ഉക്രേനിയൻ അഭയാർത്ഥികളുടെ സംരക്ഷകയായ ‘പോളണ്ടിലെ മദർ തെരേസ’ എന്നറിയപ്പെടുന്ന സന്യാസിനി

സി. മൽഗോർസത്ത ചിമിലെവ്സ്കയെക്കുറിച്ച് അറിയാത്ത ആരുമുണ്ടാവില്ല പോളണ്ടിൽ. ഈ പേര് കേൾക്കുമ്പോൾ ഇതൊരു സന്യാസിനിയാണെന്ന് തോന്നാം. എന്നാൽ ഇതൊരു അൽമായ സ്ത്രീയാണ്. സമർപ്പിതയായി ജീവിക്കുന്ന ഒരു അൽമായ സ്ത്രീ. പോളണ്ടിലെ മദർ തെരേസയെന്നാണ് സി. മൽഗോർസത്ത അറിയപ്പെടുന്നത്. തെരുവിൽ കഴിയുന്ന 300 പേർക്കാണ് പോളണ്ടിലെ 11 ഭവനങ്ങളിലായി ഇതിനോടകം സിസ്റ്റർ അഭയമൊരുക്കിയത്.

1988- ലാണ് സി. മൽഗോർസത്തയ്ക്ക് ക്രിസ്തുവുമായി വ്യക്തിപരമായ ഒരു ബന്ധം രൂപപ്പെടുന്നത്. അക്കാലത്താണ് സിസ്റ്റർ ദേവാലയങ്ങളിൽ അന്തിയുറങ്ങുന്ന മനുഷ്യരെ കണ്ടുമുട്ടുന്നത്. പലപ്പോഴും ദേവാലയ ശുശ്രൂഷകൾ കഴിഞ്ഞാൽ ഇവർ പുറത്താക്കപ്പെടും. ഈ ദൃശ്യം കണ്ട സിസ്റ്ററിന്റെ ഒരു സുഹൃത്ത് ഇപ്രകാരം പറയുകയുണ്ടായി: “നമ്മൾ രാത്രിയിൽ കിടക്കയിലേക്ക് പോകുമ്പോൾ, ഇവർ തെരുവിലെ മാലിന്യകുമ്പാരത്തിലേക്കാണ് പോകുന്നത്”. സുഹൃത്തിന്റെ ഈ വാക്കുകൾ പതിഞ്ഞത് മൽഗോർസത്തയുടെ കാതുകളിലല്ല. പിന്നെയോ ഹൃദയത്തിലാണ്. അന്ന് അവൾ തീരുമാനിച്ചു, തനിക്ക് തെരുവിൽ കഴിയുന്നവർക്കുവേണ്ടി പ്രവർത്തിക്കണമെന്ന്. ഉക്രൈനിൽ യുദ്ധം പൊട്ടിപുറപ്പെട്ടപ്പോൾ, ഉക്രേനിയൻ അഭയാർത്ഥികളെ സ്വീകരിക്കാനും അവർക്ക് പാർപ്പിടമൊരുക്കാനും ഈ സിസ്റ്റർ മുന്നിൽ തന്നെയുണ്ടായിരുന്നു.

ഉക്രൈൻ ഒരു യുദ്ധഭൂമിയാകുമെന്ന് സിസ്റ്റർ പ്രതീക്ഷിച്ചിരുന്നില്ല. യുദ്ധം തുടങ്ങിയ ഫെബ്രുവരി 24- ന് രാവിലെ ഒരു ഉക്രേനിയൻ ജോലിക്കാരൻ സിസ്റ്റർ താമസിക്കുന്ന ഭവനത്തിന്റെ വാതിലിൽ മുട്ടി. വാതിൽ തുറന്ന് പുറത്തുവന്ന സിസ്റ്ററിനോട് അദ്ദേഹം ഭയന്നുവിറച്ച് പറഞ്ഞത് ഉക്രൈനിൽ, റഷ്യ യുദ്ധം തുടങ്ങിയിരിക്കുന്നു എന്നാണ്. ഏതാനും നാളുകൾക്ക് മുമ്പ്, സിസ്റ്റർ പോളണ്ടിലെ അവരുടെ ഒരു ഹോസ്റ്റൽ അടച്ചുപൂട്ടിയിരുന്നു. എന്നാൽ മറ്റൊന്നിനുമായി ആ കെട്ടിടം വിട്ടുനൽകിയതുമില്ല. എന്നാൽ ഇപ്പോൾ ആ കെട്ടിടത്തിൽ 20 ഉക്രൈൻ കുടുംബങ്ങളാണ് താമസിക്കുന്നത്. മാത്രമല്ല, അവരുടെ അനേകം ഭവനങ്ങളിലായി ധാരാളം ഉക്രേനിയൻ കുടുംബങ്ങൾ എത്തിച്ചേർന്നു കഴിഞ്ഞു. പലരും പറഞ്ഞറിയിക്കാൻ കഴിയാത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നിരുന്നാലും അവർക്കുവേണ്ട എല്ലാ ക്രമീകരണങ്ങളും സിസ്റ്റർ അവിടെ ഒരുക്കിയിട്ടുണ്ട്. വാർസോവിലും ക്രാക്കോവിലും ഉള്ള ഭവനങ്ങളിൽ താമസിക്കുന്ന ഉക്രേനിയക്കാർക്ക് പോളണ്ടിൽ ബന്ധുക്കളുണ്ട്. അവർ വൈകാതെ തന്നെ അവരുടെ അടുത്തേക്ക് പോകും. എന്നാൽ പോളണ്ടിൽ പരിചയക്കാർ ആരുമില്ലാത്ത, ഉക്രേനിയൻ അഭയാർത്ഥികളെ ദീർഘനാളുകൾ സംരക്ഷിക്കാനാണ് സിസ്റ്ററിന്റെ തീരുമാനം. ചിലർ പോളണ്ടിൽ തന്നെ ജോലികളിൽ പ്രവേശിച്ച്, സ്വയം പ്രാപ്തരായി കഴിഞ്ഞു.

