
ജൂൺ 24-ന് വെനിസ്വേലയെ പിടിച്ചുകുലുക്കിയ വിനാശകരമായ ഭൂകമ്പത്തെത്തുടർന്ന്, കാരക്കാസ് അതിരൂപതയുടെ കീഴിലുള്ള നൂറിലധികം ദൈവാലയങ്ങളിൽ കുറഞ്ഞത് 25 എണ്ണത്തിനെങ്കിലും ചെറുതും വലുതുമായ കേടുപാടുകൾ സംഭവിച്ചു. കാരക്കാസ് അതിരൂപതയുടെ വികാരി ജനറലായ ഫാദർ നെപ്താലി ബാൽസ ‘യൂണിയൻ റേഡിയോ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വിവരങ്ങൾ പങ്കുവച്ചത്.
കനത്ത ഭൗതിക നാശനഷ്ടങ്ങൾക്ക് പുറമെ, വെനിസ്വേലയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയ ഈ ഭൂകമ്പത്തിൽ ഇതുവരെ 4,118 പേർ മരണപ്പെടുകയും പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
“25 ദൈവാലയങ്ങളിൽ ഭൂരിഭാഗത്തിലും സുരക്ഷാ കാരണങ്ങളാൽ ഇപ്പോൾ വിശുദ്ധ കുർബാന അർപ്പിക്കുന്നില്ല. വിശ്വാസികളുടെ സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. അതുകൊണ്ട് തന്നെ ആളുകളുടെ ജീവൻ അപകടത്തിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” – ഫാദർ ബാൽസ വ്യക്തമാക്കി. അതേസമയം, ഏറ്റവും പഴക്കം ചെന്ന പള്ളികളെയാണ് ഭൂകമ്പം കൂടുതൽ ബാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ഔവർ ലേഡി ഓഫ് മേഴ്സി പള്ളിക്കും കാരക്കാസ് കത്തീഡ്രലിനും ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ബാധിക്കപ്പെട്ട 25 പള്ളികളിൽ ഭൂരിഭാഗവും വിദഗ്ധ സംഘം പരിശോധിച്ച് കഴിഞ്ഞതായും, അതിൽ പകുതിയോളം (എട്ടു മുതൽ 10 വരെ പള്ളികൾ) കെട്ടിടങ്ങൾക്ക് വലിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ടെന്നും വികാരി ജനറൽ കൂട്ടിച്ചേർത്തു.
മതപരമായ ഈ കെട്ടിടങ്ങൾ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് അതിരൂപത ഇതിനകം ആലോചിക്കുന്നുണ്ടെന്നും വൈദികൻ സൂചിപ്പിച്ചു.




