മഹാനായ മാർപാപ്പ – 6: വ്യത്യസ്തങ്ങളായ വിശേഷണങ്ങൾ

ഫാ. ജോസഫ് പാണ്ടിയപ്പള്ളിൽ MCBS

സത്യത്തിന്റെ സഹപ്രവർത്തകൻ

‘സത്യത്തിന്റെ സഹപ്രവർത്തകൻ’ എന്ന വാക്യമാണ് ബിഷപ്പ് എന്ന നിലയിൽ തന്റെ ദൗത്യം വ്യക്തമാക്കാൻ ജോസഫ് റാറ്റ്സിങ്ങർ ആപ്തവാക്യമായി ഉപയോഗിച്ചത്. 1977 -ൽ ബിഷപ്പായി നിയോഗിക്കപ്പെട്ടപ്പോൾ തിരഞ്ഞെടുത്തതായിരുന്നു വി. യോഹന്നാന്റെ മൂന്നാം ലേഖനത്തിൽ നിന്നുള്ള ഈ വാക്യം. പിന്നീട് ‘സത്യത്തിന്റെ സഹപ്രവർത്തകർ’ എന്ന പ്രയോഗം പലപ്പോഴും മാർപാപ്പാ ഉപയോഗിച്ചിട്ടുണ്ട്. ബിഷപ്പായും കർദ്ദിനാളായും മാർപാപ്പ ആയുമൊക്കെയുള്ള തന്റെ ദൗത്യത്തെ ‘സത്യത്തിന്റെ ശുശ്രൂഷകൻ’,  ‘സത്യത്തിന്റെ ശുശ്രൂഷ’ തുടങ്ങിയ പദങ്ങളിലൂടെയാണ് മാർപാപ്പ വിശേഷിപ്പിച്ചത്.

ജർമ്മൻ പൗരനും വത്തിക്കാന്റെ ഭരണത്തലവനും

1981 നവംബർ 25 -ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പാ വിശ്വാസ തിരുസംഘത്തിന്റെ തലവനായി കർദ്ദിനാൾ റാറ്റ്സിങ്ങറെ നിയമിച്ചു. അതുകൊണ്ട്  വെറും നാലു വർഷക്കാലം മാത്രം മ്യൂണിക്കിന്റെ ആർച്ചുബിഷപ്പായിരുന്ന ജോസഫ് റാറ്റ്സിങ്ങർ വത്തിക്കാനിലേക്കു യാത്രയായി. 1982 ഫെബ്രുവരി 15 -ന് മ്യൂണിക്കിന്റെ ആർച്ചുബിഷപ്പ് സ്ഥാനം രാജി വയ്ക്കുകയും അതേ വർഷം മാർച്ച് ഒന്നിന് പുതിയ ഉത്തരവാദിത്വം റോമിൽ ഏറ്റെടുക്കുകയും ചെയ്‌തു. അന്നു മുതൽ ജോസഫ് റാറ്റ്സിങ്ങർ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്റെ പൗരനാണ്. മാർപാപ്പാ ആയ ശേഷവും ഒരേ സമയം വത്തിക്കാൻ പൗരനും ജർമ്മൻ പൗരനുമായി തുടർന്നു. അതായത്, മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവനായി കടമകൾ നിർവ്വഹിക്കുന്ന പൗരൻ (ജർമ്മൻ പൗരൻ) എന്നൊരു ബഹുമതിയും ബെനഡിക്ട് പതിനാറാമൻ മാർപാപ്പക്കുണ്ട്.

