട്ടം പിതാവ് എഫേസൂസിന്റെ ചരിത്രം വിവരിക്കുമെന്ന വിചാരം ഞങ്ങൾക്കുണ്ടായിരുന്നു. എന്നാൽ ചരിത്രപണ്ഡിതൻ കൂടിയായ പിതാവ് ഒരു ‘തുടക്കക്കാരനായ വ്ലോഗറുടെ’ ആവേശത്തിലേക്ക് വഴിമാറി! ഫോണെടുത്ത് അവിടെയുള്ള സകല സാധനങ്ങളുടെയും ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു. മൊബൈൽ ഫോണുമെടുത്ത് അവിടത്തെ ഓരോ കാഴ്ചയും ആവേശത്തോടെ പകർത്തുന്ന പിതാവിനെ കണ്ടപ്പോൾ, വിജ്ഞാനതൃഷ്ണ മാറ്റിവച്ച് ആ കൗതുകം കണ്ടുനിൽക്കാനാണ് ഞങ്ങൾക്ക് കൂടുതൽ തോന്നിയത്. ആ വലിയ നഗരത്തിന്റെ ഓരോ കോണിലും ചരിത്രത്തിന്റെ താളുകൾ മറിഞ്ഞുകൊണ്ടിരുന്നു. വിഗ്രഹാരാധനയുടെയും ലൗകിക ആഡംബരങ്ങളുടെയും ആരവങ്ങൾ മുഴങ്ങിനിന്ന ആ മണ്ണിൽ, പൗലോസ് ശ്ലീഹായുടെയും ആദിമ ക്രിസ്തീയസമൂഹത്തിന്റെയും ജീവന്റെ തുടിപ്പുകൾ മൗനരാഗം മൂളുന്നതു പോലെ തോന്നി.
ആ നഗരത്തിലേക്ക് പ്രവേശിക്കുന്ന കവാടത്തോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ചരിത്രഫലകങ്ങളിൽ എഫേസൂസിനെക്കുറിച്ചുള്ള ചരിത്രമുണ്ട്. ഗ്രീക്ക് പുരാണങ്ങളിൽ പുരുഷന്മാരുടെ സഹായമില്ലാതെ യുദ്ധക്കലയിൽ പ്രഗദ്ഭരായി വാണ ആമസോൺ (Amazon) വനിതാ പോരാളികളുടെ ഗോത്രത്തിലെ ‘അപാസസ്’ (Apasis) എന്ന രാജ്ഞിയുടെ പേരിൽ നിന്നാണ് എഫേസൂസ് ഉണ്ടായതത്രെ. ഗ്രീക്ക് മുഖ്യഭൂമിയിലെ യുദ്ധങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും രക്ഷ നേടി, തങ്ങൾക്കൊരു പുതിയ സങ്കേതം പണിയാൻ ഗ്രീസിലെ ഏജിയൻ കടൽ കടന്ന് തുർക്കിയിലെ ഈ തീരത്തേക്ക് ആമസോൺ പോരാളികൾ എത്തിച്ചേർന്നതായാണ് ചരിത്രം പറയുന്നത്. കയ്ക്റ്റർ നദിയുടെ മുഖത്തുള്ള ഈ തന്ത്രപ്രധാനമായ ഭൂപ്രകൃതി സൈനികമായി നിലയുറപ്പിക്കാനും തങ്ങളുടെ മാതൃദേവതാ ആരാധന വളർത്താനും കൂടിയാണ് അവർ തിരഞ്ഞെടുത്തത്. കവാടത്തിനരികിലെ ആ ചരിത്രരേഖകൾ വായിച്ചറിഞ്ഞ്, പിൽക്കാലത്ത് ഗ്രീക്കുകാരും അനറ്റോലിയൻ തദ്ദേശീയരും ഈ ചരിത്രത്തെ കൂടിച്ചേർത്ത് പടുത്തുയർത്തിയ ആ മഹാസംസ്കാരത്തിന്റെ മടിത്തട്ടിലൂടെ ഞങ്ങൾ പതിയെ മുന്നോട്ടുനടന്നു. പുരാണങ്ങളും യാഥാർഥ്യങ്ങളും ഇഴചേർന്ന ആ പൗരാണികത ഞങ്ങളുടെ ഹൃദയങ്ങളെ കാലഘട്ടത്തിന്റ മറ്റൊരു അധ്യായത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ലോകചരിത്രത്തിന്റെ താളുകളിലെന്നപോലെ ക്രിസ്തീയചരിത്രത്തിലും ഒരുപോലെ സവിശേഷമായ ഇടമുണ്ട് എഫേസൂസിന്. ബിസി പത്താം നൂറ്റാണ്ടിൽ ഗ്രീക്ക് കുടിയേറ്റക്കാരാൽ രൂപംകൊണ്ട ഈ പ്രദേശം, പിൽക്കാലത്ത് ലിഡിയൻ, പേർഷ്യൻ, റോമൻ സാമ്രാജ്യങ്ങളുടെ കീഴിൽ ലോകത്തിന്റെ തന്നെ നെറുകയിലേക്ക് വളർന്നുന്നല്ലോ. റോമൻ ഭരണകാലത്ത് ‘ഏഷ്യാ പ്രവിശ്യയുടെ’ തലസ്ഥാനമായി മാറിയ എഫേസൂസിൽ, രണ്ടര ലക്ഷത്തോളം ജനങ്ങൾ തിങ്ങിപ്പാർത്തിരുന്നു. ലോകത്തെ വിസ്മയിപ്പിച്ച പൗരാണിക അദ്ഭുതങ്ങളിലൊന്നായ ആർത്തെമിസ് ക്ഷേത്രത്തിന്റെ ആസ്ഥാനമെന്ന നിലയിലും, ഏജിയൻ കടലിലേക്ക് തുറന്നുകിടന്ന വലിയ തുറമുഖനഗരമെന്ന നിലയിലും ലോകമെമ്പാടുമുള്ള കച്ചവടക്കാരും തത്വശാസ്ത്രജ്ഞന്മാരും പ്രഭുക്കന്മാരും ഒഴുകിയെത്തിയിരുന്ന ഒരു സുവർണ്ണ നഗരമായിരുന്നു ഇത്. മനോഹരമായ മാർബിൾ തെരുവുകളും, ഇരുപത്തി അയ്യായിരത്തോളം പേരെ ഉൾക്കൊള്ളുന്ന കൂറ്റൻ ഗ്രാൻഡ് തിയേറ്ററും, സെൽസസ് ലൈബ്രറിയും ഒക്കെ വിളംബരം ചെയ്ത ആ സാമ്രാജ്യത്വ ഗാംഭീര്യത്തിന്റെ ഉത്തുംഗതയിലേക്കാണ് ആദിമ ക്രൈസ്തവസഭയുടെ വേരുകൾ ആഴത്തിൽ പടർന്നുകയറിയത്.
ഈ പുരാതന നഗരത്തിലൂടെയുള്ള ഞങ്ങളുടെ യാത്ര ബൈബിൾ ചരിത്രത്തിലൂടെയുള്ള ഒരു തീർഥാടനം കൂടിയായിരുന്നു. പൗലോസ് ശ്ലീഹാ തന്റെ രണ്ടര വർഷത്തോളം വരുന്ന പ്രേഷിതദൗത്യത്തിലൂടെ വിശ്വാസത്തിന്റെ വിത്തുകൾ പാകിയ പവിത്രമായ ഭൂമി. യോഹന്നാൻ ശ്ലീഹാ തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടം ചെലവഴിച്ചതും സഭയെ നയിച്ചതും വിശ്രമകൊള്ളുന്നതും ഈ മണ്ണിലാണെന്ന ഓർമ്മ ഓരോ കാഴ്ചയ്ക്കും വിശുദ്ധിയുടെ മാറ്റ് കൂട്ടി.
ഫാ. ഡോ. ജോജിൻ ഇലഞ്ഞിക്കൽ
(തുടരും)




