കാൻസർ ബാധിച്ച് മരണമടഞ്ഞ 18 വയസ്സുകാരിയുടെ അദ്ഭുതകരമായ വിശ്വാസജീവിതം

അസാധാരണമാം വിധം വേദനയുടെയും രോഗത്തിന്റെയും അവസ്ഥകളെ അതിജീവിച്ച ഒരു പെൺകുട്ടി. മരിയ മിഡിൽട്ടൺ. ബ്രെയിൻ കാൻസർ ബാധിച്ച് മരിയ മിഡിൽട്ടൺ മരിച്ചിട്ട് ആറ് വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും ഇന്നും അവളുടെ സന്തോഷപൂർണ്ണമായ വിശ്വാസം മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നത് തുടരുകയാണ്. ഇതിനിടെ ഫിലാഡൽഫിയയിലെ കത്തോലിക്കാ സഭ മരിയയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുകയാണ്.

മരിയ മിഡിൽട്ടണ് അഞ്ചു വയസ്സുള്ളപ്പോൾ, മാതൃദിനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അമ്മയ്ക്കായി ഒരു കാർഡ് ഉണ്ടാക്കാൻ അവൾ സ്വന്തം മുറിയിലേക്ക് പോയി. അമ്മ സൂസൻ മിഡിൽട്ടൺ അതീവ സന്തോഷവതിയായിരുന്നു. മരിയ ആ പ്രായത്തിൽ തന്നെ വളരെ വ്യക്തമായി സംസാരിക്കുന്ന, പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള കുട്ടിയായിരുന്നു. മകൾ തനിക്കായി എന്താണ് എഴുതിവച്ചിരിക്കുന്നത് എന്ന് അറിയാൻ സൂസൻ ആകാംക്ഷയോടെ കാത്തിരുന്നു.

പൂക്കൾ കൊണ്ട് അലങ്കരിച്ചതായിരുന്നു ആ കാർഡ്. അതിന്റെ പുറത്ത്, ‘മാതൃദിനാശംസകൾ’ എന്ന് മരിയ എഴുതിയിരുന്നു. ഉള്ളിൽ ഇങ്ങനെ കുറിച്ചു: “ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ അമ്മയ്ക്ക്.”

ഒരു അഭിമുഖത്തിൽ ഈ അനുഭവം സൂസൻ പങ്കുവച്ചത് ഒരു ചിരിയോടെയാണ്. ചെറുപ്പം മുതലേ സൂസൻ മരിയയെ പഠിപ്പിക്കാൻ ശ്രമിച്ച ഒരു കാര്യമാണ് ആ കാർഡിൽ പ്രതിഫലിച്ചത്: തെറ്റുകൾ വരുത്തുന്ന ഒരു ഭൗതിക അമ്മ തനിക്കുണ്ടെങ്കിലും, സ്വർഗത്തിൽ എല്ലാം തികഞ്ഞവളായ ഒരു അമ്മ കൂടി അവൾക്കുണ്ടെന്നതായിരുന്നു ആ സത്യം.

18-ാം വയസ്സിൽ ബ്രെയിൻ ട്യൂമർ ബാധിച്ച് മരിയ മരിച്ച് ആറ് വർഷത്തിന് ശേഷം, പെൻസിൽവാനിയയിലെ ഡോയ്‌ലെസ്‌ടൗണിലുള്ള അവർ ലേഡി ഓഫ് സെസ്റ്റോചോവ ദേശീയ തീർഥാടനാലയത്തിൽ ഒക്ടോബർ അഞ്ചിന് നൂറുകണക്കിന് ആളുകൾ ഒത്തുകൂടി. ഫിലാഡൽഫിയ ആർച്ച് ബിഷപ്പ് നെൽസൺ പെരസിന്റെ നേതൃത്വത്തിൽ മരിയക്കായി വിശുദ്ധ കുർബാന അർപ്പിച്ചു.

മരിയയ്ക്ക് മൂന്നു വയസ്സുള്ളപ്പോൾ മുതൽ അമ്മ സൂസൻ അവളെ എല്ലാ ആഴ്ചയും ദിവ്യകാരുണ്യ ആരാധനയ്ക്കായി കൊണ്ടുവന്നിരുന്നത് ഈ തീർഥാടനാലയത്തിലേക്കായിരുന്നു. ഇവിടെ വച്ചാണ് മരിയ ദിവ്യകാരുണ്യ ജപമാലയും സാധാരണ ജപമാലയും പഠിച്ചതും, മാതാവിനോട് ആഴത്തിലുള്ള സ്നേഹത്തിലേക്ക് വളർന്നു വന്നതും. മാമോദീസ വേളയിൽ തന്നെ അവളെ അവളുടെ മാതാപിതാക്കൾ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചിരുന്നു.

വിശുദ്ധ കുർബാന മധ്യേ, കോവിഡ്-19 മഹാമാരിയുടെ സമയത്ത് മരിയ തനിക്കെഴുതിയ കത്തിനെക്കുറിച്ച് ആർച്ച് ബിഷപ്പ് പെരസ് ഓർത്തെടുത്തു. പൊതു കുർബാനകൾ നിർത്തലാക്കിയ സമയത്തായിരുന്നു അത്. തന്റെ രോഗാവസ്ഥയിൽ തനിക്ക് ആവശ്യമുള്ള കൃപയായി അവൾ വിശേഷിപ്പിച്ച വിശുദ്ധ കുർബാന സ്വീകരിക്കാൻ അവൾ ആഗ്രഹിച്ചു. അന്നുതന്നെ ആർച്ച് ബിഷപ്പ് പെരസ് മറുപടി നൽകുകയും, താൻ തന്നെ നേരിട്ടെത്തി അവൾക്ക് ദിവ്യകാരുണ്യം നൽകാം എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

“ദൈവത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുക എന്ന ക്രിസ്തുവിന്റെ കല്പന സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന വ്യക്തിയായിരുന്നു അവൾ,” ആർച്ച് ബിഷപ്പ് പെരസ് പറഞ്ഞു.

2020 ഒക്ടോബർ എട്ടിന് അവൾ മരിച്ചതിനുശേഷം, മരിയയുടെ മാതാപിതാക്കളായ ബ്രയാനും സൂസനും എല്ലാ ആഴ്ചയും ഡസൻ കണക്കിന് സന്ദേശങ്ങളാണ് ലഭിക്കുന്നത്. അവളിലൂടെ വീണ്ടും സഭയിലേക്ക് മടങ്ങിയെത്താനും, കൂദാശകൾ വീണ്ടെടുക്കാനും, വിശ്വാസം ആഴപ്പെടുത്താനും സാധിച്ചു എന്ന് ഈ സന്ദേശങ്ങളിൽ ആളുകൾ സാക്ഷ്യപ്പെടുത്തുന്നു.

ജൂൺ മാസത്തിൽ, ഈ കൗമാരക്കാരിയുടെ വിശുദ്ധ പദവിക്കായുള്ള നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി ആർച്ച് ബിഷപ്പ് പെരസിന് മുൻപിൽ സമർപ്പിക്കപ്പെട്ടു. ഇതോടെ സഭയുടെ പ്രാഥമിക ആലോചനാ പ്രക്രിയകൾക്ക് തുടക്കമായി.

മരിയയുടെ മരണശേഷമാണ് 28-കാരനായ ഫിലാഡൽഫിയയിലെ വൈദികൻ ഫാദർ ഗ്രിഫൻ ഷ്‌ലേപ്ഫർ അവളെക്കുറിച്ച് അറിയുന്നത്. തന്റെ ഇടവകയിൽ വച്ച് മരിയയുടെ വാക്കുകൾ അടങ്ങിയ ഒരു ചിത്രത്തിലൂടെയാണ് അദ്ദേഹം അവളുടെ കഥ മനസ്സിലാക്കുന്നത്: “വിശുദ്ധനാകാൻ നിങ്ങൾ വിചിത്രമായ രീതിയിൽ ജീവിക്കേണ്ടതില്ല” എന്ന സന്ദേശം ആയിരുന്നു അതിൽ അടങ്ങിയിരുന്നത്. ഈ വരികൾ അദ്ദേഹത്തിന്റെ മനസ്സിൽ തങ്ങിനിന്നു. “വിശുദ്ധനാകാൻ നിങ്ങൾ സന്തോഷമില്ലാത്തവരായി ജീവിക്കേണ്ടതില്ല. നിങ്ങൾക്ക് ആകർഷകവും പൂർണ്ണവുമായ ഒരു ജീവിതം നയിക്കാം, ഒപ്പം ദൈവഹിതത്തിന് പൂർണ്ണമായി അനുസരിച്ചുകൊണ്ടും ജീവിക്കുകയും ചെയ്യാം.” ഫാദർ ഷ്‌ലേപ്ഫർ പറഞ്ഞു.

