മഹാനായ മാർപ്പാപ്പ -14: ബാലപീഡകളെക്കുറിച്ചുള്ള പഠനവും വിവാദവും

ഫാ. ജോസഫ് പാണ്ടിയപ്പള്ളിൽ MCBS

വത്തിക്കാനിൽ അതുവരെ രഹസ്യമായി വച്ചിരുന്ന രേഖകൾ പലതും പരസ്യമാക്കുകയും സുതാര്യത എല്ലാ മണ്ഡലങ്ങളിലും പ്രകടമാക്കുകയും ചെയ്ത് പിതാവാണ് ബനഡിക്ട് മാർപ്പാപ്പ. താൻ സ്ഥാനത്യാഗം ചെയ്തതിന്റെ കാരണം പ്രായാധിക്യമായി പറയുമ്പുമ്പോൾ പലതും പഴയതുപോലെ കൃത്യമായും വ്യക്തമായും നിറവേറ്റുന്നതിൽ വന്ന പ്രയാസമാകും അടിസ്ഥാനകാരണം. ബാലപീഡകൾ ലോകത്തെല്ലായിടത്തും പലതരത്തിൽ പല സമൂഹങ്ങളിലും നടക്കുന്നുണ്ട്. കുട്ടികൾക്ക് വേണ്ടിയുള്ള സംഘടനകളിലും ക്ലബ്ബ്കളിലുമാണ് കൂടുതൽ പീഡനങ്ങൾ നടക്കുന്നത്. എന്നാൽ ഇത്തരം അക്രമങ്ങൾ പ്രൊഫഷണലായും സുതാര്യമായും അന്വേഷിക്കാനും സ്വന്തം ചിലവിൽ നിഷ്പക്ഷമെന്ന് പൊതുസമൂഹം വിലയിരുത്തുന്ന അന്വേഷണ കമ്മീഷനെ നിയമിക്കാനും തയാറായ പ്രസ്ഥാനമാണ് കത്തോലിക്കാസഭ. അതിനായി ധീരമായ തീരുമാനവും നിലപാടും എടുത്തതും അന്വേഷണം ആരംഭിക്കാൻ നിർദേശം കൊടുത്തതും ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയാണ്. കത്തോലിക്കാസഭയിൽ നടന്നിട്ടുണ്ടെന്ന് കേട്ടിട്ടുള്ളത് വീണ്ടും അന്വേഷിക്കാനും കർശന നടപടികൾ എടുക്കാനും ബനഡിക്ട് മാർപ്പാപ്പ പ്രതിജ്ഞാബദ്ധനായിരുന്നു.

എന്നിരുന്നാലും 2022 ജനുവരി 20 ബനഡിക്ട് മാർപ്പാപ്പയുടെ ജീവിതത്തിലെ കറുത്ത ദിനമായിരുന്നു എന്ന് വിശേഷിപ്പിക്കാനാകും. വിവാദവും നിന്ദയും അന്നദ്ദേഹം ഏറ്റുവാങ്ങി. കാൽവരിയിലേക്ക് കുരിശ് ചുമന്ന ക്രൂശിതനെപ്പോലെ തന്റെ വാർദ്ധക്യത്തിൽ സഹനത്തിന്റെ തീച്ചൂളയിലൂടെ അദ്ദേഹം കടന്നുപോയി. ലോകമാസകലമുള്ള മാധ്യമങ്ങൾ വിചാരണ നടത്തുകയും വിധിയെഴുതുകയും ചെയ്തു. ശത്രുക്കളും കാഴ്ചക്കാരും, ചേർന്നുനിന്ന് സ്ഥാനമാനങ്ങൾ പറ്റിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. 1978 മുതൽ 1982 വരെയുള്ള നാലു വർഷങ്ങളിലാണ് കർദിനാൾ റാറ്റ്സിങ്ങർ മ്യൂണിക്ക് രൂപതയുടെ ആർച്ചുബിഷപ്പായിരുന്നത്. ഈ കാലഘട്ടത്തിൽ മ്യൂണിക്കിൽ നിന്നും 630 കിലോമീറ്റർ അകലെയുള്ള എസ്സെൻ രൂപതയിൽ നിന്നും ചികിത്സക്കായി മ്യൂണിക്കിലെത്തിയ പ്രശ്നക്കാരനായ ഒരു വൈദികനെ മ്യൂണിക്ക് രൂപതയിലെ ഒരു പള്ളിയിൽ താമസിപ്പിക്കുകയും ഈ കാലയളവിൽ ഈ ഇടവകയിൽ വികാരിയച്ചന്റെ സഹപ്രവർത്തകനായി ജോലി ചെയ്യുകയും അതിനിടെ വീണ്ടും പ്രശ്നം ഉണ്ടാക്കുകയും ചെയ്തു എന്നാണ് പരാതി.

