പീഡനങ്ങൾക്കു നടുവിലും ക്രൈസ്തവ വിശ്വാസം നെഞ്ചോട് ചേർത്ത് ഒരു നൈജീരിയൻ ക്രിസ്ത്യൻ കുടുംബം

മാംഗ ഒരു നൈജീരിയൻ ക്രൈസ്തവനാണ്. നൈജീരിയ എന്ന രാജ്യത്ത് ഒരാൾ ക്രൈസ്തവനായിരിക്കുക എന്നത് അവരെ അപകടം പിടിച്ച ഒന്നാണ്. ഏതു നിമിഷവും ജീവൻ നഷ്ടപ്പെട്ടേക്കാവുന്നവരാണ് നൈജീരിയയിലെ ക്രൈസ്തവർ. ഓരോ രണ്ടു  മണിക്കൂറിലും ഒരു ക്രിസ്ത്യാനി കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. അത്തരത്തിൽ ഇസ്ലാമിക തീവ്രവാദികളുടെ പീഡനത്തിന് ഇരയാക്കപ്പെട്ട ഒരു വ്യക്തിയായിരുന്നു മാംഗ.

2012 ഒക്‌ടോബർ 2 -ന്, 20 വയസു മാത്രം പ്രായമുള്ള മാംഗ കോളേജ് കഴിഞ്ഞ് വീട്ടിൽ തിരികെയെത്തി. അമ്മ അവർക്കായി വൈകിട്ട് അത്താഴം ഒരുക്കുകയായിരുന്നു. ഏതാണ്ട് ഈ സമയത്താണ് ബൊക്കോ ഹറാം തീവ്രവാദികൾ അവരുടെ ഗ്രാമം ആക്രമിക്കുന്നത്. ആ ആക്രമണത്തോടെ മാംഗയുടെ ജീവിതം മാറിമറിയുകയായിരുന്നു. തീവ്രവാദികൾ മാംഗയുടെ വീട് അതിക്രമിച്ചു കയറി. മാംഗയെയും സഹോദരനെയും പിതാവിനെയും വീടിനു പുറത്തേക്ക് വലിച്ചിഴച്ചു. അമ്മയെയും ഇളയ സഹോദരങ്ങളെയും വീടിനുള്ളിൽ പൂട്ടിയിട്ടു. എന്നിട്ട് അവരോട് ക്രിസ്തുവിനെ തള്ളിപ്പറയാനും ഇസ്ലാമിനെ പ്രഘോഷിക്കാനും ആവശ്യപ്പെട്ടു. ഒരു ക്രിസ്ത്യൻ കുടുംബത്തിലെ മുതിർന്ന വ്യക്തികളെന്ന നിലയിൽ അവർ ആ ആവശ്യത്തെ നിഷേധിച്ചു. അതിന് ആ കുടുംബം നൽകേണ്ടിവന്ന വില വലുതായിരുന്നു.

തീവ്രവാദികൾ മാംഗയുടെ പിതാവിനോട് പറഞ്ഞു, “ക്രിസ്തുവിശ്വാസം തള്ളിപറഞ്ഞില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും.” ഉടൻ തന്നെ അദ്ദേഹം തീവ്രവാദികളോട് തിരിച്ചു ചോദിച്ചു: “നിങ്ങൾ ഞങ്ങളെ കൊന്നാൽ, അതിൽ നിന്ന് നിങ്ങൾക്ക് എന്ത് ലഭിക്കും?” മറുപടിയായി ക്രൂരമായ മർദ്ദനങ്ങളായിരുന്നു അവർക്ക്  നേരിടേണ്ടി വന്നത്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത മർദ്ദനങ്ങൾ… അവർ രക്തത്തിൽ കുളിച്ചു കിടന്നു. മാംഗയെ റൈഫിൾ ബട്ട് കൊണ്ട് ക്രൂരമായി മർദ്ദിച്ചു. പിതാവിനെ കൊലപ്പെടുത്തി. ഈ ഇരുപതുകാരന്റെ കണ്മുൻപിൽ വച്ചാണ് പിതാവിന്റെ തലയറുത്തെടുത്ത് അദ്ദേഹത്തിന്റെ വയറിനു മുകളിൽ തീവ്രവാദികൾ അത് സ്ഥാപിച്ചത്.

പിതാവിനെ കൊലപ്പെടുത്തിയ ശേഷം സഹോദരനോടായി ക്രൂരതകൾ. അവനെയും ക്രൂരമായി മർദ്ദിച്ചു. അവൻ കൊല്ലപ്പെട്ടു എന്ന് അവർ കരുതി. ഇതെല്ലാം നിസ്സഹായതയോടെ നോക്കിനിൽക്കാൻ മാത്രമേ മാംഗയ്ക്കു കഴിഞ്ഞിരുന്നുള്ളൂ. പിന്നെ മാംഗയുടെ ഊഴമായിരുന്നു. “അവർ പല്ലുകളുള്ള മറ്റൊരു കത്തിയെടുത്ത് എന്റെ കഴുത്ത് മുറിക്കാൻ ശ്രമിച്ചു. ഭയാനകമായ ആ നിമിഷത്തിൽ, പ്രാർത്ഥിക്കാനുള്ള ശക്തി കണ്ടെത്താൻ എനിക്ക് കഴിഞ്ഞു. യേശുവിനെ കുരിശിൽ തറച്ചപ്പോൾ അവിടുന്നു ചൊല്ലിയ പ്രാർത്ഥന ഞാനും ഏറ്റുചൊല്ലി. പിതാവേ, ഇവരോട് ക്ഷമിക്കൂ, ഇവർ എന്താണ് ചെയ്യുന്നതെന്ന് ഇവർക്കറിയില്ല” – മാംഗ പറയുന്നു.

ഈ സമയം കൊല്ലപ്പെടുമെന്ന ഉറപ്പായിരുന്നു എങ്കിലും മരിക്കില്ല, ദൈവം തന്നെ വലിയ ഒരു സാക്ഷിയാക്കി മാറ്റുമെന്ന പ്രതീക്ഷ മാംഗയെ വലയം ചെയ്തു. മർദ്ദനങ്ങളുടെ ആധിക്യം പെരുകിയപ്പോൾ മാംഗയുടെ ബോധം പതിയെ മറഞ്ഞുതുടങ്ങി. കാഴ്ച മങ്ങുന്ന കണ്ണുകളാൽ തന്റെ വീടിനു നേരെ ബോംബെറിയുന്ന തീവ്രവാദികളെയാണ് അവൻ കണ്ടത്. എന്നാൽ അമ്മക്കും സഹോദരങ്ങൾക്കും അയൽക്കാരുടെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷപെടാൻ കഴിഞ്ഞു.

തീവ്രവാദികൾ പിൻവാങ്ങിയപ്പോൾ അയൽക്കാർ മാംഗയെ ആശുപത്രിയിലെത്തിച്ചു. രക്തം വാർന്ന് വളരെ ഗുരുതരമായ അവസ്ഥയിലാണ് മാംഗയെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ദൈവത്തിന്റെ വചനം പ്രഘോഷിക്കാനും അവിടുത്തേക്ക് സാക്ഷിയാകാനുമാണ് ദൈവം തന്നെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതെന്ന് മാംഗ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.