പൂജരാജാക്കന്മാരിലെ അറബി: പീറ്റർ പോൾ റൂബൻസിന്റെ മനോഹരചിത്രം

ഫാ. സാബു മണ്ണട എം.സി.ബി.എസ്.

ഉണ്ണിയേശുവിനുചുറ്റും നിൽക്കുന്ന മൂന്ന്  പൂജരാജാക്കന്മാരും ഇടതുവശത്തു നിൽക്കുന്ന മാതാവും  മറ്റു വ്യക്തികളുമൊക്കെ കാഴ്ചക്കാരന്റെ ശ്രദ്ധയെ ആകർഷിക്കുന്നുണ്ടെങ്കിലും പെട്ടെന്ന്  കണ്ണുടക്കി നിൽക്കുന്നത് പൂജരാജാക്കന്മാരിലെ ഇരുണ്ടനിറമുള്ള കഥാപാത്രത്തിലാണ്. അദ്ദേഹം അറബിയാണോ?

ലോക ചിത്രകലാചരിത്രത്തിൽ എക്കാലവും അറിയപ്പെടുന്ന അതിപ്രശസ്തരായ കലാകാരന്മാരിലൊരാളാണ് പീറ്റർ പോൾ റൂബൻസ്. ക്ലാസിക്കൽ റോമൻ – ഗ്രീക്ക് പൈതൃകത്തോടുള്ള അഭിനിവേശവും സ്നേഹവുമാണ് റൂബൻസിന്റെ ചിത്രങ്ങളിലുടനീളം പ്രധിധ്വനിക്കുന്നത്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും മതപരവും ചരിത്രപരവും ഒപ്പം പുരാണരംഗങ്ങളെ ഭംഗിയായി ദ്യശ്യവത്കരിക്കുന്നവയുമാണ്. എന്നാൽ പിന്നീടുള്ള അദ്ദേഹത്തിന്റെ പെയിന്റിങ്ങുകളിൽ രാഷ്ട്രീയപരമായ നിരീക്ഷണങ്ങൾ ഉൾച്ചേർത്തുള്ളവയായിരുന്നു.

റൂബൻസ് എന്ന ചിത്രകാരൻ തന്റെ കലാജീവിതത്തെ ആഴപ്പെടുത്തിയത് ഇറ്റലിയിലും, സ്പെയിനിലുമുള്ള തന്റെ യാത്രയിലൂടെയാണ്. ഈ യാത്രകൾ, പു

പീറ്റർ പോൾ റൂബൻസ്

രാതനവും ഒപ്പം നവോത്ഥാനകാലഘട്ട ചിത്രങ്ങളെയുംപറ്റി പഠിക്കാൻ അദ്ദേഹത്തെ സഹായിച്ചു. എന്നാൽ ഇറ്റലിയിലെ വാസമാണ് റൂബൻസിലെ യഥാർഥ കലാകാരനെ രൂപപ്പെടുത്തിയത്. കാരണം കരവാജൊ, തിസ്സിയാൻ, മൈക്കലാഞ്ചലൊ എന്നീ അതുല്യപ്രതിഭകളുടെ ചിത്രങ്ങളെപ്പറ്റി പഠിക്കാൻ അവസരം കിട്ടിയത് അവിടെവച്ചായിരുന്നു. നവോത്ഥാനകാലഘട്ട ചിത്രങ്ങളോടുള്ള റൂബൻസിന്റെ എന്തെന്നില്ലാത്ത പ്രണയം പല വലിയ ചിത്രകാരന്മാരുടെയും ചിത്രങ്ങൾ അതേപടി അനുകരിക്കാൻ ആദ്യകാലങ്ങളിൽ റൂബൻസിനെ പ്രേരിപ്പിച്ചു. അങ്ങനെ മൈക്കലാഞ്ചലോയുടേയും കരവാജൊയുടേയും തിസ്സിയാനൊയുടേയും ചിത്രങ്ങൾ റൂബൻസ് പകർത്തിവരച്ചു. ചരിത്രപരവും മതപരവുമായിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളിലൊക്കെത്തന്നെ സാധാരണയായി യൂറോപ്യൻ കഥാപാത്രങ്ങളാണ് കടന്നുവന്നിരുന്നത്.

 

ഈയൊരു പശ്ചാത്തലത്തിൽവേണം ക്രിസ്തുമസിനെയും ദനഹാകാലത്തെയും ഒരുപോലെ തൊട്ടുപോകുന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ ‘പൂജരാജാക്കന്മാരുടെ ആരാധന’ എന്ന ചിത്രം വിശകലനംചെയ്യേണ്ടത്. ഈ ചിത്രത്തിലെ ഇരുണ്ടനിറമുള്ള അഥവാ തലക്കെട്ടുള്ള അറബ് കഥാപാത്രത്തെക്കുറിച്ചുള്ള സംശയങ്ങൾ പ്രസക്തമാകുന്നതും ഈയൊരു പശ്ചാത്തലത്തിലാണ്.