ബഹുസ്വര ദൈവശാസ്ത്രത്തോട് പൂർണ്ണമായും ‘നോ’ പറഞ്ഞ റാറ്റ്‌സിങ്ങർ 

‘വിശ്വാസം, സത്യം, സഹിഷ്ണുത’ എന്നൊരു ഗ്രന്ഥം വിശ്വാസ തിരുസംഘത്തിന്റെ തലവനായിരിക്കെ 2003 -ൽ ബനഡിക്ട് മാർപാപ്പ പ്രസിദ്ധീകരിച്ചിരുന്നു. ‘ക്രിസ്തുമതവും ലോകമതങ്ങളും’ എന്നായിരുന്നു അതിന്റെ വിശദീകരണമായി രണ്ടാമതായി കൊടുത്ത പേര്. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരുമായ ചില ദൈവശാസ്ത്രജ്ഞർ ‘ബഹുസ്വര ദൈവശാസ്ത്രം’ എന്നൊരു പുതിയ ദൈവശാസ്ത്ര വിശദീകരണത്തിനു തുടക്കമിടുകയും ആഗോളമായി അതിന് പ്രചാരം ലഭിക്കുകയും ചെയ്ത് സമയത്താണ് കർദ്ദിനാൾ റാറ്റ്‌സിങ്ങർ ‘വിശ്വാസം, സത്യം, സഹിഷ്ണുത’ എന്ന പുസ്തകം എഴുതുന്നത്. മറ്റു മതങ്ങളുടെ ദൈവശാസ്ത്ര ദർശനങ്ങളും പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ ദർശനങ്ങളും ചർച്ച ചെയ്യുന്നിടങ്ങളിലാണ് കൂടുതലായും സത്യത്തിന്റെ പ്രതിഫലനങ്ങളെക്കുറിച്ചും മനഃസാക്ഷിയെക്കുറിച്ചും ബെനഡിക്ട് മാർപാപ്പ പ്രധാനമായും വിശദീകരിക്കുന്നത്. സത്യത്തെ പാർശ്വവത്ക്കരിക്കുന്ന ഇന്നത്തെ പ്രവണതയെക്കുറിച്ച് തീവ്രമായ നിലപാടോടെ മാർപാപ്പ പലപ്പോഴും സംസാരിച്ചിട്ടുണ്ട്; ഈ ഗ്രന്ഥത്തിൽ എഴുതുകയും ചെയ്തു.

സത്യത്തിന്റെ സാക്ഷികളാകുന്നതിൽ മനുഷ്യർ ഇന്ന് പരജയപ്പെടുന്നുവെന്ന്  മാർപാപ്പ പറയുന്നു. ദൈവത്തെക്കുറിച്ചുള്ള സത്യം മനുഷ്യന് മനസിലാക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന്, ഉണ്ട്; സാധിക്കും എന്നാണ് ബനഡിക്ട് മാർപാപ്പയുടെ ഉത്തരം. മതചരിത്രത്തിന്റെയും മതാനുഭവത്തിന്റെയും വെളിച്ചത്തിൽ സത്യത്തെക്കുറിച്ചു സംസാരിക്കാനും ക്രിസ്തുവിൽ ഈ സത്യം ദർശിക്കാനാകുമെന്ന് പഠിപ്പിക്കാനുമാണ് ബെനഡിക്ട് മാർപാപ്പ ശ്രമിക്കുന്നത്.
എല്ലാ പാർട്ടികളെയും

രാഷ്ട്രീയത്തിൽ തുല്യമായി കാണുന്ന ഒരു രാഷ്ട്രീയ ബഹുസ്വരത പോലെ ലോകമതങ്ങളെ വിശ്വാസികൾ കാണരുതെന്ന് മാർപാപ്പ ഉത്ബോധിപ്പിക്കുന്നു. ജനാധിപത്യം സഭയിലും സ്വാഭാവികമാകുമ്പോൾ വിശ്വാസ സത്യങ്ങൾ രാഷ്ട്രീയത്തിൽ നടക്കുന്നതുപോലെ ജനാധിപത്യ രീതിയിൽ സംഭവിക്കേണ്ടതല്ല എന്നും മാർപാപ്പ സൂചിപ്പിക്കുന്നു.

