കച്ചേരി പാടിയ കർത്താവിന്റെ വാനമ്പാടി: ‘ക്രിസ്തായ നമഃ’ യും ഗായിക സി. ജൂലി തെരേസിന്റെ സംഗീത അനുഭവങ്ങളും

സുനിഷ വി.എഫ്

സി. ജൂലി തെരേസിന്റെ മധുര ശബ്ദത്തിൽ പുറത്തിറങ്ങിയ ക്രിസ്ത്യൻ സംഗീത കച്ചേരിയായ ‘ക്രിസ്തായ നമഃ’ ആസ്വാദകർ ഏറെ ഭക്തിപൂർവ്വം സ്വീകരിച്ചിരിക്കുകയാണ്. മഠത്തിൽ ചേര്‍ന്നതിനു ശേഷം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും സംഗീതത്തിൽ ബി. എ. യും എം. എ. യും ചെയ്തയാളാണ് സിസ്റ്റര്‍.പിന്നീട് ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽനിന്നും കോമേഴ്‌സിൽ ഡോക്ടറേറ്റും നേടി. ‘ഇഷ്ടങ്ങളെല്ലാം ഈശോയ്ക്ക് വേണ്ടി മാറ്റി വെച്ചപ്പോൾ എല്ലാ ഇഷ്ടങ്ങളെയും ഈശോ തന്നെ തിരികെ തന്നു’ എന്ന സാക്ഷ്യമാണ് സിസ്റ്ററിന്റെ ജീവിതത്തിലൂടെ വ്യക്തമാകുന്നത്. തുടര്‍ന്നു വായിക്കുക.

‘ശ്രീയേശു നാമം പരിപൂജിതം
മനുജനു മഹിയിൽ മതിയീ ജപം….’ സി. ജൂലി തെരേസിന്റെ മധുര ശബ്ദത്തിൽ പുറത്തിറങ്ങിയ ക്രിസ്ത്യൻ സംഗീത കച്ചേരിയായ ‘ക്രിസ്തായ നമഃ’ ഇപ്പോൾ ആസ്വാദകർ ഏറെ ഭക്തിപൂർവ്വം സ്വീകരിച്ചിരിക്കുകയാണ്. റോസീന പീറ്റിയുടെ വരികൾക്ക് ഫാ. മാത്യൂസ് പയ്യപ്പിള്ളി എം. സി. ബി. എസ്. സംഗീതം നൽകിയപ്പോൾ പിറന്ന ഈ മനോഹരമായ കച്ചേരി കേൾവിക്കാരെ ദൈവത്തിങ്കലേയ്ക്ക് കൂടുതൽ അടുപ്പിക്കുമെന്നതിൽ സംശയമില്ല. സംഗീതത്തെയും ദൈവത്തെയും അങ്ങേയറ്റം സ്നേഹിക്കുന്ന കുറച്ചാളുകൾ ഒരുമിച്ചു ചേർന്നപ്പോൾ പിറന്നത് സ്വർഗ്ഗവും ഭൂമിയും ഒരുപോലെ സന്തോഷിക്കുന്ന സംഗീത നിമിഷങ്ങളാണ്. തന്റെ പാട്ടുവഴിയിലെ നാഴികല്ലുകളിൽ ഒന്നായി മാറിയ ഈ സംഗീത കച്ചേരിയുടെ വിശേഷങ്ങൾ ലൈഫ്ഡേയോട് പങ്കുവെയ്ക്കുകയാണ് സി. ജൂലി തെരേസ് സി. എസ്. എൻ.