അതായത് പ്രശ്നക്കാരനായ പുരോഹിതനെ ഒരിടവകയിൽ സഹായിക്കാൻ അനുവദിച്ചത് ശരിയായില്ലെന്നും അതിന്റെ ഉത്തരവാദിത്വം ആ രൂപതയുടെ ബിഷപ്പായിരുന്ന റാറ്റ്സിംഗർ അഥവാ ബെനഡിക്റ്റ് മാർപ്പാപ്പക്ക് ആണെന്നും അത് അതിഗൗരവമായ കുറ്റമാണെന്നും. തനിക്കു ഈ പുരോഹിതന്റെ പ്രശ്നങ്ങളെപ്പറ്റി അറിയില്ലായിരുന്നുവെന്നു ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2010-ൽ രേഖാമൂലം അറിയിച്ചിരുന്നു. അതുപോലെ തന്നെ ബനഡിക്ട് മാർപ്പാപ്പ മ്യൂണിക്ക് അതിരൂപതയിൽ മെത്രാപ്പൊലീത്ത ആയിരുന്ന കാലയളവിൽ അവിടെ വികാരി ജനറലായിരുന്ന ഗ്രുബർ 1980 -ൽ എസ്സനിൽ നിന്നുള്ള വൈദികനെ മ്യൂണിക്കിൽ ജോലിക്കു നിയോഗിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. എന്നാൽ 1980 -ൽ എസ്സനിൽ നിന്നുള്ള പുരോഹിതനെ മ്യൂണിക്കിൽ താമസിപ്പിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്ത മീറ്റിംഗിൽ കർദിനാൾ റാറ്റ്സിംഗർ ഉണ്ടായിരുന്നു എന്ന് ആ മീറ്റിങ്ങിന്റെ മിനിറ്റ്സിൽ എഴുതിവച്ചിട്ടുണ്ടെന്നും അതുകൊണ്ടു കർദിനാൾ റാറ്റ്സിംഗർ അറിഞ്ഞില്ല എന്ന പ്രസ്താവന സാധുകരിക്കുന്നില്ല എന്നും 1945 മുതൽ 2018 വരെ മ്യുണിക്ക് രൂപതയിലെ പുരോഹിതരും പുരോഹിതരല്ലാത്തവരുമായ ശുശ്രൂഷികളെക്കുറിച്ചു ഉണ്ടായിട്ടുള്ള പരാതികൾ വീണ്ടും അന്വേഷിക്കാൻ മ്യൂണിക്ക് രൂപതതന്നെ പ്രതിഫലം കൊടുത്ത് ഏർപ്പെടുത്തിയ Westpfall Spilker Wastl എന്ന സ്വതന്ത്ര ഏജൻസി അവരുടെ 800-ൽ അധികം പേജുള്ള റിപ്പോർട്ടിൽ എഴുതി. (ഈ റിപ്പോർട്ട് ഞാൻ വായിച്ചിട്ടുണ്ട്) 2022 January 20-നാണ് അവരുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

