വിശുദ്ധരായ ദമ്പതികളെ അനുസ്മരിക്കുന്ന ജൂലൈ മാസം

കത്തോലിക്കാ സഭ മുന്നോട്ട് വെക്കുന്ന വിശുദ്ധിയുടെ ഏറ്റവും ഉദാത്തമായ വഴികളിലൊന്നാണ് വിവാഹജീവിതം. ആദ്യകാല ക്രിസ്ത്യൻ മിഷനറിമാർ മുതൽ ആധുനിക കാലത്തെ രക്തസാക്ഷികൾ വരെയുള്ള ദമ്പതികൾ, വിശ്വാസത്തിലും ത്യാഗത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ഒരു സംയുക്ത ജീവിതത്തിന് സുവിശേഷത്തിന്റെ ശക്തമായ സാക്ഷ്യമായി മാറാൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. ജൂലൈ മാസത്തിലുടനീളം, ഇന്നത്തെ കത്തോലിക്കാ കുടുംബങ്ങൾക്ക് നിരന്തരം പ്രചോദനമേകുന്ന നിരവധി വിശുദ്ധ ദമ്പതികളുടെ തിരുനാളുകൾ സഭ ആഘോഷിക്കുന്നുണ്ട്. അത്തരത്തിലുള്ള, വിശുദ്ധരായ നാല് ദമ്പതികളെക്കുറിച്ച് വായിച്ചറിയാം.

വാഴ്ത്തപ്പെട്ട ജോസഫ്-വിക്ടോറിയ ഉൾമ ദമ്പതികൾ; തിരുനാൾ: ജൂലൈ 7

രണ്ടാം ലോകമഹായുദ്ധകാലത്ത് പോളണ്ടിലെ മാർക്കോവ എന്ന ചെറിയ പട്ടണത്തിൽ ജീവിച്ചിരുന്ന യുവ ദമ്പതികളായിരുന്നു ജോസഫും വിക്ടോറിയ ഉൾമയും. അടിയുറച്ച കത്തോലിക്കാ വിശ്വാസികളായ അവർക്ക് ആറ് മക്കളാണ് ഉണ്ടായിരുന്നത്. വിക്ടോറിയ,ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകാൻ തയാറെടുക്കുന്ന സമയത്താണ്, നാസി ജർമ്മനി പോളണ്ട് കീഴടക്കിയതിനെത്തുടർന്ന് എട്ട് ജൂതന്മാർക്ക് അവർ തങ്ങളുടെ വീട്ടിൽ അഭയം നൽകിയത്. ജൂതന്മാരെ സഹായിച്ചാൽ മരണം മാത്രമാണ് ശിക്ഷയെന്ന് അവർക്കറിയാമായിരുന്നു, എങ്കിലും കടുത്ത അപകടങ്ങൾക്കിടയിലും അയൽക്കാരെ സംരക്ഷിക്കാൻ അവരുടെ ക്രിസ്തീയ വിശ്വാസം അവരെ പ്രേരിപ്പിച്ചു.

1944 മാർച്ച് 24-ന് ജർമ്മൻ പൊലീസ്, അവർ ഒളിപ്പിച്ച് താമസിപ്പിച്ചിരുന്നവരെ കണ്ടെത്തുകയും ജോസഫിനെയും വിക്ടോറിയയെയും അവർ അഭയം നൽകിയ എട്ട് ജൂതന്മാരെയും വധിക്കുകയും ചെയ്തു. അതിനുശേഷം ആ ദമ്പതികളുടെ ആറ് മക്കളെയും അവർ കൊലപ്പെടുത്തി. വധശിക്ഷ നടപ്പാക്കുന്നതിനിടയിൽ, വിക്ടോറിയ തന്റെ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകാൻ തുടങ്ങിയിരുന്നു. ആ കുഞ്ഞും അവരോടൊപ്പം മരിച്ചതോടെ ആ കുടുംബം മുഴുവൻ രക്തസാക്ഷിത്വം വരിച്ചു.

ഇതുവരെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും, 2023 സെപ്റ്റംബർ പത്തിന് ഉൾമ കുടുംബത്തെ ഒന്നടങ്കം വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഗർഭസ്ഥശിശു ഉൾപ്പെടെ ഒരു കുടുംബത്തിലെ എല്ലാവരെയും ഒന്നിച്ച് രക്തസാക്ഷികളായി വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തുന്നത് സഭയുടെ ചരിത്രത്തിൽ ആദ്യമായായിരുന്നു. ഇന്ന് അവർ കുടുംബങ്ങളുടെയും ഗർഭസ്ഥശിശുക്കളുടെയും മധ്യസ്ഥരായി വണങ്ങപ്പെടുന്നു.