ഉക്രേനിയക്കാർക്ക് സഹായമെത്തിക്കുന്നതിൽ സമൂഹ മാധ്യമങ്ങളും പങ്കാളിയായിട്ടുണ്ട്. ഒരിക്കൽ ഉക്രേനിയൻ അഭയാർത്ഥികളെ പോളണ്ടിന്റെ അതിർത്തിയിൽ നിന്ന് സ്വീകരിക്കാനായി ഒരു മിനി ബസിന്റെ ആവശ്യമുണ്ടെന്ന് സമൂഹ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയിരുന്നു. ഈ വാർത്ത കണ്ട സിസ്റ്റർ അവരുടെ വാഹനം വിട്ടുനൽകാൻ തയാറായി. അതുപോലെ ഉക്രേനിയൻ അഭയാർത്ഥികൾക്ക് ആവശ്യമായ മരുന്നും ഭക്ഷണവും ബെഡുകളും പോലും സമൂഹ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയതിലൂടെ, അധികം അലയാതെ തന്നെ സന്നദ്ധ പ്രവർത്തകർക്ക് ലഭ്യമായി.

എല്ലാ സന്യാസഭവങ്ങളും സെമിനാരികളും ദേവാലയങ്ങളും ജാതി മത ഭേദ്യമെന്യേ അവരുടെ ഭവനങ്ങൾ അഭയാർത്ഥികൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. അവരെല്ലാവരും രാപ്പകലില്ലാതെ അഭയാർത്ഥികൾക്കുവേണ്ടി സേവനം ചെയ്യുന്നു. അവർക്കുവേണ്ട ഭൗതിക ആവശ്യങ്ങൾ മാത്രമല്ല, ആത്മീയ ആവശ്യങ്ങളും നിറവേറ്റാൻ പോളണ്ടിലെ സമർപ്പിതർ പ്രവർത്തിക്കുകയാണ്. ഇത് തീർച്ചയായും ഒരു ഉണർവാണ്. എല്ലാവരും സഹോദരങ്ങളാണെന്ന തിരിച്ചറിവിലേക്കാണ് ഇത്തരം പ്രവർത്തികൾ വിരൽ ചൂടുന്നത്.

ഇത്തരം പ്രവർത്തികൾ ചെയ്യാൻ വേണ്ട കരുത്ത് അല്ലെങ്കിൽ ആത്‌മീയ ശക്തി ലഭിക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിന് സിസ്റ്റർ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: “ഞാൻ എപ്പോഴും ഈശോയുടെ കൂടെയാണ്. ഉറങ്ങുമ്പോൾ പോലും അവിടുന്ന് എന്നെ സംരക്ഷിക്കുന്നുണ്ട്”. പ്രാർത്ഥനയാണ് ഏതൊരു ക്രൈസ്തവന്റെയും ശക്തികേന്ദ്രം. എപ്പോഴും സമാധാനത്തിനുവേണ്ടി നമ്മൾ പ്രാർത്ഥിക്കണം. എപ്പോഴും ദൈവ സാന്നിധ്യ അവബോധത്തോടെ ജീവിച്ചാൽ നമ്മുടെ പ്രവർത്തികളും ദൈവികമാകുമെന്നാണ് സി. മൽഗോർസത്ത പറയുന്നത്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.