എന്നാൽ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. അത്തരമൊരു മീറ്റിംഗിൽ അവസാനം വരെ കർദിനാൾ പങ്കെടുത്തിരുന്നു എന്നതിനെകുറിച്ചു അറിവില്ല. മിനിട്സിൽ കൃത്യമായി അക്കാര്യം കുറിച്ചിട്ടും ഇല്ല. 2010- ൽ മാർപ്പാപ്പ അന്ന് ആ മീറ്റിങ്ങിൽ പങ്കെടുത്തിരുന്നില്ല എന്ന് മുപ്പത് വർഷങ്ങൾക്ക് ശേഷം പറയുമ്പോൾ 84 വയസ്സുള്ള മാർപ്പാപ്പ 1980- ൽ നടന്ന ഒരു പ്രത്യേക കാര്യത്തിൽ റോമിൽനിന്നും മാർപ്പാപ്പ എന്ന നിലയിലുള്ള ഇതുപോലെയുള്ള ഒരായിരം കാര്യങ്ങൾക്ക് കൊടുത്ത മറുപടികളിൽ ഒന്നാണ് ഇത് എന്നും ഓർമ്മിക്കണം. ഒരേസമയം പുരോഹിതരും അല്ലാത്തവരുമായി ആയിരത്തോളം ഇടവകകളിലായി നാലായിരത്തോളം ജോലിക്കാരുള്ള മ്യൂണിക്ക് രൂപതയിലെ പല തീരുമാനങ്ങളും വികാരി ജനറലോ അതിനും താഴെയുള്ള ഡിപ്പാർട്മെന്റുകളിലോ ആണ് എടുക്കപ്പെടുന്നത് എന്നും മനസിലാക്കണം. മുപ്പതു മുതൽ 450 വരെ പുരോഹിതരുള്ള ഇന്ത്യയിലെ രൂപതകളുടെ പ്രവർത്തനവുമായി മ്യൂണിക്ക് രൂപതയുടെ ഘടനയും പ്രവർത്തനരീതിയും താരതമ്യം ചെയ്യാനാവില്ല. മ്യൂണിക്ക് നഗരത്തിലെ ചില ഇടവകകളിൽ തന്നെ ഇന്ത്യയിലെ പല രൂപതകളിലും ഉള്ളതിലും ജോലിക്കാരും പ്രവർത്തനങ്ങളും വിശ്വാസികളും സാമ്പത്തിക വിനിമയവും ഉണ്ട്. അതുകൊണ്ട് കർദിനാൾ റാറ്റ്സിങ്ങർ ആ മീറ്റിംഗിൽ ഇല്ലായിരുന്നു എന്നെഴുതുകയും മിനിട്സിൽ കർദിനാൾ ആ മീറ്റിങ്ങിൽ പങ്കെടുത്തിരുന്നതായി കുറിക്കുകയും ചെയ്തതിന്റെ വെളിച്ചതിൽ മുഴുവൻ സമയം മീറ്റിംഗിൽ പങ്കെടുത്തിരുന്നുവെന്നോ ഇക്കാര്യം കൃത്യമായി കർദിനാൾ അറിഞ്ഞിരുന്നുവെന്നോ ഉറപ്പില്ല. എന്നുമാത്രമല്ല 2022-ൽ Westpfall Spilker Wastl -ന്റെ റിപ്പോർട്ട് വരുമ്പോൾ ബനഡിക്ട് മാർപ്പാപ്പാക്ക് 95 വയസ് തികയാൻ ഒരു മാസം കൂടിയേ ഉണ്ടായിരുന്നുള്ളു. 80 പേജുള്ള മറുപടി ബനഡിക്ട് മാർപ്പാപ്പ എഴുതുമ്പോൾ അദ്ദേഹത്തിൽ 92 വയസുണ്ട്. ആ മറുപടി മാർപ്പാപ്പ സ്വയം എഴുതിയതല്ല. എഴുതിക്കൊടുത്തവർ അവരുടെ സൂഷ്മതക്കുറവ് സമ്മതിക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ Westpfall Spilker Wastl -ന്റെ റിപ്പോർട്ട് വന്നതേ സഭാവിരുദ്ധർ മാത്രമല്ല സഭയുടെ ഉത്തരവാദിത്തപ്പെട്ടവരിൽ ചിലരും മാർപ്പാപ്പയെ പഴിക്കാനാണ് ശ്രമിച്ചത്. എന്നാൽ വിശ്വാസ തിരുസംഘത്തിന്റെ മുൻ തലവനും ഒരിക്കൽ ജർമ്മനിയിലെ റേഗസ്ബർഗിന്റെ ബിഷപ്പുമായിരുന്ന കർദ്ദിനാൾ ഗെർഹാർഡ്‌ മുള്ളർ, ബെനഡിക്ട് മാർപ്പാപ്പ മ്യൂണിക്കിൽ ആർച്ചുബിഷപ്പായിരുന്ന നാലു വർഷങ്ങളിൽ പിഴവുകൾ ഒന്നും വരുത്തിയിട്ടില്ലെന്ന ഉറച്ച ബോധ്യമുണ്ടെന്നു “Corriere della Sera ” എന്ന പത്രത്തിന് ജനുവരി 21 നു കൊടുത്ത കൊടുത്ത ഇന്റർവ്യൂവിൽ പറഞ്ഞു. എന്നുമാത്രമല്ല ബെനഡിക്ട് മാർപ്പാപ്പക്കു ക്ഷതമേല്പിക്കാൻ താല്പര്യമുള്ള പലരും ജർമനിയിലും ജർമനിക്കു പുറത്തും ഉണ്ടെന്നും ഇതൊക്കെ അതിന്റെ പ്രതിഫലനമാണെന്നും പറഞ്ഞു. പാസ്സാവിലെ ബിഷപ് ഓസ്റ്റെർ മാർപ്പാപ്പ തികച്ചും സത്യാന്വേഷിയും സത്യം മാത്രം പറയുന്നവനും ആണെന്നും 82 പേജുള്ള മാർപ്പാപ്പയുടെ പ്രതികരണം മാർപ്പാപ്പയുടെ കൈയൊപ്പോടുകൂടി എങ്ങനെ തയാറാക്കപ്പെട്ടു എന്നറിയണമെന്നും പ്രസ്താവിച്ചു. മാർപ്പാപ്പയ്ക്ക് 92 വയസ് കഴിഞിരുന്നു 82 പേജുള്ള പ്രതികരണം നൽകുമ്പോൾ. 2022 ജനുവരി 24-നു ബനഡിക്ട് മാർപ്പാപ്പക്കുവേണ്ടി അദ്ദേഹത്തിന്റെ സെക്രെട്ടറി ആർച്ചുബിഷപ്പ് ഗെൻസ് വെയിൻ അന്ന് മീറ്റിംഗിൽ മാർപ്പാപ്പ ഉണ്ടായിരുന്നുവെന്നും, ഇല്ല എന്ന് പറഞ്ഞതു മനപൂർവം ആയിരുന്നില്ലെന്നും തെറ്റു പറ്റിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും പ്രസ്താവിച്ചു.