ചിത്രനിരൂപകർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. റൂബൻസ് യൂറോപ്പിനു പുറത്തുപോവുകയോ, അറബ് – മുസ്ലീം സംസ്കാരത്തെ അടുത്തറിയാൻ യാതൊരുവിധ സാധ്യതയും ഇല്ലാതിരിക്കുകയോ ചെയ്തിട്ടും എന്തുകൊണ്ടായിരിക്കാം ഇങ്ങനെ യൂറോപ്പിനു പുറത്തുനിന്നുമുള്ള ഒരു കഥാപാത്രത്തെ വരച്ചുചേർത്തത്? അതിനുപിന്നിലെ കാരണങ്ങൾ എന്തൊക്കെ ആയിരിക്കുമെന്നു കണ്ടെത്താൻ ഒരുപക്ഷേ, ഇതിനുമുമ്പ് മറ്റ് കലാകാരന്മാർ വരച്ച ഇതേ വിഷയത്തിലുള്ള ചിത്രത്തെ താരതമ്യം ചെയ്യുകയോ, പഠനവിഷയമാക്കുകയോ ചെയ്താൽമതിയാവും.

ചിത്രം വരയ്ക്കാൻ ഏല്പിച്ച സാഹചര്യം

ഈ ചിത്രം റൂബൻസ് വരയ്ക്കുന്നത് 1609-ൽ ആന്റ് വെർപ് (Antwerp) എന്ന സ്ഥലത്തെ ടൗൺ കൗൺസിൽ ഏല്പിച്ചപ്രകാരമാണ്. ഇതൊരു വലിയ പ്രൊജക്ട് ആയിരുന്നതിനാലും വളർന്നുവരുന്ന ഒരു കലാകാരൻ എന്നനിലയിലും റൂബൻസിന് ഈ ജോലി ഏറ്റെടുക്കുന്നത് ഏറെ അഭിമാനകരമായ ഒന്നായിരുന്നു.

റൂബൻസ് എന്ന ചിത്രകാരൻ അറിയപ്പെട്ടിരുന്നത് രണ്ടുതരത്തിലാണ് – 1. പരമ്പരാഗത ചിത്രകാരൻ, 2. വേദപുസ്തകരംഗങ്ങളുടെയും ചരിത്രസംഭവങ്ങളുടെയും ചിത്രകാരൻ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന ചില ആഴത്തിലുള്ള അർഥതലങ്ങളുടെ ചുരുളഴിക്കാതെ ആ ചിത്രങ്ങളെ വ്യാഖ്യാനിക്കുക പ്രയാസമാണ്.

ഇവിടെ വിശകലനംചെയ്യുന്ന ഈ ചിത്രത്തിൽ ഉണ്ണിയേശുവിനുചുറ്റും നിൽക്കുന്ന മൂന്ന് പൂജരാജാക്കന്മാരും ഇടതുവശത്തു നിൽക്കുന്ന മാതാവും മറ്റു കഥാപാത്രങ്ങളുമൊക്കെ കാഴ്ചക്കാരന്റെ ശ്രദ്ധയെ ആകർഷിക്കുന്നുണ്ടെങ്കിലും പെട്ടെന്ന് കണ്ണുടക്കിനിൽക്കുന്നത് പൂജരാജാക്കന്മാരിലെ ഇരുണ്ടനിറമുള്ള കഥാപാത്രത്തിലാണ്. കാരണം, ആ ചിത്രത്തിന്റെ ഫ്രെയിമിനുള്ളിലുള്ള മറ്റെല്ലാ കഥാപാത്രങ്ങളിൽനിന്നും വ്യത്യസ്തനാണയാൾ. ഇരുണ്ടനിറവും വ്യത്യസ്തമായ വസ്ത്രധാരണവും അയാളെ വിഭിന്നനാക്കുന്നു. നിരൂപകരും പണ്ഡിതരും പറയുന്നത്, ഈ ചിത്രത്തിൽ ‘ഇരുണ്ട രാജാവിനെ’ ആണ് മുഖ്യകഥാപാത്രമായി റൂബൻസ് വരച്ചിരിക്കുന്നത് എന്നാണ്.