“ഈ കച്ചേരി പാടുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. പലഭാഗങ്ങളും പാടിയപ്പോൾ കണ്ണുനീർത്തുള്ളികൾ താഴേയ്ക്കു വീഴാതിരിക്കാൻ ഞാൻ ശ്രമിച്ചു. വലിയ ദൈവാനുഭവം നൽകിയ നിമിഷങ്ങളായിരുന്നു അത്. എന്നെ സംബന്ധിച്ച് ഇത്തരമൊരു കച്ചേരി പഠിച്ചു പാടുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എങ്കിലും സന്തോഷപൂർവം ഏറ്റെടുത്തു,” ഈശോയ്ക്ക് വേണ്ടി അനേകം പാട്ടുകൾ പാടിയിട്ടുള്ള ഒരു ഗായികയാണ് സി. ജൂലി തെരേസ്. എന്നാൽ ആദ്യമായി ഒരു ക്രിസ്തീയ സംഗീത കച്ചേരി പാടിയപ്പോൾ ഉണ്ടായ അനുഭവം സിസ്റ്റർ വിവരിക്കുന്നത് അങ്ങേയറ്റം വികാരനിർഭരമായാണ്.

സന്തോഷം, ഭക്തി, ആർദ്രത എന്നീ മൂന്നു ഭാവങ്ങൾ ഉൾക്കൊള്ളുന്ന ‘സിന്ധുഭൈരവി’ രാഗത്തിലാണ് ഈ കച്ചേരി ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്വരങ്ങളിലും വരികളിലും ആലാപനത്തിലും ഇതെല്ലാം ഉൾക്കൊള്ളണം. ഗായികയുടെ കഴിവും ആത്മ സമർപ്പണവും ഇതിൽ പ്രധാനപ്പെട്ടതാണ്. “എനിക്ക് പ്രാക്ടീസ് ചെയ്യാൻ അധികം സമയം ലഭിച്ചിരുന്നില്ല. രാഗം പാടുമ്പോളൊക്കെ എന്റെ സ്വാതന്ത്ര്യത്തിനു വിട്ടു തന്നെങ്കിലും ഉള്ളിൽ അല്പം ഭയമുണ്ടായിരുന്നു. കാരണം വർഷങ്ങൾക്ക് മുൻപ് പഠിച്ചതാണല്ലോ അതൊക്കെ. എങ്കിലും എല്ലാം കഴിഞ്ഞു ഫൈനൽ കേട്ടപ്പോൾ ഒരുപാട് സന്തോഷവും ദൈവത്തോട് നന്ദിയും തോന്നി.” എല്ലാ ക്രെഡിറ്റും ദൈവത്തിന് കൊടുത്തുകൊണ്ട് സിസ്റ്റർ പറയുന്നു.

രക്തത്തിലും സ്വത്വത്തിലും സംഗീതം

സി. ജൂലിയ്ക്ക് സംഗീതം പാരമ്പര്യമായി ലഭിച്ചതാണ്. മാതാപിതാക്കൾ രണ്ടുപേരും കലാഭിരുചിയുള്ളവരായിരുന്നു. “എന്റെ പപ്പാ ബിസിനസുകാരനായിരുന്നെങ്കിലും വയലിൻ വായിക്കുമായിരുന്നു. മമ്മിയുടെ വല്യ ചാച്ചൻ വയലിൻ കലാകാരൻ ആയിരുന്നു. പള്ളി കൊയറിൽ വയലിൻ വായിക്കുമായിരുന്നു അദ്ദേഹം. വല്യ ചാച്ചൻ വായിച്ചിരുന്ന വയലിൻ എനിക്കാണ് ലഭിച്ചിരിക്കുന്നത്,” സിസ്റ്റർ പറഞ്ഞു.

നാലാം ക്‌ളാസുമുതൽ പ്രീഡിഗ്രി വരെ കർണാട്ടിക് സംഗീതം അഭ്യസിച്ചിരുന്നു സിസ്റ്റർ. അതുകൊണ്ട് തന്നെ രക്തത്തിലെയും സ്വത്വത്തിലേയും സംഗീതം സിസ്റ്ററിന്റെ ഗാനങ്ങൾക്ക് ജീവൻ നൽകുന്ന രാഗങ്ങളായി മാറി.