സത്യമതമായ ക്രിസ്തുമതം 

ക്രിസ്തുമതം സത്യമായ മതമാണെന്നും കത്തോലിക്കാ സഭ ഈ സത്യമതത്തെ പ്രതിനിധീകരിക്കുന്നുവെന്നും മാർപാപ്പ വിശ്വസിക്കുന്നു. യുക്തി ഉപയോഗിച്ചും ബുദ്ധി ഉപയോഗിച്ചും സത്യത്തിലേക്ക് വരാമെന്നും ബെനഡിക്ട് മാർപാപ്പ പറയുന്നു.
ദൈവം സ്നേഹമാണെന്നും സഹിഷ്ണുത നമ്മുടെ അടിസ്ഥാന ഭാവമാണെന്നും മാർപാപ്പ പഠിപ്പിക്കുന്നു. ക്രൈസ്തവ മതതീവ്രവാദികൾ മാർപാപ്പയുടെ ഈ നിലപാടിനെ ദുർവ്യാഖ്യാനിച്ചുകൊണ്ട് മാർപാപ്പയെയും തങ്ങളുടെ ഭാഗത്താക്കാനുള്ള ശ്രമം പലപ്പോഴും കാണാറുണ്ട്. ക്രൈസ്തവർ അവരുടെ വിശാസത്തിന്റെ വെളിച്ചത്തിൽ കാണേണ്ട നിലപാടായി ക്രൈസ്തവരോടു മാത്രം പറയുന്ന ആശയവും പ്രസ്താവനയുമാണ് അതെന്ന് ഓർക്കണം. അക്രൈസ്തവരോട് സംവാദമാണ് നടത്തുക. മുൻവിധിയോടെയോ, അവർക്ക് അസ്വീകാര്യമായ അവകാശവാദത്തോടെയോ അല്ല സംവാദത്തിന് പോകുന്നത്.

സത്യവും സ്നേഹവും

“സത്യവും സ്നേഹവും പൊരുത്തപ്പെടുമ്പോഴേ മനുഷ്യന് സന്തോഷവാനായിരിക്കാൻ സാധിക്കൂ. സത്യം സ്വതന്ത്രമാക്കും” (ബെനഡിക്ട് മാർപാപ്പ). വേർതിരിക്കാനാകാത്ത വിധം സത്യവും സ്നേഹവും ഒന്നിച്ചുചേരുന്നു. സ്വാതന്ത്ര്യം സ്നേഹത്തോട് ചേർന്നുപോകുന്നു. സ്നേഹമില്ലാതെ സത്യമില്ല; സനേഹമില്ലാത്ത സത്യം സത്യമല്ല. സത്യം, സ്നേഹം, സ്വാതന്ത്ര്യം എന്നീ മൂന്ന് യാഥാർത്ഥ്യങ്ങൾ ഒരുമിച്ചു കാണാനും പരസ്പരബന്ധം മനസിലാക്കാനുമുള്ള വിശാലദർശനം എത്രയോ മഹനീയം. സത്യമുള്ളിടത്ത് സ്നേഹവും സ്നേഹമുള്ളിടത്ത് സ്വാതന്ത്ര്യവും ഉണ്ടാകും.

സത്യത്തിനു വേണ്ടിയുള്ള ദാഹം 

സത്യം കണ്ടെത്താൻ പ്രാപ്തിയുള്ളവൻ മാത്രമല്ല, സത്യത്തിനായി ദഹിക്കുന്നവനുമാണ് മനുഷ്യൻ എന്ന് ബെനഡിക്ട് മാർപാപ്പ പറയുന്നു. 2012 -ലെ ലോകസമാധാന ദിനത്തിൽ മാർപാപ്പ എഴുതി: ‘ജീവിതത്തിന്റെ അർത്ഥം തേടാനും അനന്തതക്കും സത്യത്തിനുമായും മനുഷ്യഹൃദയം തുടിക്കുന്നു’ എന്നും. സ്നേഹത്തിലും ദൈവബന്ധത്തിലും മാത്രമേ സത്യം ഗ്രഹിക്കാൻ സാധിക്കുകയുള്ളൂ എന്നും മാർപാപ്പ പഠിപ്പിച്ചു.

ദൈവശാസ്ത്രവും മറ്റു ശാസ്ത്രങ്ങളും

ദൈവശാസ്ത്രം മറ്റു ശാസ്ത്രങ്ങളെപ്പോലെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് വളരുന്നതും വികസിക്കുന്നതുമായ ശാസ്ത്രശാഖയാണ് എന്ന് ബെനഡിക്ട് മാർപാപ്പ വ്യക്തമാക്കി. ദൈവശാസ്ത്രത്തെ മറ്റു ശാസ്ത്രങ്ങളിൽ നിന്നും വേർതിരിക്കുന്ന പ്രധാന ഘടകം വിശ്വാസമാണ്. വിശാസിക്കുന്നവനും വിശ്വാസമുണ്ടെങ്കിൽ മാത്രമേ ദൈവശാസ്ത്രത്തിനു പ്രസക്തിയുള്ളൂ എന്ന് ബെനഡിക്ട് മാർപാപ്പ പറയുന്നു.

വിശ്വാസവും സത്യവും

കർത്തവ്യ നിർവ്വഹണത്തിനും, സത്യത്തിനും, ലോകത്തു പ്രശോഭിക്കാനും, ഫലം നൽകാനും മനുഷ്യരെ സത്യത്തിന്റെ പാതയിലൂടെ നയിക്കാനും, വിശ്വാസത്തിന്റെ വെളിച്ചം ആവശ്യമാണ്. ദൈവവചനത്തോടും ക്രിസ്തുവിനോടുമുള്ള വിധേയത്വവും അനുസരണയും ഒപ്പമുണ്ടാകണം. അവസരവാദികൾക്ക് ദൈവശാസ്ത്രജ്ഞരാകാൻ കഴിയില്ല എന്ന മാർപാപ്പയുടെ നിലപാട് എന്നെ ഏറെ ആകർഷിച്ചു.

വെളിപാടുകൾ

ദൈവവചനം ദൈവശാസ്ത്ര ദർശനങ്ങൾക്കും ചിന്തകൾക്കും മുൻപിലും മുൻഗണനയിലുമാണ്. ദൈവവചനത്തിലൂടെ ദൈവിക വെളിപാടുകൾ വെളിപ്പെടുമെന്നതും വെളിപാടുകളിലൂടെ ദൈവികസത്യങ്ങൾ ഗ്രഹിക്കാൻ മനുഷ്യനാകുമെന്നുമുള്ള വിശ്വാസവുമാണ് ഇതിന് അടിസ്ഥാനം. വെളിപാട് ബൈബിളിലെ വാക്യങ്ങളോ, പ്രസ്താവനകളോ, വിശദീകരണങ്ങളോ അല്ല. വെളിപാട് നടന്നതും നടക്കുന്നതും തുടരുന്നതുമായ സംഭവങ്ങളാണ്. ദൈവാശാസ്ത്ര സത്യങ്ങൾ വിശാസത്തിലൂടെ മാത്രമേ ഉൾക്കൊള്ളാനാകൂ എന്ന വ്യക്തമായ നിലപാട് ബെനഡിക്ട് മാർപാപ്പക്ക് ഉണ്ടായിരുന്നു.

യുക്തിയും ബുദ്ധിയും

“ബുദ്ധിമാന്മാർ സാധാരണക്കാരെ വിലയിരുത്തരുത്; സാധാരണക്കാരാണ് ബുദ്ധിമാന്മാരെ വിലയിരുത്തേണ്ടത്” എന്ന ബെനഡിക്ട് മാർപാപ്പയുടെ പ്രസ്താവന വളരെ അർത്ഥവത്താണ്. യുക്തിയും ദൈവശാസ്ത്രവും തമ്മിലുള്ള ബന്ധവും സംവാദവും മാർപാപ്പ തുടരെ ഓർമ്മിപ്പിച്ചിരുന്നതും വിശദീകരിച്ചിരുന്നതുമായ വിഷയമാണ്. യുക്തിയില്ലാതെ വിശ്വാസം പ്രഘോഷിക്കാൻ ശ്രമിച്ചാൽ അത് മൗലികവാദത്തിലേക്ക് നയിക്കുമെന്ന് മാർപാപ്പ അർത്ഥശങ്കയില്ലാതെ പറയുന്നു.

ഫാ. ജോസഫ് പാണ്ടിയപ്പള്ളിൽ MCBS 

(തുടരും…)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.