അയാൾ ധരിച്ചിരിക്കുന്ന നീലക്കുപ്പായവും അതിലെ സ്വർണനിറത്തിലെ തൊങ്ങലുകളുമൊക്കെ ആ കഥാപാത്രത്തെ വ്യത്യസ്തനാക്കുന്നുമുണ്ട്. അയാൾ ധരിച്ചിരിക്കുന്ന ശിരോവസ്ത്രവും ആഫ്രിക്കൻ നിറവും ഒക്കെയാണ് സാധാരണയായി യൂറോപ്പിനു പുറത്തുനിന്നുള്ള കഥാപാത്രങ്ങളാണെന്നുകാണിക്കാൻ ചിത്രങ്ങളിൽ ഉപയോഗിച്ചിരുന്ന രീതി. ആ രീതിതന്നെ റൂബൻസും പിന്തുടർന്നു എന്നുവേണം കരുതാൻ. എന്നാൽ റൂബൻസ് തന്റെ ചിത്രങ്ങളിൽ യഥാർഥ കഥാപാത്രങ്ങളെ മോഡലാക്കി വരയ്ക്കുന്ന രീതിയും അവലംബിച്ചിരുന്നു. പക്ഷേ, ഇവിടെ ചിത്രകാരൻ ബൈബിളിൽ പറയുന്ന പൂജരാജാക്കന്മാരുടെ സന്ദർശനത്തെ അതേപടി പകർത്താൻ ശ്രമിക്കുകയാണ് ചെയ്തത് . ഈ കഥാപാത്രത്തിൽ കാണുന്ന വ്യത്യസ്തതകളോടെ വരയ്ക്കുന്ന രീതിതന്നെയാണ് നൂറ്റാണ്ടുകളായി പേർഷ്യക്കാരെയും അറബികളെയും ഇന്ത്യക്കാരെയും വടക്കേ ആഫ്രിക്കക്കാരെയുമൊക്കെ ചിത്രീകരിക്കാൻ യൂറോപ്യൻ ചിത്രകാരന്മാർ ശ്രമിച്ചിരുന്നത്.

20 വർഷങ്ങൾക്കുശേഷം തിരുത്തിവരയ്ക്കപ്പെട്ട ചിത്രം

2000-2002 കാലഘട്ടത്തിൽ ഈ ചിത്രത്തിന്മേൽ നടത്തിയ X-Ray വിശകലനത്തിലൂടെയുള്ള പഠനങ്ങളും ഗവേഷണങ്ങളുംപ്രകാരം, ചിത്രകാരൻ തന്നെ ഏതാണ്ട് 20 വർഷത്തിനുശേഷം ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്. അതായത്, ഏകദേശം 1629-ൽ റൂബൻസ് ഇരുണ്ട രാജാവിന്റെ നിറങ്ങൾക്ക് ചില വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. ആ കഥാപാത്രത്തിന്റെ വസ്ത്രത്തിന്റെ കളറുകൾ കുറേക്കൂടി മയപ്പെടുത്തി വരച്ചുവെന്നും, കുപ്പായത്തിനും ശിരോവസ്ത്രത്തിനും കുറേക്കൂടി സിൽക്ക് നിറത്തിന്റെ ഫലം കൊണ്ടുവരാൻ കഴിഞ്ഞു എന്നും പറയുന്നു. ചിത്രകാരൻ വരുത്തിയ മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ആ കഥാപാത്രത്തിന്റെ മുഖത്തിനുവരുത്തിയ മാറ്റംതന്നെയാണ്. കാരണം, പഴയതിൽനിന്നും വ്യത്യസ്തമായി ആ കഥാപാത്രത്തിന്റെ നോട്ടംതന്നെ വ്യത്യാസപ്പെടുത്തിയെന്നും, വശങ്ങളിലേക്കായിരുന്ന നോട്ടം മുൻവശത്തേക്കു നോക്കുന്നരീതിയിൽ, അതായത് കാഴ്ചക്കാരനെ നോക്കുന്ന രീതിയിലാക്കിയെന്നു പഠനം പറയുന്നു. ഇങ്ങനെ ഒരു മാറ്റംവരുത്താൻ ശ്രമിച്ചതിലൂടെ ‘ഇരുണ്ട രാജാവിനെ’ കൂടുതൽ ജീവസ്സുറ്റതും ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗവുമാക്കി മാറ്റി. പ്രാധാന്യം കാണിക്കുന്നതിനുവേണ്ടി വിലപ്പെട്ട രത്നങ്ങൾ ആ കഥാപാത്രത്തിന്റെ വസ്ത്രത്തിൽ തുന്നിച്ചേർത്ത രീതിയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ പുതിയ പഠനമനുസരിച്ച്, ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് കൂടുതൽ സ്വാഭാവികത നൽകിയും കൂടുതൽ മാനുഷികമാക്കിയും റൂബൻസ് ചിത്രത്തെ പഴയതിനേക്കാളും സുന്ദരമാക്കി.