വിശുദ്ധരായ പ്രിസില്ലയും അക്വിലായും; തിരുനാൾ: ജൂലൈ 8

വിശുദ്ധ പൗലോസ് ശ്ലീഹായുടെ അടുത്ത അനുയായികളായിരുന്ന പ്രിസില്ലയും അക്വിലായും ആദ്യകാല ക്രിസ്ത്യൻ ദമ്പതികളായിരുന്നു. യഹൂദമതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് മാറിയ ഇവർക്ക്, ക്ലോഡിയസ് ചക്രവർത്തി യഹൂദന്മാരെ റോമിൽ നിന്ന് പുറത്താക്കിയതിനെത്തുടർന്ന് എ.ഡി 49-ഓടെ നഗരം വിടേണ്ടിവന്നു. തുടർന്ന് അവർ കൊറിന്തിൽ താമസമാക്കി. അവിടെ വെച്ചാണ് അവർ പൗലോസ് ശ്ലീഹായെ കണ്ടുമുട്ടുന്നത്. പൗലോസിനെപ്പോലെ കൂടാരപ്പണിക്കാരായിരുന്നു അവരും. അവർ അദ്ദേഹത്തെ തങ്ങളുടെ വീട്ടിലേക്ക് സ്വീകരിക്കുകയും, ഒന്നിച്ച് ജോലി ചെയ്യുന്നതോടൊപ്പം റോമൻ സാമ്രാജ്യത്വത്തിലുടനീളം സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്തു.

പുതിയ നിയമത്തിൽ ഈ ദമ്പതികളെക്കുറിച്ച് പലയിടത്തും പരാമർശിക്കുന്നുണ്ട്. ഇത് അവരുടെ ദാമ്പത്യത്തിന്റെ കരുത്തിനെയും അവർ ഒന്നിച്ച് ചെയ്ത സുവിശേഷ ദൗത്യത്തെയും എടുത്തുകാണിക്കുന്നു. പൗലോസിനൊപ്പം എഫേസോസിലേക്ക് യാത്ര ചെയ്ത അവർ തങ്ങളുടെ വീട് ഒരു ആരാധനാകേന്ദ്രമാക്കി മാറ്റി. തനിക്കുവേണ്ടി അവർ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയതായി പൗലോസ് എഴുതുന്നുണ്ടെങ്കിലും പക്ഷേ, അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബൈബിളിൽ ഇല്ല.

വാക്ചാതുരിയുള്ള അപ്പോളോസ് എന്ന പ്രസംഗകനെ ക്രിസ്തീയ വിശ്വാസത്തിന്റെ പൂർണ്ണത ബോധ്യപ്പെടുത്താനും അദ്ദേഹത്തെ കൂടുതൽ മികച്ച ഒരു സുവിശേഷകനാക്കി മാറ്റാനും സഹായിച്ചതിലൂടെയാണ് ഈ ദമ്പതികൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പ്രിസില്ലയും അക്വിലായും വിവാഹജീവിതത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമ ക്രൈസ്തവ കുടുംബങ്ങളുടെയും മധ്യസ്ഥ വിശുദ്ധരാണ്.

വിശുദ്ധരായ ലൂയിസ്-സെലി മാർട്ടിൻ; തിരുനാൾ: ജൂലൈ 12

ലിസ്യുവിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടെ മാതാപിതാക്കളെന്ന നിലയിലാണ് ലൂയിസും സെലി മാർട്ടിനും കൂടുതലായി അറിയപ്പെടുന്നത്. എന്നാൽ തങ്ങളുടെ മകൾ ജനിക്കുന്നതിനും വളരെ മുമ്പ് തന്നെ അവരുടെ വിശുദ്ധിയുടെ വഴി ആരംഭിച്ചിരുന്നു.

തുടക്കത്തിൽ രണ്ടുപേരും സന്ന്യസ്തജീവിതമാണ് ആഗ്രഹിച്ചിരുന്നതെങ്കിലും, ദൈവം തങ്ങളെ വിവാഹജീവിതത്തിലേക്കാണ് വിളിക്കുന്നതെന്ന് അവർ തിരിച്ചറിഞ്ഞു. 1858 ജൂലൈ 12-ന് ഫ്രാൻസിലെ അലൻകോണിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഈ ദിവസമാണ് പിന്നീട് ഇവരുടെ തിരുനാൾ ദിനമായി മാറിയത്.

