
തന്റെ ദൈവവിളി തിരിച്ചറിയാനുള്ള യാത്രയിൽ ഒരു പടികൂടി മുന്നോട്ടുവയ്ക്കാൻ ആ യുവതി തീരുമാനിച്ചു. സമർപ്പിതജീവിതത്തെ കൂടുതൽ അടുത്തറിയുന്നതിനായി കുറച്ചുനാൾ ഒരു മഠത്തിൽ താമസിച്ച് അനുഭവവേദ്യമാക്കുക എന്നതായിരുന്നു അവളുടെ ലക്ഷ്യം. മഠത്തിലെത്തിയ അവളെ സന്ന്യാസിനിമാർ വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ആ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി.
സ്പെയിനിലെ വലൻസിയയിലുള്ള ‘മോണാസ്റ്ററി ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ആൻഡ് ബ്ലെസ്ഡ് ആഗ്നസ് ഓഫ് ബെനിഗാനിം’ എന്ന മഠത്തിലാണ് റൂത്ത് എന്ന യുവതി തന്റെ ദൈവവിളി തിരിച്ചറിയാനുള്ള യാത്രയുടെ ഭാഗമായി എത്തിയത്. ഡിസ്കാൽസ്ഡ് അഗസ്റ്റീനിയൻ സന്ന്യാസിനിമാരുടെ (Discalced Augustinian nuns) ജീവിതം പങ്കുവയ്ക്കുന്നതിനായിട്ടായിരുന്നു ഇത്.
“ഇന്നലെ, ഞായറാഴ്ച, മഠത്തിലെ ജീവിതം അനുഭവിച്ചറിയാൻ റൂത്ത് എത്തിയിരിക്കുന്നു,” സന്ന്യാസിനിമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
യുവതിയുടെ വരവും കാത്ത് സന്ന്യാസിനിമാർ ആകാംക്ഷയോടെ നിൽക്കുന്നത് വീഡിയോയിൽ കാണാം. മഠത്തിന്റെ വാതിൽ തുറന്നതും കൈയടികളോടെ അവർ റൂത്തിനെ സ്വീകരിച്ചു. വികാരഭരിതയായ റൂത്ത് മഠത്തിലേക്ക് തന്റെ ആദ്യ ചുവടുകൾ വച്ചു. തുടർന്ന് സന്ന്യാസിനിമാർ മഠത്തിലെ വിവിധ ഭാഗങ്ങൾ അവൾക്ക് കാണിച്ചുകൊടുക്കുകയും, പതിയെപ്പതിയെ റൂത്ത് അവരുടെ ദിനചര്യകളുടെ ഭാഗമായി മാറുകയും ചെയ്തു.
റൂത്തിന് ദൈവത്തിന്റെ വിളി തിരിച്ചറിയാൻ കഴിയട്ടെ എന്ന് പ്രാർഥിച്ചുകൊണ്ട് നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
ഏകാന്തതയിലും പ്രാർഥനയിലും കഴിയുന്ന ഈ സന്ന്യാസിനിമാരുടെ ജീവിതം ‘പ്രാർഥന, സമൂഹജീവിതം, ജോലി, പഠനം’ എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണെന്ന് മഠത്തിന്റെ വെബ്സൈറ്റിൽ വിശദീകരിക്കുന്നു. ദിനചര്യകളിൽ വിശുദ്ധ കുർബാന അർപ്പണം, ദിവ്യകാരുണ്യ ആരാധന, യാമപ്രാർഥനകൾ (Liturgy of the Hours), കൂടാതെ നിശ്ശബ്ദതയുടെയും വ്യക്തിഗത പ്രാർഥനയുടെയും സമയങ്ങളും ഉൾപ്പെടുന്നു.
ചാപ്പൽ പരിപാലിക്കുക, പ്രായമായ സഹോദരിമാരെയും മഠത്തെയും പരിചരിക്കുക, തോട്ടത്തിലും പൂന്തോട്ടത്തിലും ജോലിചെയ്യുക, മതപരമായ വസ്തുക്കൾ വിൽക്കുന്ന കട നോക്കിനടത്തുക എന്നിവയാണ് ഇവരുടെ ജോലികൾ. കൂടാതെ, ദിവസവും അവർക്ക് ഒരുമിച്ച് ചെലവഴിക്കാൻ ഒരു വിശ്രമസമയമുണ്ട്. “ദിവസത്തെ നിശ്ശബ്ദതയിൽ നിന്ന് വ്യത്യസ്തമായി ഞങ്ങൾ സംസാരിക്കുകയും തമാശകൾ പറയുകയും അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന സമയമാണിത്. ‘ഈശോമിശിഹായോടൊപ്പം സന്തോഷം എപ്പോഴും വീണ്ടും ജനിക്കുന്നു,” സന്ന്യാസിനിമാർ പറയുന്നു.
ബെനിഗാനിമിലെ മഠത്തിന് നാല് നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു ചരിത്രമുണ്ട്. 1611 ജൂൺ മൂന്നിനാണ് ആദ്യത്തെ അഞ്ച് സന്ന്യാസിനിമാർ വലൻസിയയിലെ വി. ഉർസുലയുടെ മഠത്തിൽ നിന്ന് പുറപ്പെട്ട് രണ്ട് ദിവസത്തിനു ശേഷം ബെനിഗാനിമിൽ എത്തിയത്. ജൂൺ 11 ന് ദിവ്യകാരുണ്യവുമായി നടത്തിയ ഗംഭീര പ്രഘോഷണത്തോടെയാണ് ഇവരുടെ സന്ന്യാസജീവിതം ഔദ്യോഗികമായി ആരംഭിച്ചത്.
ഈ മഠത്തിലെ ഏറ്റവും പ്രശസ്തയായ വാഴ്ത്തപ്പെട്ട ആഗ്നസുമായി (Blessed Agnes of Benigánim) ഈ കേന്ദ്രം ഏറെ ബന്ധപ്പെട്ടിരിക്കുന്നു. 1643 ൽ മഠത്തിൽ പ്രവേശിച്ച ജോസഫ മരിയ ഡി സാന്റാ ഇനെസ്, 1696 ജനുവരി 21 ന് തന്റെ മരണം വരെയും ഇവിടെയാണ് ജീവിച്ചത്.
നാല് നൂറ്റാണ്ടുകൾക്കു ശേഷവും അഗസ്റ്റീനിയൻ സന്ന്യാസിനിമാർ തങ്ങളുടെ പ്രാർഥനാജീവിതം തുടരുന്നു. ദൈവവിളി തിരിച്ചറിയാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്കായി കൂട്ടായ്മകളും ധ്യാനങ്ങളും, താമസിച്ച് അനുഭവമറിയാനുള്ള അവസരങ്ങളും അവർ ഒരുക്കുന്നുണ്ട്.