ഒരു ചിത്രകാരൻ എന്നതിനപ്പുറം റൂബൻസ് എന്ന വ്യക്തിയിൽ അടിയുറച്ചിരുന്ന മാനുഷിക കാഴ്ചപ്പാടുകളെയാണ് ഈ ചിത്രം വ്യക്തമാക്കുന്നത്. ഈ രീതിയിൽ ചിത്രത്തിലെ ഇരുണ്ട രാജാവിന്റെ കഥാപാത്രം ഒരുപക്ഷേ, പരമ്പരാഗത ചിത്രീകരണത്തിന്റെയും റൂബൻസിന്റെ മാനുഷിക കാഴ്ചപ്പാടുകളിൽനിന്നും രൂപംകൊണ്ട സാങ്കല്പിക കഥാപാത്രത്തിന്റേയും ഒരു സമ്മിശ്രമായിരിക്കാം എന്നാണ് പറയപ്പെടുന്നത്.

സാധാരണയായി യൂറോപ്യൻ ചിത്രങ്ങളിൽ മധ്യപൂർവദേശത്തെ കഥാപാത്രങ്ങളെ അപരിഷ്കൃതരായും പാശ്ചാത്യരുടെ കീഴാളരുമായിട്ടാണ് ചിത്രീകരിച്ചിരുന്നത്. എന്നാൽ ഇവിടെ റൂബൻസ് എന്ന ചിത്രകാരൻ ഇതിൽനിന്നും വ്യത്യസ്തമായി അങ്ങനെയൊരു കഥാപാത്രത്തെ ചിത്രത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കാനാണ് ശ്രമിച്ചത്. ആ കഥാപാത്രത്തിന് അന്തസ്സും മാന്യതയും നൽകുകവഴി മറ്റു കഥാപാത്രങ്ങളോട് സമമാക്കുകയും ചെയ്തു.

മറ്റു കലാകാരന്മാരിൽനിന്നും വിഭിന്നനായ റൂബൻസ്

റൂബൻസ് അറിയപ്പെടുന്നതുതന്നെ ഒരു സംസ്കാരികചിത്രകാരൻ എന്ന നിലയിലാണ്. അദ്ദേഹത്തിന്റെ മാനുഷികമൂല്യങ്ങളും തുറന്ന മനഃസ്ഥിതിയും അദ്ദേഹത്തെ മറ്റു കലാകാരന്മാരിൽനിന്നും വ്യത്യസ്തനാക്കുന്നു. ചരിത്രത്തോടും വേദപുസ്തകത്തോടും നീതി പുലർത്തുന്നതിനുവേണ്ടിയാണ് ഈ ചിത്രത്തിൽ ഇങ്ങനെയൊരു ആഖ്യാനരീതി തന്നെ ഉപയോഗിച്ചത്. കാരണം ഈ രീതിയിലായിരുന്നില്ല റൂബൻസിനുമുമ്പുണ്ടായിരുന്ന കലാകാരന്മാർ പലരും മറ്റു സംസ്കാരങ്ങളില്‍നിന്നുള്ളവരെ ചിത്രീകരിച്ചിരുന്നത് എന്നറിയുമ്പോഴാണ് ഈ റൂബൻസ് ചിത്രത്തിന്റെ മഹത്വം കൂടുന്നത്. അതിനാൽതന്നെ റൂബൻസ് തന്റെ ഇരുണ്ട രാജാവിന് ചിത്രത്തിൽ കൊടുത്തിരിക്കുന്ന സ്ഥാനവും ആ കഥാപാത്രത്തിന്റെ മുഖഭാവങ്ങളും ശരീരഭാഷയും ഏറെ ശ്രദ്ധിക്കപ്പെടേണ്ടതുതന്നെയാണ്.

കാരണം, ആ കഥാപാത്രത്തിന്റെ നോട്ടത്തിലൂടെ കാഴ്ചക്കാരനുമായി ബന്ധിപ്പിക്കുക മാത്രമല്ല, അയാളുടെ ഭാവപ്രകടനങ്ങളിലും ചേഷ്ടകളിലും അയാൾ ജ്ഞാനത്തിന്റെ ഒരു അറപ്പുരയെന്നു തോന്നിപ്പിക്കുന്നരീതിയിൽ ചിത്രീകരിക്കാനും കഴിഞ്ഞു എന്നതാണ് ഏറ്റവും സവിശേഷമായ കാര്യം. ഒപ്പം ആ കഥാപാത്രത്തിന് കൂടുതൽ മാനുഷികഗുണങ്ങൾ പകർത്താൻ ശ്രമിച്ചതിലൂടെ റൂബൻസ് എന്ന കലാകാരൻ തന്റെ അറിവും അനുഭവങ്ങളും സംസ്കാരിക അവബോധവും ഭാവനാപരമായ കഴിവുകളും മാനുഷിക കാഴ്ചപ്പാടുകളും എല്ലാം കോർത്തിണക്കി എന്നൊരു പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്.

ഫാ. സാബു മണ്ണട MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.