വലിയ സന്തോഷങ്ങളും കടുത്ത സങ്കടങ്ങളും നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. അവരുടെ ഒൻപത് മക്കളിൽ നാല് പേർ ശൈശവപ്രായത്തിൽ തന്നെ മരണമടഞ്ഞു. അവശേഷിച്ച അഞ്ച് പെൺമക്കളും പിന്നീട് സന്ന്യാസവഴി സ്വീകരിച്ചു. ഈ പരീക്ഷണങ്ങൾക്കിടയിലും പ്രാർഥനയിൽ ഉറച്ചുനിന്ന ലൂയിസും സെലിയും ദൈവപരിപാലനയിൽ ആശ്രയിക്കുകയും കത്തോലിക്കാ വിശ്വാസത്തെ കുടുംബജീവിതത്തിന്റെ കേന്ദ്രമാക്കുകയും ചെയ്തു.

2008-ൽ ലിസ്യുവിൽ വച്ച് ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച ചടങ്ങിൽ, വത്തിക്കാന്റെ വിശുദ്ധർക്കായുള്ള തിരുസംഘത്തിന്റെ പ്രിഫെക്റ്റായിരുന്ന കർദിനാൾ ജോസെ സാറൈവ മാർട്ടിൻസ് തന്റെ പ്രസംഗത്തിൽ ഇപ്രകാരം പറഞ്ഞു: “വിവാഹജീവിതത്തിന് പുറത്തല്ല, മറിച്ച് വിവാഹജീവിതത്തിലൂടെയും അതിനുള്ളിലൂടെയുമാണ് തങ്ങൾക്ക് വിശുദ്ധരാകാൻ കഴിയുക എന്ന് ലൂയിസും സെലിയും മനസ്സിലാക്കി. അവരുടെ വിവാഹം പരസ്പരമുള്ള ആത്മീയ ഉന്നമനത്തിന്റെ തുടക്കമായിരുന്നു.”

2015 ഒക്ടോബർ 18-ന് ഫ്രാൻസിസ് മാർപാപ്പ ഇവരെ ഒരുമിച്ച് വിശുദ്ധരായി പ്രഖ്യാപിച്ചതോടെ, സഭയുടെ ചരിത്രത്തിൽ ഒന്നിച്ച് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യത്തെ ദമ്പതികളായി ഇവർ മാറി.

വിശുദ്ധരായ ജോവാക്കിമും അന്നയും; തിരുനാൾ: ജൂലൈ 26

പരിശുദ്ധ കന്യകാമറിയത്തിന്റെ മാതാപിതാക്കളും യേശുക്രിസ്തുവിന്റെ അപ്പൂപ്പനും അമ്മൂമ്മയും ആയിട്ടാണ് വിശുദ്ധ ജോവാക്കിമിനെയും അന്നയെയും സഭ വണങ്ങുന്നത്. സുവിശേഷങ്ങളിൽ ഇവരെക്കുറിച്ച് നേരിട്ട് പരാമർശമില്ലെങ്കിലും, രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘യാക്കോബിന്റെ സുവിശേഷം’ പോലുള്ള പുരാതന ക്രിസ്തീയ പാരമ്പര്യങ്ങളിലൂടെയാണ് ഇവരുടെ ചരിത്രം സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. പാരമ്പര്യമനുസരിച്ച്, പ്രായമേറെയായിട്ടും കുട്ടികളില്ലാത്തതിന്റെ സങ്കടത്തിലായിരുന്ന ഈ ദമ്പതികളുടെ പ്രാർഥനയ്ക്ക് ഉത്തരമായാണ് ദൈവം മറിയത്തെ നൽകിയത്.

ഇന്ന് ജോവാക്കിമും അന്നയും മുത്തശ്ശീമുത്തശ്ശന്മാരുടെയും വിവാഹജീവിതത്തിന്റെയും കുടുംബങ്ങളുടെയും മധ്യസ്ഥരുമാണ്. പുതിയ തലമുറകളിലേക്ക് വിശ്വാസം പകർന്നുനൽകുന്നതിൽ മാതാപിതാക്കളും മുത്തശ്ശീമുത്തശ്ശന്മാരും വഹിക്കുന്ന ഒഴിച്ചുകൂടാനാവാത്ത പങ്കിനെയാണ് ഇവരുടെ തിരുനാൾ ഓർമ്മിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.