
ചൈനയിലെ ക്രൈസ്തവപീഡനത്തിന്റെ ഏറ്റവും കഠിനമായ വർഷങ്ങളിൽ വിശ്വാസത്തിൽ അടിയുറച്ചുനിന്ന മഹത്തായ വ്യക്തിയായിരുന്നു ജെസ്യൂട്ട് വൈദികനായ ഫാ. മാറ്റിയോ ചു ലി-തെഹ്. 1955 ചൈനയിൽ നടന്ന കാത്തലിക് റെയ്ഡിൽ അഞ്ച് സഹോദരന്മാരോടൊപ്പം തടവിലാക്കപ്പെട്ട അദ്ദേഹം 27 വർഷങ്ങൾക്കുശേഷമാണ് ജയിൽമോചിതനായത്. അതിനുശേഷവും അദ്ദേഹം തന്റെ ആഗ്രഹം ഉപേക്ഷിച്ചില്ല. സെമിനാരി പഠനകാലഘട്ടത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ജയിൽമോചിതനായശേഷം വൈദികനായി. തന്റെ 91 മത്തെ വയസ്സിലാണ് അദ്ദേഹം മരണമടയുന്നത്. തുടർന്ന് വായിക്കുക.
1955 ൽ ഫാ. മാറ്റിയോ സെമിനാരിയൻ ആയിരുന്നപ്പോഴാണ് ബിഷപ്പ് ഇഗ്നാസിയോ ഗോങ് പിഗ്മി ഉൾപ്പെടെ ആയിരത്തിലധികം കത്തോലിക്കരെ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അറസ്റ്റ് ചെയ്തത്. അന്നുമുതൽ 27 വർഷങ്ങൾ അദ്ദേഹം തടവിലായിരുന്നു. ജയിലിലായിരിക്കുമ്പോൾ ഒരു തടവുകാരൻ അനുഭവിക്കേണ്ട എല്ലാ കഷ്ടതകളും അദ്ദേഹവും അനുഭവിച്ചു. ഈ വർഷങ്ങളിലൊക്കെയും ബ്രദർ മാറ്റിയോ ജയിലിൽ നിർബന്ധിതജോലി ചെയ്യേണ്ടിവന്നു. ജയിൽമോചിതനായശേഷം 1994 ജനുവരി ഒമ്പതിന് തന്റെ 61 മത്തെ വയസ്സിൽ തായ്പേയിൽ ഈശോസഭാ വൈദികനായി അദ്ദേഹം അഭിഷിക്തനായി.
ഷാങ്ഹായിലെ കത്തോലിക്കാ സമൂഹത്തിൽ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ മുഴുവൻ കുടുംബത്തിന്റെയും കഥയാണ് ഈ ചൈനീസ് പുരോഹിതന്റെ കഥയെ അദ്വിതീയമാക്കുന്നത്. 1955 സെപ്റ്റംബർ എട്ടിന് നടന്ന റെയ്ഡിൽ അദ്ദേഹത്തിന്റെ ആറ് സഹോദരന്മാരെ അറസ്റ്റ് ചെയ്തു. അതിൽ അദ്ദേഹത്തിന്റെ സഹോദരനും വൈദികനും ആയിരുന്ന ഫാ. ഫ്രാൻസെസ്കോയും ഉണ്ടായിരുന്നു. 1983 ൽ അദ്ദേഹം ജയിലിൽ വച്ചുതന്നെ മരണമടഞ്ഞു. വിധവയായ അദ്ദേഹത്തിന്റെ അമ്മ മാർട്ടിന ആറ് വ്യത്യസ്ത ജയിലുകളിൽ കഴിയുന്ന മക്കളെ കാണാൻ മാറിമാറി സന്ദർശനം നടത്തി. “ആറു വിപ്ലവകാരികളുടെ അമ്മയെന്ന നിലയിൽ ആ സ്ത്രീ പതിവായി അപമാനിക്കപ്പെട്ടു. എന്നിട്ടും അവൾ ഒരിക്കലും തളർന്നില്ല. ഓരോ സന്ദർശനത്തിലും ഓരോരുത്തർക്കും മുന്നോട്ടുപോകാനും കഷ്ടപ്പാടുകൾ മനസ്സോടെ സ്വീകരിക്കാനും ദൈവത്തിലുള്ള വിശ്വാസം നിലനിർത്താനും പ്രോത്സാഹിപ്പിക്കുന്നതിൽ അവൾ ഒരിക്കലും പരാജയപ്പെട്ടില്ല” – ഫാ. മാറ്റിയോ പിന്നീട് പറയുമായിരുന്നു. അവരെ ഓരോരുത്തരെയും വിദൂര പ്രവിശ്യകളിലെ ലേബർ ക്യാമ്പിലേക്ക് അയയ്ക്കുന്നതുവരെ അമ്മ തന്റെ സന്ദർശനം തുടർന്നു.
1984 ൽ മാറ്റിയോ ജയിൽമോചിതനായി. പാട്രിയോട്ടിക് അസോസിയേഷനിൽ ചേരാൻ വിസമ്മതിച്ചതിനാൽ മാറ്റിയോയ്ക്ക് ഒരിക്കലും ചൈനയിൽ പുരോഹിതനാകാൻ കഴിയില്ല. 1988 ൽ അദ്ദേഹത്തെ ബിഷപ്പിനൊപ്പം അമേരിക്കയിലേക്കു പുറപ്പെടാൻ അനുവദിച്ചു. യഥാർഥത്തിൽ അതൊരു പ്രവാസമായിരുന്നു. പിന്നീട് അദ്ദേഹം ജെസ്യൂട്ട് സെമിനാരിയിലെ തന്റെ പഠനം പൂർത്തിയാക്കാനായി തായ്‌വാനിലേക്കു പോയി. 1994 ൽ നടന്ന പൗരോഹിത്യ സ്വീകരണത്തിന് അദ്ദേഹത്തിന്റെ അമ്മ മാർട്ടിനയ്ക്കും പങ്കെടുക്കാൻ കഴിഞ്ഞു.
“എനിക്ക് വലിയ ദുഃഖത്തിന്റെ നിമിഷങ്ങളും ഉണ്ടായിരുന്നു. എന്റെ പ്രാർഥന പലപ്പോഴും ഒരു വിലാപമായി മാറി. എന്തിനാണ് കർത്താവേ, എനിക്ക് ഇത്രയും ഭാരമുള്ള കുരിശ് തന്നത്? അത്തരം സാഹചര്യങ്ങളിൽ, എന്റെ ജീവിതം അവനു സമർപ്പിക്കാൻ എന്നെ വിളിച്ചിരുന്നോ എന്ന് എണ്ണമറ്റ തവണ ഞാൻ എന്നോടുതന്നെ ചോദിച്ചു. ഇതിലെല്ലാം, എന്റെ അമ്മയുടെ വാക്കുകളും മാതൃകയും ഓർത്തുകൊണ്ട് വിളിയോട് വിശ്വസ്തത പുലർത്താനുള്ള കൃപയ്ക്കായി ഞാൻ എല്ലാ ദിവസവും കർത്താവിനോട് അപേക്ഷിച്ചു” – ഫാ. മാറ്റിയോ പിന്നീട് പറയുമായിരുന്നു.
ഫാ. മാറ്റിയോ, തായ്‌വാനിൽ തന്റെ അവസാന നാളുകൾ വരെ അർപ്പണബോധത്തോടെ വിശ്വാസികളെ സേവിച്ചുകൊണ്ടിരുന്നു.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ




