ഏഴ് മരണങ്ങളെ തോൽപിച്ച ‘ഭാഗ്യവാൻ’: ഫ്രാനെ സെലാക്കിന്റെ വിസ്മയജീവിതം

​ലോകത്തിലെ ഏറ്റവും നിർഭാഗ്യവാനായ മനുഷ്യൻ എന്ന് നിങ്ങളെക്കുറിച്ച് ആരെങ്കിലും പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം? എന്നാൽ ആ വ്യക്തി തന്നെ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനാണെന്ന് തെളിഞ്ഞാലോ? ക്രോയേഷ്യക്കാരനായ ഫ്രാനെ സെലാക് എന്ന സംഗീത അധ്യാപകന്റെ ജീവിതം കേൾക്കുന്ന ഏതൊരാളും അമ്പരന്നുപോകും. ഒരു ഹോളിവുഡ് ആക്ഷൻ ചിത്രത്തിലെ രംഗങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള അപകടങ്ങളിൽ നിന്നാണ് അദ്ദേഹം ജീവനോടെ രക്ഷപെട്ടിട്ടുള്ളത്.

​ദുരന്ത പരമ്പരകളുടെ തുടക്കം

​1929 -ൽ ക്രോയേഷ്യയിലാണ് ഫ്രാനെ സെലാക് ജനിച്ചത്. ഒരു സാധാരണ സംഗീത അധ്യാപകനായി ശാന്തമായ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ വിധി മാറിമറിയുന്നത് 1962-ലാണ്. സരയാവോയിൽ നിന്ന് ഡുബ്രോവ്നിക്കിലേക്ക് ട്രെയിനിൽ യാത്ര ചെയ്യവെ ട്രെയിൻ പാളം തെറ്റി മഞ്ഞുമൂടിയ ഒരു നദിയിലേക്ക് പതിച്ചു. 17 യാത്രക്കാർ മരണപ്പെട്ട ഈ അപകടത്തിൽ നിന്നും സെലാക് നീന്തി രക്ഷപെട്ടു. കൈയ്ക്ക് ഒടിവും തണുപ്പേറ്റുമുള്ള അദ്ധേഹത്തിന്റെ രക്ഷപെടൽ അദ്ഭുതകരമായ ഒന്നായിരുന്നു.

തൊട്ടടുത്ത വർഷം സാഗ്രെബിൽ നിന്നും റിയേക്കയിലേക്ക് പറന്ന വിമാനത്തിന്റെ വാതിൽ അപ്രതീക്ഷിതമായി തുറന്നുപോവുകയും വിമാനം തകരുകയും ചെയ്തു. 19 പേരുടെ ജീവനെടുത്ത ഈ ദുരന്തത്തിൽ, വിമാനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ സെലാക് ഒരു വൈക്കോൽ കൂനയിലാണ് ചെന്നു പതിച്ചത്. അതുകൊണ്ടും അവസാനിച്ചില്ല. ​1966 അദ്ദേഹം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞു. നാല് പേർ മരിച്ച ഈ അപകടത്തിൽ നിന്നും നിസ്സാര പരിക്കുകളോടെ അദ്ദേഹം വീണ്ടും രക്ഷപ്പെട്ടു.

​കാർ അപകടങ്ങളും തുടർച്ചയായ അദ്ഭുത രക്ഷപ്പെടലുകളും

ഈ സംഭവങ്ങൾക്കു ശേഷവും അദ്ദേഹത്തെ ദുരന്തങ്ങൾ പിന്തുടർന്നുകൊണ്ടിരുന്നു. ​1970 ൽ ഹൈവേയിലൂടെ കാറോടിക്കുമ്പോൾ ഫ്യുവൽ ടാങ്ക് പൊട്ടിത്തെറിച്ചു. ഇതേത്തുടർന്ന് കാർ പൂർണ്ണമായി കത്തുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം പുറത്തേക്ക് ചാടി.

​1973 ൽ കാറിലെ ഫ്യുവൽ പമ്പിലുണ്ടായ തകരാറ് കാരണം എൻജിനിൽ നിന്ന് തീ ഉയർന്നുവെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പിന്നീട് ​1995 ൽ സാഗ്രെബിൽ വെച്ച് അദ്ദേഹത്തെ ഒരു ബസ് ഇടിച്ചെങ്കിലും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ​1996 ൽ മലയോര പാതയിലൂടെ സഞ്ചരിക്കുമ്പോൾ എതിർദിശയിൽ വന്ന ട്രക്ക് ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ച സെലാക്, വണ്ടി കൊക്കയിലേക്ക് പതിക്കുന്നതിന് മുൻപ് റോഡരികിലെ മരത്തിലേക്ക് ചാടി രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ കാർ താഴേക്ക് പതിച്ച് പൊട്ടിത്തെറിക്കുകയാണുണ്ടായത്.

“‘ഒരു ഘട്ടത്തിൽ എനിക്ക് സുഹൃത്തുക്കൾ ഇല്ലാത്ത അവസ്ഥയായി. ഞാൻ കൂടെയുണ്ടെങ്കിൽ അത് ദുരന്തം ക്ഷണിച്ചുവരുത്തുമെന്ന് ഭയന്ന് പലരും എന്നിൽ നിന്ന് അകന്നു” എന്ന് സെലാക് ഒരിക്കൽ ഓർത്തെടുത്തു.

​കഥയോ അതോ സത്യമോ?

​ഭയാനകമായ ഏഴ് അപകടങ്ങളെ അതിജീവിച്ച ഈ കാര്യങ്ങൾ കേൾക്കുമ്പോൾ അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ നിർഭാഗ്യവാനാണോ അതോ അദ്ഭുതകരമായി രക്ഷപ്പെട്ടതുകൊണ്ട് ഭാഗ്യവാനാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ​എന്നിരുന്നാലും ഈ സംഭവങ്ങളിൽ ചിലതിനെക്കുറിച്ച് സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് 1960 – കളിലെ വിമാന-ട്രെയിൻ അപകടങ്ങൾ ഔദ്യോഗിക രേഖകളുടെ ലഭ്യതക്കുറവ് കാരണം എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് വ്യക്തത ഇല്ലാത്തതായി തുടരുന്നു. അദ്ദേഹത്തിന്റെ ഓർമ്മക്കുറവോ അല്ലെങ്കിൽ കഥകളിൽ വരുത്തിയ കൂട്ടിച്ചേർക്കലുകളോ ആകാം ഇതിന് കാരണമെന്ന് കരുതപ്പെടുന്നു.

​ഒടുവിൽ തേടിയെത്തിയ ഭാഗ്യം

​എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് 2000 – ന്റെ മധ്യത്തിൽ വിധി അദ്ദേഹത്തിന് മുന്നിൽ ഭാഗ്യം കൊണ്ടെത്തിച്ചു. ക്രോയേഷ്യയിലെ ലോട്ടറി അടിച്ച സെലാക്കിന് ലഭിച്ചത് ആറുലക്ഷം പൗണ്ടാണ്; ഏകദേശം ആറു കോടിയോളം രൂപ. ​ആ പണം ഉപയോഗിച്ച് അദ്ദേഹം ഒരു ആഡംബര വീട് വാങ്ങിയെങ്കിലും 2010 -ഓടെ അത് വിറ്റ് തന്റെ അഞ്ചാമത്തെ ഭാര്യയായ കതറീനയ്ക്കൊപ്പം ഒരു സാധാരണ ജീവിതത്തിലേക്ക് മടങ്ങി. തനിക്ക് ലഭിച്ച പണത്തിന്റെ ഭൂരിഭാഗവും അദ്ദേഹം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുകയും കന്യാമറിയത്തിന്റെ ഒരു ആരാധനാലയം നിർമ്മാണത്തിലേയ്ക്ക് നൽകുകയും തന്റെ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ഉപയോഗിക്കുകയും ചെയ്തു.

​എല്ലാ ദുരന്തങ്ങൾക്കും ഒടുവിൽ തനിക്ക് ലഭിച്ച ലളിതമായ ജീവിതത്തിൽ സംതൃപ്തനായി സന്തോഷത്തോടെയാണ് ഫ്രാനെ സെലാക് തന്റെ അവസാനകാലം ചെലവഴിച്ചത്.

സീനിയ എൽസ ഇഗ്‌നേഷ്യസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.