ലോകത്തിലെ ഏറ്റവും വലിയ ജപമാലയുടെ നിർമ്മാണം ലബനോനിൽ

ജപമാല, അത് പ്രാർത്ഥനയുടെ പ്രതീകമാണ്. പരിശുദ്ധ അമ്മയോട് ചേർന്ന്  ക്രിസ്തുവിലേക്കുള്ള യാത്രയാണ് ഓരോ ജപമാലയും. ഈ അർത്ഥത്തിൽ പരിശുദ്ധ അമ്മയോട് ചേർന്ന് ക്രിസ്തുവിലേക്ക് ഒരു ആത്മീയ യാത്ര നടത്തുകയാണ് ലബനനിലെ ക്രൈസ്തവർ. വെറുതെയല്ല, ലെബനനിലെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഒരു വലിയ ജപമാല നിർമ്മിക്കുകയാണ് ഇവർ. കഴിഞ്ഞ 15 വർഷമായി തുടർന്നു വരുന്ന ഈ ജപമാല നിർമ്മാണം അവരുടെ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും നേർക്കാഴ്ചയായി മാറുന്നു. പ്രാർത്ഥനയോടെ ഒരു ജപമാല നിർമിക്കുക എന്ന ലക്ഷ്യത്തിലേക്ക് അവരെ നയിച്ച വിശ്വാസത്തിന്റെ കാരണം വായിക്കാം.

2006-ൽ മെഡ്‌ജുഗോർജെ തീർത്ഥാടനത്തിനിടെയാണ് ഈ ആശയം ജനിച്ചത്. തീർത്ഥാടന സംഘത്തിലെ ഒരു ലെബനീസ് അംഗത്തിന്റെ പേര് പോലീസ് തെറ്റിദ്ധരിച്ചു. ഇതിന്റെ പേരിൽ ആ മനുഷ്യന് ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടിയും വന്നു. തടവിലായിരിക്കെ, അയാൾ തന്റെ മോചനത്തിനായി പ്രാർത്ഥിക്കാൻ തുടങ്ങി. ആ പ്രാർത്ഥനക്കിടയിൽ കന്യാമറിയത്തിന് ഒരു വലിയ ദൈവാലയം പണിയുക എന്ന ആശയം അദ്ദേഹത്തിന് തോന്നി. ഒരു പേന എടുത്ത്, ലെബനന്റെ രൂപരേഖകൾ അനുകരിക്കുന്ന ആകൃതിയിലുള്ള ഈ ഭീമാകാരമായ ജപമാലയുടെ ഒരു രേഖാചിത്രം അദ്ദേഹം വരച്ചു.

ജയിലിൽ നിന്നും മോചിതനായതിനു ശേഷം അദ്ദേഹം ദൈവാലയ നിർമ്മാണത്തിനുള്ള ഫണ്ട് ശേഖരണം ആരംഭിച്ചു. 2008-ൽ തറക്കല്ലിടീൽ ചടങ്ങ് നടന്നു. ഈ ജപമാല രൂപപ്പെടുന്ന ‘മുത്തുകളുടെ’ വലിപ്പം അസാധാരണമാണ്. ഏകദേശം 5 യാർഡ് നീളവും 3 യാർഡ് വീതിയും. ഓരോ മുത്തുകളും ഓരോ ചാപ്പലാണ്. അങ്ങനെ ഈ ദൈവാലയ നിർമ്മാണം പൂർത്തിയാകുമ്പോൾ തീർത്ഥാടകർക്ക് ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥന ചൊല്ലി 59 ചാപ്പലുകളിലൂടെ കടന്നുപോകാൻ കഴിയും.

ഈ ദൈവാലയത്തിനു സമീപത്തായി ഒരു സമൂഹം ആളുകൾ സ്ഥിരതാമസം നടത്തി. ഇവർക്കൊപ്പം ഈ ദൈവാലയത്തിന്റെ ജപമാലയുടെ പണികൾ പൂർത്തിയാകുന്നതിനും ഒപ്പം ലബനനിൽ സമാധാനം സ്ഥാപിക്കപ്പെടുന്നതിനുമായി അടുത്തുള്ള ക്രൈസ്തവരും പ്രാർത്ഥിക്കുന്നു. എന്നാൽ ലെബനൻ മരോനൈറ്റ് ചർച്ചിന്റെ പിന്തുണയോടെയുള്ള പദ്ധതി ഇതുവരെയും പൂർത്തിയായിട്ടില്ല.

ലെബനൻ വളരെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് ഈ അസാധാരണ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ പദ്ധതിയെ പിന്തുണക്കുന്ന ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഇത് പൂർത്തിയാക്കേണ്ടത് പ്രധാനമാണ്. കാരണം ഈ ജപമാലയുടെ പ്രചോദനം ജനിച്ചത് ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധത്തിന്റെ കാലഘട്ടമായ 2006-ലാണ്. കൂടാതെ, ആരാധനാലയം നിർമ്മിച്ചിരിക്കുന്ന ഭൂമി വടക്കൻ ബെക്കാ സമതലത്തെ അഭിമുഖീകരിക്കുന്നു. അവിടെ നിരവധി ഷിയ മുസ്ലീങ്ങൾ ഇപ്പോൾ താമസിക്കുന്നുണ്ട്. കന്യകാമറിയം നിരവധി മുസ്ലീങ്ങളെ ആകർഷിക്കുന്നതായി ഞങ്ങൾ കാണുന്നു എന്ന് ജപമാല സ്ഥിതിചെയ്യുന്ന ബാൽബെക്-ഡെയർ എൽ അഹ്മർ രൂപതയിലെ ആർച്ചുബിഷപ്പ് ഹന്ന റഹ്മെ വിശദീകരിക്കുന്നു. “നമ്മുടെ സമൂഹങ്ങൾക്കിടയിൽ ഒരു പാലം പണിയാനുള്ള ഒരു വഴി കൂടിയാണിത്; പരിശുദ്ധ കന്യാമറിയത്തിന് നന്ദി. ഈ ദൈവാലയം സംഭാഷണത്തിനുള്ള ഇടമായി മാറട്ടെ”  -അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

വിവർത്തനം: മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.