തൊണ്ണൂറ്റിനാലു വയസ് കഴിഞ്ഞ മാർപ്പാപ്പയ്ക്ക് ഇപ്പോൾ പഴയ കാര്യങ്ങൾ കൃത്യമായി ഓർമ്മയുണ്ടാകണമെന്നില്ല. ഉപദേശകർ കൃത്യമായും പക്വമായും പ്രതികരിക്കാൻ ആവശ്യമായ സഹായം കൊടുക്കുന്നില്ലെന്നോ അവരുടെ സഹായം അപര്യാപ്തമെന്നോ വേണം മനസിലാക്കാൻ. 1946 മുതൽ 2018 വരെയുള്ള കാലയളവിലെ പുരോഹിതരുടെയും മറ്റു ജോലിക്കാരുടെയും കുറ്റകൃത്യങ്ങൾ MHG പഠനത്തിലൂടെ വെളിച്ചത്തുകൊണ്ടുവന്നിരുന്നു. 1946 മുതൽ 2019 വരെയുള്ള കാലയളവിൽ മ്യൂണിക്ക് രൂപതയിൽ ഉണ്ടായ വീഴ്ചകളെ കുറിച്ചാണ് Westpfall Spilker Wastl വീണ്ടും പഠനം നടത്തിയത്. 1945 മുതൽ 2019 വരെയുള്ള കാലയളവിൽ 497 കുറ്റകൃത്യങ്ങളും 235 കുറ്റക്കാരും ഉള്ളതായി കണ്ടെത്തി. ഒരു വർഷം തന്നെ മൂവായിരത്തിലധികം ഇത്തരം കേസുകൾ ജർമ്മനിയിൽ ഫയൽ ചെയ്യുന്നുണ്ടെന്നത് മറുവശം. അവയെകുറിച്ച് പൊതുസമൂഹം മൗനം പാലിക്കുന്നത് സ്വാഭാവികവും.

(തുടരും)

ഫാ. ജോസഫ് പാണ്ടിയപ്പള്ളിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.