തങ്ങളുടെ മുൻവിവാഹബന്ധങ്ങൾ വേർപെടുത്തിയ ശേഷം വിവാഹിതരായ ബ്രയാനും സൂസനും 2002 സെപ്റ്റംബർ പത്തിനാണ് മരിയ ജനിക്കുന്നത്. സൂസന് അപ്പോൾ 44 വയസ്സായിരുന്നു. ദൈവത്തിന്റെ പ്രതീക്ഷിക്കാത്ത ഒരു സമ്മാനമായാണ് മാതാപിതാക്കൾ അവളെ കണ്ടത്. സംഗീതം, ഐറിഷ് നൃത്തം, കായിക വിനോദങ്ങൾ എന്നിവ അവൾക്ക് ഇഷ്ടമായിരുന്നു. പഠനത്തിൽ മികവ് പുലർത്തിയ അവൾ ക്ലാസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നാഷണൽ ഓണർ സൊസൈറ്റിയിൽ അംഗമായിരുന്ന അവൾ ഇടവകയിലും സജീവമായിരുന്നു.

മരിയയുടെ ബാല്യകാല സുഹൃത്തായ മാഗി മക്ആർഡിൽ ഒന്നാം ക്ലാസ്സിൽ വച്ചാണ് അവളെ പരിചയപ്പെടുന്നത്. തമാശക്കാരിയും ദയാലുവുമായ ഒരു പെൺകുട്ടിയായിരുന്നു മരിയയെന്ന് മാഗി ഓർക്കുന്നു.

മരിയയേക്കാൾ 15 വയസ്സിന് മൂത്ത സഹോദരി കിം ഒഗ്രാഡി അവളെക്കുറിച്ച് ഓർമ്മിക്കുന്നു. ടെയ്‌ലർ സ്വിഫ്റ്റ്, ജോനാസ് ബ്രദേഴ്‌സ്, ഷോൺ മെൻഡെസ് എന്നിവരുടെ പാട്ടുകൾ ഇഷ്ടപ്പെടുകയും, ഇൻസ്റ്റാഗ്രാമും സ്നാപ്ചാറ്റും ഉപയോഗിക്കുകയും ചെയ്തിരുന്ന ഒരു സാധാരണ പെൺകുട്ടിയായിരുന്നു അവൾ. മറ്റ് കൗമാരക്കാരെപ്പോലെ സമാനമായ താല്പര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും, വിശ്വാസത്തിന്റെയും വ്യക്തിത്വ വികാസത്തിന്റെയും കാര്യത്തിൽ മരിയയ്ക്ക് കൃത്യമായ മുൻഗണനകൾ ഉണ്ടായിരുന്നു.

വളർന്നു വരുമ്പോൾ നേരിടുന്ന മാനസിക സമ്മർദങ്ങളെക്കുറിച്ച് ബോധവതിയായിരുന്ന മരിയ, തന്റെ എഴുത്തുകളിലൂടെ വളരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചെറുപ്പകാലത്തെ പഴയ വീഡിയോകൾ കണ്ടതിന് ശേഷം, താൻ എത്രത്തോളം മാറിയെന്നും സോഷ്യൽ മീഡിയ തന്റെ ചിന്തകളെ എങ്ങനെ സ്വാധീനിച്ചുവെന്നും അവൾ തന്റെ ഡയറിയിൽ കുറിച്ചു: “എന്റെ ചെറുപ്പകാലത്തെ വീഡിയോകൾ കണ്ടപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്; പണ്ട് ഉണ്ടായിരുന്നതുപോലെ സന്തോഷത്തോടെ ജീവിക്കാതിരിക്കാൻ എനിക്കിപ്പോൾ ഒരു കാരണവുമില്ല. അതിന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് കുറയ്‌ക്കേണ്ടി വന്നാലും, കൂടുതൽ കാര്യങ്ങൾ തമാശയായി കണ്ട് കൊച്ചുകൊച്ചു സന്തോഷങ്ങൾ ആസ്വദിക്കേണ്ടി വന്നാലും, അതിനായി ഞാൻ എന്നെത്തന്നെ ശീലിപ്പിച്ചെടുക്കും.”

വില്ല ജോസഫ് മേരി ഹൈസ്‌കൂളിൽ മരിയയെ പഠിപ്പിച്ച സ്റ്റെഫാനി വീവർ, ഈ വിശ്വാസവും പ്രവർത്തനവും നേരിട്ട് കണ്ടയാളാണ്. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ മരിയ നിർധനർക്കായി വസ്ത്രങ്ങൾ ശേഖരിക്കുന്ന ഒരു പദ്ധതി ആരംഭിക്കുകയും, കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ ഫണ്ട് ശേഖരിക്കുന്ന ‘ഹോപ്പ്-എ-ഥോൺ’ (Hope-A-Thon) എന്ന നൃത്ത പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തു.