ദേവരാജൻ മാസ്റ്ററുടെ ശിഷ്യ

മുന്നൂറിലധികം മലയാള – അന്യഭാഷാ സിനിമാ ഗാനങ്ങൾക്ക് സംഗീതം നൽകിയ ജി. ദേവരാജൻ മാസ്റ്ററുടെ കീഴിൽ സംഗീതം അഭ്യസിക്കാൻ രണ്ടു വർഷത്തോളം സിസ്റ്റർക്ക് സാധിച്ചിട്ടുണ്ട്. “അദ്ദേഹത്തിന്റെ ‘ശക്തിഗാഥ’ എന്ന കൊയർ ടീമിൽ ഞാൻ ഉണ്ടായിരുന്നു. എന്നെ സംഗീത രംഗത്തേയ്ക്ക് കൊണ്ടു വരണം എന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.” സിസ്റ്റർ ഓർമ്മിക്കുന്നു.

എങ്കിലും ഒരു കാലഘട്ടം കഴിഞ്ഞപ്പോൾ സിസ്റ്ററിനു തന്റെ പാട്ടു മുഴുവനായും ഈശോയ്ക്ക് തന്നെ നൽകാനാണ് തോന്നിയത്. മറ്റുപാട്ടുകൾ പാടുമെങ്കിലും ഇനി പാടുന്നത് ഈശോയ്ക്ക് വേണ്ടി മാത്രമാകണം എന്ന ചിന്ത വന്നു തുടങ്ങി. “ഒരു ഭാഗത്ത് സംഗീതം, മറുഭാഗത്ത് ദൈവം- രണ്ടും ഒരുപോലെ ഇഷ്ടമുള്ളതായതിനാൽ ഏത് വേണം എന്ന ചോദ്യത്തിന് മുന്നിൽ ഞാൻ ദൈവത്തെയാണ് തിരഞ്ഞെടുത്തത്. എന്റെ ദൈവ വിളിയുടെ വേരുപോലും സംഗീതം ആയിരുന്നു, ” സിസ്റ്റർ പറയുന്നു.

അങ്ങനെ സേവ്യർ കുന്നുംപുറം അച്ചന്റെ പാട്ടുപാടിക്കൊണ്ടായിരുന്നു ആദ്യമായി ഈ രംഗത്തേയ്ക്ക് ചുവടുവച്ചത്. എങ്കിലും ആ സമയത്തും സമർപ്പിത ജീവിതത്തിലേയ്ക്ക് തിരിയുന്നതിനെപ്പറ്റി സിസ്റ്റർ ഗൗരവത്തോടെ ചിന്തിച്ചിരുന്നില്ല. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ഡിഗ്രി മൂന്നാം വർഷം ആയപ്പോഴായിരുന്നു സിസ്റ്റർക്ക് തന്റെ വഴിയെക്കുറിച്ചു ആഴത്തിൽ ബോധ്യം ഉണ്ടായത്. എങ്കിലും അപ്പോഴും സിസ്റ്റർ അത് വീട്ടിൽ പറഞ്ഞിരുന്നില്ല. അങ്ങനെ ഡിഗ്രി കഴിഞ്ഞ് എം. ബി. എ. യുടെ എൻട്രൻസ് കോച്ചിങ്ങിനു പോകുന്ന സമയത്താണ് തന്റെ ആഗ്രഹം വീട്ടിൽ പറയുന്നത്.

“അന്ന് വീട്ടിൽ ഒരു ഭൂകമ്പം ആയിരുന്നു. എങ്കിലും ഞാൻ ഉറച്ചു നിന്നു. ഒടുവിൽ വീട്ടുകാർ സമ്മതിച്ചു. പിന്നെ എനിക്ക് ഉണ്ടായിരുന്നത് ഏത് സന്യാസ സഭയിൽ പോകണം എന്നുള്ളതായിരുന്നു. അതിനും ദൈവത്തിന്റെ ഇഷ്ടത്തിനായി ഞാൻ കാത്തു നിന്നു,” സിസ്റ്റർ പറയുന്നു.

മിണ്ടാ മഠത്തിൽ പോകാൻ ഇഷ്ടപ്പെട്ടു; ഇപ്പോൾ കർത്താവിന്റെ വാനമ്പാടി

“എനിക്ക് സത്യത്തിൽ മിണ്ടാമഠത്തിൽ പോകാനായിരുന്നു ആഗ്രഹം. എങ്കിലും കർത്താവിന്റെ ഇഷ്ടം ഞാൻ ‘സിസ്റ്റേഴ്സ് ഓഫ് നസ്രത്ത്‌’ സന്യാസ സഭയിൽ ചേരുന്നതായിരുന്നു. മഠത്തിൽ ചേര്‍ന്നതിനു ശേഷം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും സംഗീതത്തിൽ ബി. എ. യും എം. എ. യും ചെയ്തു. അതോടൊപ്പം ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും എംകോംപൂർത്തിയാക്കി. ‘ഇഷ്ടങ്ങളെല്ലാം ഈശോയ്ക്ക് വേണ്ടി മാറ്റി വെച്ചപ്പോൾ എല്ലാ ഇഷ്ടങ്ങളെയും ഈശോ തന്നെ തിരികെ തന്നു’ എന്ന സാക്ഷ്യമാണ് സിസ്റ്ററിന്റെ ജീവിതത്തിലൂടെ തെളിയുന്നത്.

അതിനുശേഷം സിസ്റ്റർ, ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്‌സിൽ ഡോക്ടറേറ്റും നേടി. 2023 ജനുവരി മുതൽ അങ്കമാലിയിലെ മോർണിംഗ് സ്റ്റാർ കോളേജിലെ കോമേഴ്‌സ് വിഭാഗം പ്രൊഫസർ കൂടിയാണ് സിസ്റ്റർ. അക്കാദമിക മേഖലയും സംഗീത മേഖലയും തന്റെ സമർപ്പിത ജീവിതത്തോട് ചേർത്തു വെച്ച് കൊണ്ടുപോകുകയാണ് സി. ജൂലി തെരേസ്. മിണ്ടാ മഠത്തിൽ പോകാനിരുന്ന സിസ്റ്ററിനെ ഇപ്പോൾ കർത്താവ് തന്റെ വാനമ്പാടിയാക്കി മാറ്റിയിരിക്കുകയാണ്.

ഒരു സമയത്ത് കർത്താവിനു വേണ്ടി മാത്രം പാടണം എന്ന ആഗ്രഹം ജീവിതത്തോട് ചേർത്തു വെച്ചപ്പോൾ സിസ്റ്ററിന്റെ ആഗ്രഹത്തെ കർത്താവും തന്നോട് ചേർത്തു വെച്ചു. അതുകൊണ്ട് തന്നെയാകണം നിരവധി ഗാനങ്ങൾക്ക് സിസ്റ്ററിന്റെ മധുര ശബ്ദത്തിലൂടെ ജീവൻ വച്ചതും. ‘ക്രിസ്തായ നമഃ’ ഇതിനോടകം ഒരു ലക്ഷത്തിനോടടുത്ത് ആളുകൾ കേട്ട് കഴിഞ്ഞു. ഇനിയും അനേക ലക്ഷങ്ങളുടെ ജീവിതത്തെ സ്പർശിക്കാനിരിക്കുന്നു. ‘ക്രിസ്തായ നമഃ’ സംഗീത കച്ചേരി ടീമിലെ എല്ലാവർക്കും കർത്താവിന്റെ സ്വന്തം വാനമ്പാടി സി. ജൂലി തെരേസ് സി. എസ്. എന്നിനും ലൈഫ് ഡേയുടെ പ്രാർത്ഥനാശംസകൾ!

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.