എന്നാൽ മരിയയുടെ വിശ്വാസം ഉടൻ തന്നെ കഠിനമായി പരീക്ഷിക്കപ്പെട്ടു. 2019 ജനുവരിയിൽ, 16-ാം വയസ്സിൽ, അവളുടെ തലച്ചോറിൽ ശസ്ത്രക്രിയ നടത്താൻ സാധിക്കാത്ത വിധം ഒരു ട്യൂമർ കണ്ടെത്തി. 9 മുതൽ 12 മാസം വരെ മാത്രമേ അവൾ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർമാർ വിധിയെഴുതി.

രോഗവിവരം പറയുമ്പോൾ കുടുംബത്തോടൊപ്പം മുറിയിലുണ്ടായിരുന്ന ഫാദർ സിമിയോൺ വോലവോള ഓർക്കുന്നു: “ആ മുറിയിലെ ഏറ്റവും ശാന്തയായ വ്യക്തി അവളായിരുന്നു. വളരെ ശാന്തതയോടെയും വേഗത്തിലും അവൾ ആ യാഥാർഥ്യം സ്വീകരിച്ചു.”

രോഗം മൂർച്ഛിക്കുകയും ശാരീരിക ബുദ്ധിമുട്ടുകൾ ഏറുകയും ചെയ്തപ്പോഴും ആ സമാധാനം അവളിൽ നിലനിന്നു. “ശരീരം തളരുകയായിരുന്നു, അവൾ ഒരുപാട് വേദന സഹിച്ചു, എന്നാൽ വളരെ ശാന്തതയോടെയാണ് അവൾ ആ കുരിശ് ചുമന്നത്,” ഫാദർ പറഞ്ഞു.

തനിക്ക് അദ്ഭുതകരമായ രോഗശാന്തി ലഭിക്കുമെന്ന് മരിയ പ്രത്യാശിച്ചു. ഒപ്പം ദൈവഹിതത്തിന് സ്വയം സമർപ്പിക്കാനും അവൾ തയ്യാറായി.

കുട്ടിക്കാലം മുതൽ അവൾ എഴുതിയ ഡയറികൾ, അവൾക്കുണ്ടായിരുന്ന ആത്മീയ ജീവിതം വെളിപ്പെടുത്തുന്നതായിരുന്നു. 11-ാം വയസ്സിൽ അവൾ ഡയറിയിൽ എഴുതിയ ആദ്യ വാക്കുകൾ ലളിതമായിരുന്നു: “ദൈവം കരുണയുള്ളവനാണ്.”

ട്യൂമർ കാരണം എഴുതാൻ ബുദ്ധിമുട്ടിയപ്പോൾ അവൾ അവസാനമായി കുറിച്ച വാക്കുകൾ ഇതായിരുന്നു: “പ്രത്യാശയെക്കുറിച്ച് ചിന്തിക്കൂ”. പിന്നീട് അവളുടെ ഓർമ്മയ്ക്കായി സ്ഥാപിച്ച ഫൗണ്ടേഷന് നൽകിയതും ഈ പേരായിരുന്നു. ശാരീരിക ശേഷികൾ നഷ്ടപ്പെട്ടപ്പോഴും മറ്റുള്ളവരോടുള്ള മരിയയുടെ കരുതലിൽ കുറവുണ്ടായില്ല.

രോഗം വഷളായപ്പോഴും മരിയ ഒരിക്കലും പ്രത്യാശ കൈവിട്ടില്ലെന്ന് അമ്മ സൂസൻ പറയുന്നു. “തന്റെ കാലുകളും കൈകളും തളരുന്നത് അവൾ കണ്ടു. കേൾവിശക്തിയും ഭക്ഷണം കഴിക്കാനുള്ള ശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടു. ഇതെല്ലാം സംഭവിക്കുന്നുണ്ടെന്ന് അവൾക്ക് അറിയാമായിരുന്നു, എന്നിട്ടും അവൾ നിരാശയായില്ല.”

2020 ഒക്ടോബർ എട്ടിന് 18-ാം വയസ്സിൽ മരിയ വിടപറഞ്ഞു. യുവാക്കളോട് മരിയ പറയുന്നത് ഇതാണ്: “നിങ്ങൾക്കും വലിയ വിശ്വാസമുള്ളവരാകാം, നിങ്ങൾക്കും വിശുദ്ധരാകാം, നിങ്ങൾക്കും പ്രത്യാശയുള്ളവരാകാം.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.